കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാസംക്കാരിക രംഗത്തെ പ്രശസ്തനും ചിത്രകലാ ആധ്യാപകനുമായ മലയാളിക്കെതിരെ പീഡനാരോപണം. സ്വന്തം പേരിനൊപ്പം നാട്ടിലെ പ്രശസ്ത കലാസ്ഥാപനത്തിന്റെ പേര് ചേർത്ത് ചിത്രകലാസ്ഥാപനം നടത്തിയിരുന്ന ആൾ പത്ത് വയസ്സുള്ള പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. തന്റെ പക്കൽ ചിത്രകല പഠിക്കാനെത്തിയ കുട്ടിയെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് പരാതി.

പെൺകുട്ടിയുടെ മാതാപിതാക്കൾ വഴിയാണ് സംഭവം പുറംലോകം അറിഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ ഭാവിയെ കുറിച്ചോർത്തും അന്യനാട്ടിൽ കേസിന് പോയാലുള്ള നൂലാമാലകളെ കുറിച്ചും ഓർത്ത് കുട്ടിയുടെ രക്ഷിതാക്കൾ കേസ് നൽകാൻ തയ്യാറായില്ല. കുട്ടിയുടെ പിതാവ് തന്റെ അടുത്ത സുഹൃത്തായ നിജാസ് കാസിം എന്ന പത്ര പ്രവർത്തകനോടാണ് സംഭവം തുറന്ന് പറഞ്ഞത്. എന്നാൽ നിജാസ് നിർബന്ധിച്ചെങ്കിലും ഇവർ കേസിനു പോവാൻ തയ്യാറായില്ല.

തിരുവനന്തപുരം സ്വദേശിയായ ചിത്രകലാധ്യാപകനാണ് പീഡനാരോപിതൻ. ഇയാൾ കുട്ടിയെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. അദ്ധ്യാപകന്റെ പെരുമാറ്റം അതിരു വിട്ടപ്പോൾ ക്ലാസിൽ നിന്നിറങ്ങിയ കുട്ടി പൊട്ടികരഞ്ഞു. ഇതോടെ കുട്ടി ക്ലാസിൽ പോകുന്നതും നിർത്തി. പിന്നീട് അച്ഛന്മമാർ ചോദിച്ചപ്പോഴാണ് കുട്ടി ഇക്കാര്യം വീട്ടിൽ പറഞ്ഞത്. എന്നാൽ കുട്ടിയുടെ വീട്ടുകാർ കേസിന് പോകാൻ തയ്യാറായില്ല. ഒടുവിൽ അടുത്ത സുഹൃത്തായ നിജാസിനോട് സംഭവം പറയുകയായിരുന്നു. എന്നാൽ നിജാസ് എത്ര നിർബന്ധിച്ചിട്ടും ഇവർ കേസുമായി മുന്നോട്ട് പോകാൻ തയ്യാറായില്ല. പത്തു വയസ്സുകാരിയായ മകളുടെ ഭാവിയും കേസുണ്ടായാലുള്ള പൊല്ലാപ്പുകളുമായിരുന്നു പ്രശ്‌നം.

എന്നാൽ നിജാസ് ഇത് കുവൈറ്റിലെ സാംസ്കാരിക പ്രവർത്തകർക്കിടയിൽ ചർച്ചയാക്കി. കുട്ടി പീഡനത്തിനിരയായ വിവരം പുറത്ത് വന്നതോടെ ഇയാളിൽ നിന്നും സമാന അനുഭവം തങ്ങളുടെ കുട്ടികൾക്കും നേരിട്ടിട്ടുള്ളതായി വ്യക്തമാക്കി നിരവധി കുട്ടികളുടെ രക്ഷിതാക്കളും രംഗത്തെത്തി. സംഭവം രക്ഷിതാക്കൾക്കിടയിൽ വൻ വിവാദമായതോടെ കേരളാ ആർട്‌സ് ലൗവേഴ്‌സ് അസോസിയേഷൻ പീഡനാരോപിതനേയും രക്ഷിതാക്കളെയും ചർച്ചയ്ക്കു വിളിച്ചു. എന്നാൽ ഗുരുവെന്ന വാത്സല്യത്താലാണ് താൻ കുട്ടിയെ ചുംബിച്ചതെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. എന്നാൽ കുട്ടി സംഭവം വിവരിച്ചപ്പോൾ ഇയാൾ പീഡിപ്പിച്ചതായി കുറ്റ സമ്മതം നടത്തുകയും ചെയ്തു. പൊലീസിന് കൈമാറാം എന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാൽ കേസിന്് പോകാൻ പെൺകുട്ടിയുട വീട്ടുകാർക്ക് ഭയമായിരുന്നു.

സാമൂഹ്യ പ്രവർത്തകരും മാധ്യമ പ്രവർത്തകരും ആരോപിതൻ കുറ്റം സമ്മതിച്ച സമയത്ത് അയാളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ വേണ്ടതെല്ലാം ചെയ്യാമെന്ന് ഉറപ്പ് നൽകിയിട്ടും ഇരയാക്കപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ അതിന് തയ്യാറായില്ല. അയാൾ ഇനി കുവൈത്തിൽ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നത് നിർത്തിയാൽ മാത്രം മതിയെന്നും നിയമത്തിന്റെ മുന്നിൽ കുട്ടിയെയോ സ്വയമോ വരാൻ തയ്യാറല്ല എന്നും രക്ഷിതാക്കൾ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇയാളെ നാട്ടിലേക്ക് കടത്താൻ തീരുമാനം എടുത്തത്.

നാട്ടിലെ പ്രമുഖ കലാ സാസംസ്‌ക്കാരിക സംഘടനയുടെ പേര് സ്വന്തം പേരിനൊപ്പം ചേർത്ത് ചിത്രകലാധ്യാപനം നടത്തിയിരുന്ന ഇയാൾ മാസം തോറും ലക്ഷക്കണക്കിന് രൂപയാണ് ഇവിടെ നിന്നും സമ്പാദിച്ചിരുന്നത്. എന്നാൽ ഇവിടെയുള്ളവർ നാട്ടിലുള്ള ഈ സംഘടനയുമായി ബന്ധപ്പെട്ടപ്പോൾ ഇയാൾക്ക് ആ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് അവർ പറഞ്ഞു. നാട്ടിൽ തിരികെ എത്തിയ ഇയാൾ ഇവിടെയും പുതിയ സ്ഥാപനം കുട്ടികൾക്കായി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഇൻവിറ്റേഷൻ ലെറ്റർ കുവൈറ്റിലെ സാസംക്കാരിക പ്രവർക്കർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇയാളെ നാടുകടത്തിയതിന് പിന്നാലെ കുവൈറ്റിൽ നഴ്‌സായിരുന്ന ഇയാളുടെ ഭാര്യയും നാട്ടിലേക്ക് പോന്നു.

കുട്ടികളെ ഇത്രയും ക്രൂരമായി ചൂഷണം ചെയ്ത ഇയാളെ നിയമത്തിന് വിട്ടുകൊടുക്കാതെ നാട്ടിലേക്ക് അയച്ചതിൽ പല രക്ഷിതാക്കളും എതിർപ്പ് പ്രകടിപ്പിച്ചു. അതിനിടയിൽ ചില മാധ്യമ പ്രവർത്തകർ തങ്ങളുടെ സോഷ്യൽ മീഡിയാ പേജിലൂടെ ഇതു വാർത്തയാക്കി. ഈ ഫേസ്‌ബുക്ക് പോസ്റ്റിനടിയിൽ വൻ ചർച്ചയാണ് കുവൈറ്റിലെ മലയാളികൾ നടത്തിയത്. നിരവധി പേർ ഇയാളെ തെറിവിളിച്ചു കൊണ്ട് രംഗത്തെത്തി. കേസ് കൊടുക്കാതിരുന്നതിലാണ് പലർക്കും രോഷം.

ചെറിയ കുട്ടികളോട് തോന്നുന്ന ലൈംഗികാസക്തിക്ക് ചികിത്സ വേറെ ഒന്നുതന്നെയാണെന്ന് സക്കറിയ എം ഇരിട്ടി അഭിപ്രായപ്പെട്ടു. അവൻ എത്ര ഉന്നതാനാണെങ്കിലും അവന്റെമുഖം സമൂഹത്തിൽ പിച്ചിച്ചീന്തണം... അതാണ് നീതി. വർഷങ്ങളോളം സഹിക്കേണ്ട രക്ഷിതാക്കളുടെ മനസാക്ഷിക്ക് വേണ്ടി എന്നും സക്കറിയ അഭിപ്രായപ്പെട്ടു. വൻ ചർച്ചയാണ് കുവൈറ്റ് മലയാളികളുടെ ഫേസ്‌ബുക്കിൽ ഈ സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്നത്.

ഇത് ഇങ്ങിനെ ചർച്ച ചെയ്തു അവസാനിപ്പിക്കേണ്ട വിഷയമല്ല.. കുട്ടിയുടെ രക്ഷകർത്താക്കൾക്കു പരാതിയില്ലെങ്കിലും പൊതു താൽപ്പര്യം കണക്കിലെടുത്തു ഇയാൾക്ക് എതിരെ നമ്മുടെ സംസ്ഥാനത്തിനും നിയമവകുപ്പിനും നടപടികൾ സ്വീകരിക്കാവുന്നതാണ്. ഇത് ഒതുക്കിത്തീർക്കുവാനും അതിനെ ന്യായീകരിക്കാനും ശ്രമിച്ചവരെ ഓർത്തു ലജ്ജിക്കുന്നു എന്ന് മുഹമ്മദ് അഷ്‌റഫ് ഫേസ്‌ബുക്കിൽ കമന്റ് ചെയ്തു. പെൺകുട്ടിയുടെ വീട്ടുകാർ കേസ് കൊടുക്കാൻ തയ്യാറാകാത്തതിന്റെ പശ്ചാത്തലത്തിലാണ് ഇയാളുടെ പേര് വിവരങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിക്കാത്തത്.