കുവൈറ്റ് സിറ്റി: ജീവനക്കാർക്കുള്ള ശമ്പളം നൽകുന്നതിൽ കാലതാമസം വരുത്തുന്ന തൊഴിൽ ഉടമകൾ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെ തൊഴിൽ നിയമത്തിൽ പൊളിച്ചെഴുത്തുമായി മന്ത്രാലയം എത്തുന്നു. നിർദിഷ്ട തിയതിക്കുള്ളിൽ തൊഴിലാളികൾക്ക് ശമ്പളം നൽകിയില്ലെങ്കിൽ ഒരു ശതമാനം നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ഭേദഗതികളാണ് തൊഴിൽ നിയമത്തിൽ വരുത്താൻ ഉദ്ദേശിക്കുന്നത്.

അഞ്ച് തൊഴിലാളികളിൽ കൂടുതലുള്ള സ്ഥാപനങ്ങൾ തൊഴിലാളികളുടെ വേതനം സംബന്ധിച്ച വിവരങ്ങൾ സർക്കാരിനെ അറിയിക്കാനും വേതനം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ഏർപ്പെടുത്തുന്നതും അടക്കമുള്ള ഭേദഗതികളെക്കുറിച്ച് പാർലമെന്റിന്റെ ആരോഗ്യ സാമൂഹ്യകാര്യ, തൊഴിൽസമിതികൾ ചർച്ച ചെയ്തു. അഞ്ചിൽ കൂടുതൽ ജീവനക്കാരുണ്ടെങ്കിൽ ശമ്പളം ബാങ്ക് വഴിയായിരിക്കണം നൽകേണ്ടത്. ബാങ്ക് വഴി പണം നൽകണമെന്ന നിബന്ധനയിൽ നിന്ന ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ടായിരിക്കും.

ആദ്യത്തെ തൊഴിലുടമയിൽ നിന്ന് ഒളിച്ചോടി മറ്റൊരു സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്യവേ പിടിയിലാകുന്നവരെ സ്വദേശത്ത്ക്ക് അയയ്ക്കുന്നതിനുള്ള ചെലവ് ആദ്യ സ്‌പോൺസറിൽ നിന്ന് ഈടാക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം ഒളിച്ചോടിയ ജീവനക്കാരനെതിരേ ആദ്യസ്‌പോൺസർ പരാതി നൽകിയിട്ടുണ്ടെങ്കിൽ രണ്ടാമത്തെ സ്‌പോൺസർ ഇയാളുടെ യാത്രാ ചെലവുകൾ വഹിക്കണം. തൊഴിൽ നിയമത്തിൽ മാറ്റാനുദ്ദേശിക്കുന്ന വിവിധ ഭേദഗതികളെകുറിച്ച് ചർച്ചകൾ തുടരുകയാണ്.