പെട്രോൾ നിരക്ക് വർദ്ധനവിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ പരിഹരിക്കാൻ സ്വദേശികൾക്കായി ആശ്വാസ പാക്കേജുമായി കുവൈത്ത്. ഡ്രൈവിങ് ലൈസൻസുള്ള പൗരന്മാർക്ക് പ്രതിമാസം 75 ലിറ്റർ പെട്രോൾ സബ്സിഡി നിരക്കിൽ നൽകാനാണ് ബുധനാഴ്ച ചേർന്ന പാർലമെന്റംഗങ്ങളുടെയും കാബിനറ്റ് പ്രതിനിധികളുടെയും സംയുക്ത യോഗത്തിൽ ധാരണയായത്. ഇതോടെ സെപ്റ്റംബർ മാസത്തിൽ നടപ്പിലാക്കിയ പെട്രോൾ വില വർദ്ധനവ് മൂലം വെട്ടിലാകുന്നത് പ്രവാസികൾ മാത്രമായിരിക്കും.

പെട്രോൾ വിലയിനത്തിൽ ശരാശരി അമ്പതുശതമാനത്തിലേറെ വർധനയാണ് ഓരോരു ത്തരുടെയും പ്രതിമാസ ബജറ്റിൽ വന്നിരിക്കുന്നത്. ഇതോടെ നിരക്കു വർധനയ്ക്കെതിരെ സ്വദേശികളിൽനിന്നുതന്നെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് എംപിമാരുടെയും മന്ത്രിമാരുടെയും സംയുക്തയോഗം സ്പീക്കർ മർസൂഖ് അൽ ഗാനിം വിളിച്ചുകൂട്ടിയത്. പാർലമെന്റിന്റെ അടിയനയന്തര സമ്മേളനം ചേരണമെന്ന ആവശ്യത്തിനു ബദലായിട്ടായിരുന്നു ഇന്നലത്തെ യോഗം.

പെട്രോൾ വില വർധിപ്പിക്കാനുണ്ടായ സാഹചര്യം മന്ത്രിമാർ യോഗത്തിൽ വിശദീകരിച്ചതായി സ്പീക്കർ പറഞ്ഞു. സാമ്പത്തിക പരിഷ്‌കരണം അനിവാര്യമായ സാഹചര്യമാണു വില വർധിപ്പിക്കാൻ കാരണമായതെന്നും യോഗത്തിൽ മന്ത്രിമാർ അറിയിച്ചു. സെപ്റ്റംബർ ഒന്നിനാണു പെട്രോൾ വില വർധന നിലവിൽവന്നത്. പ്രീമിയം പെട്രോൾ ലീറ്ററിന് 60 ഫിൽസിനുപകരം 85 ഫി.ൽസും സൂപ്പർ 65നുപകരം 105 ഫിൽസും അൾട്രാ പ്രീമിയം 95 ഫിൽസിനു പകരം 165 ഫിൽസുമാണ് വർധിപ്പിച്ച നിരക്ക്..

പെട്രോൾ വിലവർധന രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലകയറ്റത്തിന് കാരണമാകില്ലെന്നു ഉറപ്പുവരുത്താൻ വ്യവസായ-വാണിജ്യ മന്ത്രാലയത്തിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ നിരക്ക് പരിഷ്‌കരണ ഉത്തരവ് റദ്ദാക്കികൊണ്ടുള്ള അഡ്‌മിനിസ്‌ട്രേറ്റിവ് കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ കോടതിയിൽ ഹരജി നൽകി .