കുവൈത്ത്: മലയാളികളുൾപ്പെടെ നൂറു കണക്കിന് അനധികൃത താമസക്കാരെ പിടിയിലാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയ സുരക്ഷാ വിഭാഗം. കുവൈത്തിൽ നടന്ന മിന്നൽ പരിശോധനയിലാണ് താമസ രേഖയില്ലാത്തതിനെ തുടർന്ന് മലയാളികളുൾപ്പെടെയുള്ള അനധികൃത താമസക്കാരെ സുരക്ഷാവിഭാഗ ഉദ്യോഗസ്ഥർ പിടികൂടിയത്. പിടിയിലായതിൽ ഒട്ടേറെ ഇന്ത്യക്കാർക്ക് മതിയായ താമസ രേഖകളില്ല.

രാജ്യത്തിന്റെ വിവിധ മേഖലകളിലായി 118 പരിശോധനാകേന്ദ്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളതെന്നും ആഭ്യന്തരമന്ത്രാലയം സുരക്ഷാമേധാവി അറിയിച്ചു. അനധികൃത കുടിയേറ്റക്കാർക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിട്ടുപോകുന്നതിന് അനുവദിച്ച പൊതുമാപ്പ് കാലാവധി ഏപ്രിൽ 22ന് അവസാനിച്ചിരുന്നു. പൊതുമാപ്പ് ആനുകൂല്യം 55,177 പേർ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ പേർ ഇനിയും ശേഷിക്കുന്നതായാണ് ആഭ്യന്തര മന്ത്രാലത്തിന്റെ കണക്ക്.

പൊതുമാപ്പ് കാലയളവിൽ 34,452 വിദേശികൾ രാജ്യം വിട്ടുപോയി. അതേസമയം 20,725 വിദേശികൾ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരുന്നുണ്ട്. മുപ്പതിനായിരത്തോളം ഇന്ത്യക്കാരാണ് അനധികൃത താമസക്കാരായുണ്ടായിരുന്നത്. ഇവരിൽ 11,000 പേർ എംബസി വഴി ഔട്ട്പാസ് വാങ്ങി രാജ്യം വിട്ടു. അയ്യായിരത്തോളം പേർ താമസരേഖ നിയമവിധേയമാക്കിയെന്നും ഇന്ത്യൻ എംബസി അധികൃതർ പറഞ്ഞു.

നിയമലംഘകരെ സംരക്ഷിക്കുന്നതും തൊഴിലോ അഭയമോ നൽകുന്നതും ഗൗരവമേറിയ കുറ്റകൃത്യമാണെന്നും കടുത്ത ശിക്ഷ ലഭിക്കുമെന്നും രാജ്യത്താകെയുള്ളവർക്ക് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.