രാജ്യത്തെ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് കുത്തനെ ഉയർത്തി. പ്രതിവർഷം 60 ദിനാറുണ്ടായിരുന്ന തുക 130 ദിനാർ ആയി ആണ് കൂട്ടുന്നത്. ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ വിദേശികൾക്കായി പ്രത്യേക ആശുപത്രികൾ നിലവിൽ വരുന്നതോടെ ഫീസ് വർധന പ്രാബല്യത്തിലാകുമെന്നു ഹെൽത്ത് ഇൻഷുറൻസ് ആശുപത്രി കമ്പനി (ദമാൻ) സിഇഒ ഡോ.അഹമ്മദ് അൽ സാലെ അറിയിച്ചു.

ആരോഗ്യ ഇൻഷുറൻസ് കമ്പനിയുടെ കീഴിൽ അഹമ്മദിയിൽ പണിയുന്ന ആദ്യ ആശുപത്രിയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ആശുപത്രി നിർമ്മിക്കുന്നത്.. സ്വകാര്യമേഖലയിലുള്ള 20 ലക്ഷത്തോളം വിദേശികൾക്കും ബന്ധുക്കൾക്കും ആരോഗ്യ ഇൻഷുറൻസ് ആശുപത്രി ഗുണം ചെയ്യും. ഫർവാനിയ, ജഹ്റ എന്നിവിടങ്ങളിലും ആശുപത്രികൾ പണിയും. 12 മെഡിക്കൽ സെന്ററുകളും ആരംഭിക്കും. അഹമ്മദി ആശുപത്രി 2020ൽ പൂർത്തിയാക്കാനാണു തീരുമാനം.