കുവൈത്ത് സിറ്റി: നഴ്‌സ് നിയമനവുമായി ബന്ധപ്പെട്ടു റിക്രൂട്‌മെന്റ് ഏജൻസികളുടെ വിശദീകരണം ഈ ആഴ്ച ഇന്ത്യൻ എംബസി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കൈമാറും. ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച ആറ് ഏജൻസികളെ കുവൈത്തിന്റെ ആവശ്യങ്ങൾ എംബസി അറിയിച്ചിരുന്നു. 15നകം മറുപടി നൽകാനായിരുന്നു നിർദ്ദേശം. കേരളത്തിൽനിന്നുള്ള നോർക്കയും ഒഡെപെക്കും മാത്രമേ ഇന്നലെ വരെ എംബസിക്കു മറുപടി അയച്ചിട്ടുള്ളൂ. നാളെവരെ ലഭ്യമാകുന്ന വിവരങ്ങളാകും മന്ത്രാലയത്തിന് സമർപ്പിക്കുക. വിശദീകരണം മന്ത്രാലയത്തിനു തൃപ്തികരമായാൽ റിക്രൂട്‌മെന്റ് നടപടികൾ എളുപ്പമാകും.

ആരോഗ്യമന്ത്രാലയം തിരക്കിയ പ്രധാന വിവരങ്ങൾ:

  • റിക്രൂട്ടിങ് ഏജൻസിയുടെ ഘടനയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺ/ ഫാക്‌സ് നമ്പരുകളും ഇമെയിൽ ഐഡിയും
  • ഏജൻസിയിൽ രജിസ്റ്റർ ചെയ്ത നഴ്‌സുമാരുടെ എണ്ണം.
  • റിക്രൂട്‌മെന്റ് പരസ്യങ്ങളുടെ രീതി, അപേക്ഷകർക്കു നൽകുന്ന സമയപരിധി, പരീക്ഷ നടത്താൻ സൗകര്യമുള്ള സ്ഥലങ്ങളുടെ വിവരം.
  • പരസ്യം നൽകുന്നതു മുതൽ റിക്രൂട്‌മെന്റ് പൂർത്തിയാക്കുന്നതിനുവരെ എടുക്കുന്ന ഏകദേശ സമയം
  • നഴ്‌സ് നിയമനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഗൾഫ് രാജ്യവുമായി നേരിട്ടുള്ള കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ്.
  • അപേക്ഷ/ സർവീസ് ചാർജ് തുടങ്ങി അപേക്ഷകനിൽ നിന്ന് ഈടാക്കാൻ ഉദ്ദേശിക്കുന്ന തുക. കുവൈത്തിൽനിന്നു റിക്രൂട്‌മെന്റിനായി എത്തുന്ന ആരോഗ്യമന്ത്രാലയം പ്രതിനിധികളുടെ യാത്ര, താമസം തുടങ്ങിയ ചെലവുകൾ ഏജൻസി വഹിക്കണമെന്നും ആവശ്യപ്പെടുന്നു.

സുതാര്യനിയമനം ലക്ഷ്യമിട്ടു നോർക്കയും ഒഡെപെക്കും വ്യക്തമായ മറുപടികളാണു നൽകിയിട്ടുള്ളതെന്നാണു വിവരം. കുവൈത്തിൽ കൂടുതൽ നഴ്‌സുമാരെ ആവശ്യമുള്ള സാഹചര്യത്തിൽ റിക്രൂട്‌മെന്റ് നടപടികൾ തുടങ്ങാനായാൽ ഇന്ത്യക്കാർക്ക് ഏറെ നേട്ടമാകും.