കുവൈറ്റ് സിറ്റി: നായർ സർവ്വീസ് സൊസൈറ്റി, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ അബ്ബാസിയായിൽ വച്ച് നടത്തപ്പെട്ട ഡ്രോയിങ് ആൻഡ് പെയിറ്റിങ് വർക്ക് ഷോപ്പ് നൂറിൽപരം കുട്ടികൾക്ക് നവ്യാനുഭവമായി.

രാവിലെ പത്ത് മണിക്ക് ജനറൽ സെക്രട്ടറി പ്രസാദ് പത്മനാഭനും പ്രസിഡന്റ് മധു വെട്ടിയാറും ചേർന്ന് പഠന കളരി ഉത്ഘാടനം ചെയ്തു.വനിതാ സമാജം കൺവീനർ ദീപ പിള്ള ആശംസകൾ അറിയിച്ചു. കുവൈറ്റിലെ കൊച്ചു കൂട്ടുകാരുടെ ക്രിയേറ്റിവിറ്റിയും ആത്മവിശ്വാസവും കൂട്ടുവാൻ സഹായകമാകണമെന്ന ഉദ്ധേശ്യത്തോടു കൂടിയാണ് ഇങ്ങനെ ഒരു പഠന കളരി സംഘടിപ്പിച്ചതെന്ന് ജനറൽ പ്രോഗ്രാം കൺവീനർ ഹരി പിള്ള അഭിപ്രായപ്പെട്ടു.

പ്രശസ്ത ചിത്രകാരനായ ആർട്ടിസ്റ്റ് സുനിൽ പൂക്കോടിന്റെ നേതൃത്വത്തിലാണ് പഠന കളരി നടന്നത്. പല തവണ വരച്ചും മായിച്ചും തിരുത്തിയും നിരന്തരമായി ചിത്രങ്ങൾ വരയ്ക്കാൻ ശ്രമിച്ചുമാണ് ഒരു നല്ല ചിത്രകാരൻ അല്ലെങ്കിൽ ചിത്രകാരി രൂപപ്പെടുന്നതെന്ന് സുനിൽ പൂക്കോട് അഭിപ്രായപ്പെട്ടു.
ട്രഷറർ ശ്രീകുമാർ പിള്ള നന്ദി അറിയിച്ചു. തദവസരത്തിൽ എൻ എസ് എസ് കുവൈറ്റിന്റെ സ്നേഹോപഹാരം നല്കി സുനിൽ പൂക്കോടിനെ ആദരിച്ചു.