കുവൈത്ത് സിറ്റി: കുവൈത്തിൽ വർധിപ്പിച്ച പെട്രോൾ വിലയും നടപ്പാക്കാനിരുന്ന വൈദ്യുതി വെള്ളക്കരം വർധനയും തടഞ്ഞു കൊണ്ട് പാർലമെന്റ് സമിതിയുടെ ഉത്തരവ്്. കുവൈത്ത് പാർലമെന്റ് സാമ്പത്തികകാര്യസമിതിയാണ് പുതിയ ബിൽ പാസ്സാക്കിയത്. വോട്ടിനിട്ട് അംഗീകാരം ലഭിച്ചാൽ മാത്രമേ സേവന ഫീസ്, പെട്രോൾ, വെള്ളം, വൈദ്യുതി നിരക്കുകൾ, സബ്സിഡി ഉത്പന്നങ്ങളുടെ വില എന്നിവയിൽ മാറ്റം വരുത്താൻ പാടുള്ളൂ എന്നാണു ബിൽ വ്യവസ്ഥ ചെയ്യുന്നത്. അവശ്യസർവീസുകളുടെ വില ഏകപക്ഷീയമായി വർധിപ്പിക്കാൻ സർക്കാരിന് അധികാരമില്ലെന്നും, പാർലമെന്റിൽ നിയമം പാസാക്കിയാൽ മാത്രമേ നടപ്പാക്കാൻ പറ്റൂ എന്നും സമിതി അംഗം സഫാ അൽഹാശിമി വ്യക്തമാക്കി.

പെട്രോൾ വില 40 ശതമാനം വരെ കഴിഞ്ഞ സെപ്റ്റംബറിൽ വർധിപ്പിച്ചിരുന്നു. അപ്രകാരം സബ്സിഡികൾ കുറക്കുകയും വിലകൾ വർധിപ്പിക്കുകയും ചെയ്യുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ മേഖലകളിലും വിദേശി പാർപ്പിടങ്ങളിലും വൈദ്യുതി, വെള്ളക്കരം ഈ മെയ് മാസം മുതൽ വർധിപ്പിക്കാനും നടപടി ആരംഭിച്ചിരുന്നു. ഇത് രാജ്യത്തെ ജനങ്ങളുടെ ജീവിതച്ചെലവ് വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിമാർ
രംഗത്ത് വന്നിട്ടുള്ളത്.

സാമ്പത്തിക നിയന്ത്രണനടപടികളുടെ ഭാഗമായി പെട്രോൾ ഇനങ്ങൾക്ക് 40 മുതൽ 83 ശതമാനം വരെ വർദ്ധനയായിരുന്നു കഴിഞ്ഞ സെപ്റ്റംബറിൽ അമീറിന്റെ ഉത്തരവോടെ നടപ്പാക്കിയത്. പാർലമെന്റിന്റെ അംഗീകാരമില്ലാതെ വിലവർധിപ്പിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് ഭൂരിഭാഗം പാർലമെന്റ് അംഗങ്ങളും നിലപാടെടുത്തത് സർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. ഒടുവിൽ കാലാവധി പൂർത്തിയാകുന്നതിനു മുൻപ് പാർലമെന്റ് പിരിച്ചു വിട്ടതിനു ശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാണ് അന്ന് പ്രശ്‌നങ്ങൾ താൽക്കാലികമായി പരിഹരിച്ചത്.