കുവൈത്ത്: ബി.എൽ.എസ് ഇന്റർനാഷണൽ സർവീസുമായുള്ള മൂന്ന് വർഷത്തെ കരാർ അവസാനിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസി പാസ്‌പോർട്ട്, വിസ സേവനകേന്ദ്രങ്ങളുടെ നടത്തിപ്പ് കരാർ പുതിയ കമ്പനിക്ക് നൽകിയതായി ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അൽഖബസ് അഷൂറക്‌സ് ജനറൽ ട്രേഡിങ് ആന്റ് കോൺട്രാക്റ്റിങ് കമ്പനിയുമായി സഹകരിച്ച് കരാർ ഏറ്റെടുത്ത കോക്‌സ് ആന്റ് കിങ്‌സ് ഗ്‌ളോബൽ സർവീസ് ഞായറാഴ്ച മുതലാണ് ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുക.

എംബസിയിലെ തിരക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ശർഖ്, ഫഹാഹീൽ ശാഖകൾക്കുപുറമെ ജലീബ് അൽശുയൂഖിലും സേവനകേന്ദ്രമുണ്ടാവും. കൂടാതെ ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിൽ പുതിയ സെന്റർ ആഗസ്ത് മൂന്നിന് പ്രവർത്തമാരംഭിക്കും.

കുവൈത്ത് സിറ്റിയിൽ ഷർഖ് ബഹ്ബഹാനി ടവറിലെ 17#ാ#ം നിലയിലും ഫഹാഹിൽ മക്ക സ്ട്രീറ്റിൽ വൈസ് അൽഗാനിം കോംപ്ലൂക്‌സിലെ നാലാം നിലയിലും അബ്ബാസിയ ടെലികമ്യൂണിക്കേഷൻ സെന്ററിനു മുന്നിലുള്ള എക്‌സൈറ്റ് ബിൽഡിങ്ങിലെ രണ്ടാം നിലയിലുമായിട്ടാണ് ആഗസ്ത് മൂന്ന് മുതൽ സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് നാല് മുതൽ രാത്രി എട്ട് വരെയുമാണ് സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കുക.

അതേസമയം നിലവിലുള്ള സർവീസ് ചാർജുകളിൽ പുതിയ കരാർ കമ്പനി കുറവ് വരുത്തിയിട്ടുള്ളതായും സ്ഥാനപതി അറിയിച്ചു. പാസ്‌പോർട്ട് സർവീസുകൾക്ക് അധികചാർജ് 1.5 കുവൈത്ത് ദിനാറിൽ നിന്ന് 1.2 ആയി കുറവ് വരുത്തിയിട്ടുണ്ട്.

വിസ സർവീസുകൾക്ക് നിലവിലുള്ള അഞ്ച് ദിനാറിൽ നിന്ന് 3.25 ദിനാറായി കുറച്ചു. ഈ നിരക്കുകൾ അടുത്ത മൂന്ന് വർഷത്തേക്ക് തുടരും. എന്നാൽ ചില അടിയന്തരഘട്ടങ്ങളിൽ ഇന്ത്യൻ എംബസിയെ സമീപിച്ചാൽ എല്ലാവിധ സർവീസുകളും ലഭിക്കുന്നതാണെന്നും സ്ഥാനപതി സുനിൽ കെ. ജയിൻ വ്യക്തമാക്കി.

ഇന്ത്യൻ എംബസ്സിയുടെ പുതിയ അറ്റസ്റ്റേഷൻ സർവീസ് ചാർജുകൾ
സ്‌പോൺസർഷിപ്പ് അഫിഡവിറ്റ് (3.250 ദിനാർ), വിവാഹ സർട്ടിഫിക്കറ്റ്  രണ്ടു ഭാഷകളിൽ (6.250), കുട്ടികളുടെ രക്ഷിതാക്കളുടെ സ്‌പെസിമെൻ അഫിഡവിറ്റ് (3.250), പെൻഷൻകാരുടെ ലൈഫ് സർട്ടിഫിക്കറ്റ് (സൗജന്യം), താമസ നിയമമാറ്റത്തിനുള്ള സത്യവാങ്മൂലം (3.250), അടിയന്തര അവധിക്കുള്ള സത്യവാങ്മൂലം (3.250), മരണ സർട്ടിഫിക്കറ്റ് (സൗജന്യം), ഡ്രൈവിങ് ലൈസൻസ്  രണ്ടു ഭാഷകളിൽ (6.250), ബന്ധുത്വ സർട്ടിഫിക്കറ്റ്  രണ്ടു ഭാഷകളിൽ (6.250), വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന യഥാർഥ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ നടപടികൾ (പേജിന് 3.250), ബന്ധുത്വമില്ലെന്നു തെളിയിക്കുന്നതിനു രണ്ടു ഭാഷകളിലുള്ള സർട്ടിഫിക്കറ്റ് (6.250) ബന്ധുത്വമില്ലെന്നതിന്റെ സത്യവാങ്മൂലം (6.500), പവർ ഓഫ് അറ്റോർണി  ഒരു ഒപ്പ് (6.250) രണ്ടെണ്ണം (9.500), പരിഭാഷ സാക്ഷ്യപ്പെടുത്തൽ (പേജിന് 3.250), ഡിഗ്രി സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ പേജിന് (3.250) വാണിജ്യ രേഖ സാക്ഷ്യപ്പെടുത്തൽ (പേജിനു 15.300), പൊതു സാക്ഷ്യപ്പെടുത്തൽ (പേജിനു 3.250). സേവനനിരക്കിനു പുറമേ ഇന്ത്യൻ കമ്യൂണിറ്റി ക്ഷേമനിധിയിലേക്ക് 500 ഫിൽസും നൽകണം

കോൺസുലർ സാക്ഷ്യപ്പെടുത്തൽ സേവനം എംബസിയിൽ മാത്രമേ ലഭ്യമാകൂ എന്നും അധികൃതർ വ്യക്തമാക്കി. ഏതെങ്കിലും സംഘടനകളെയോ ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളെയോ അതിനായി ചുമതലപ്പെടുത്തിയിട്ടില്ല. കോൺസുലർ സാക്ഷ്യപ്പെടുത്തലിനുള്ള അപേക്ഷ ഞായർമുതൽ വ്യാഴംവരെ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ വൈകിട്ട് 5.30 വരെ സ്വീകരിക്കും. 45 മിനിറ്റിനകം നടപടി പൂർത്തിയാക്കി തിരികെ ലഭിക്കും.

കുവൈത്തിൽ മൂന്നിടങ്ങളിൽ നിലവിൽവരുന്ന ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങളിൽ പാസ്‌പോർട്ട് സേവനത്തിന് 1.200 ദിനാറും വീസാ സേവനത്തിനു 3.250 ദിനാറുമാണു നിരക്ക്. മറ്റു സേവനനിരക്കുകൾ ഇപ്രകാരം: ഫോട്ടോകോപ്പി (പേജിനു 100 ഫിൽസ്), ഫോട്ടോ (നാലെണ്ണത്തിനു 2.750 ഫിൽസ്), ഇന്റർനെറ്റ് കിയോസ്‌ക് (ഒരു ദിനാർ), എസ്എംഎസ് സേവനം (400 ഫിൽസ്), കൊറിയർ സേവനം (ഇന്ത്യക്കാർക്ക് 1.250 ദിനാർ, വിദേശികൾക്ക് 4.500 ദിനാർ), ഫോം പൂരിപ്പിക്കുന്നതിനുള്ള സഹായം (ഇന്ത്യക്കാർക്ക് ഒരു ദിനാർ, വിദേശികൾക്ക് മൂന്നുദിനാർ)