കുവൈത്ത് സിറ്റി: ദിവസങ്ങളായി സ്‌കൂൾ ഫീസ് വർദ്ധനയുടെ കാര്യത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് ഒടുവിൽ വിരാമം. അടുത്ത രണ്ട് വർഷത്തേക്ക് സ്‌കൂൾ ഫീസിൽ മൂന്ന് ശതമാനം വർദ്ധനവേ ഉണ്ടാവുകയുള്ളൂയെന്ന് അധികൃതർ വ്യക്തമാക്കി.

2016-2017, 2017-2018 അധ്യയന വർഷങ്ങളിൽ സ്വകാര്യ സ്‌കൂളുകളിലെ ട്യൂഷൻ ഫീസിൽ പരമാവധി മൂന്നു ശതമാനം വർധന മാത്രമേ വരുത്താവൂ എന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി ഡോ. ബദർ അൽഈസ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് രക്ഷിതാക്കളുടെ ആശങ്ക അവസാനിച്ചത്.

ഇന്ത്യൻ വിദ്യാലയങ്ങളടക്കമുള്ള രാജ്യത്തെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും ഇത് ബാധകമാവും. ഫീസ് വർധന മൂന്നുശതമാനത്തിൽ പരിമിതപ്പെടുത്തുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നുവെങ്കിലും അടുത്ത രണ്ട് അധ്യയനവർഷങ്ങളിലേക്ക് ഇത് ബാധകമാക്കിയത് അപ്രതീക്ഷിത നീക്കമായി. 2016-2017, 2017-2018 അധ്യയനവർഷങ്ങൾ
കഴിഞ്ഞശേഷം ഇക്കാര്യത്തിൽ പുനരാലോചന നടത്തി കൂടുതൽ വർധന വരുത്തുന്ന കാര്യം പരിഗണിക്കാമെന്നും ഉത്തരവിലുണ്ട്.

ഓരോവർഷവും വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസിൽ മൂന്നുശതമാനത്തിൽ കൂടാതെ വർധന വരുത്താൻ സ്വകാര്യ സകൂൾ അധികൃതർക്ക് മന്ത്രാലയം നേരത്തേതന്നെ അനുമതി നൽകിയിട്ടുള്ളതാണ്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലെ അധിക ചെലവും അദ്ധ്യാപകരുടെ ശമ്പളവർധനയുമുൾപ്പെടെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇതിൽ കൂടുതൽ ഫീസ് വർധിപ്പിക്കാൻ അനുമതി നൽകണമെന്നായിരുന്നു സ്വകാര്യ സ്‌കൂൾ മാനേജുമെന്റുകളുടെ ആവശ്യം. വിഷയം പാർലമെന്റിലും ചർച്ചയായതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ രാജ്യത്തെ സ്വകാര്യ സ്‌കൂളുകളുമായി ബന്ധപ്പെട്ട പുതിയ നിയമനിർമ്മാണം ആവശ്യപ്പെട്ട് പാർലമെന്റിൽ നിർദ്ദേശം സമർപ്പിക്കപ്പെട്ടിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം സമർപ്പിച്ച കരടുനിർദ്ദേശം പഠിച്ച പാർലമെന്റിലെ വിദ്യാഭ്യാസസാംസ്‌കാരിക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസമന്ത്രാലയം മൂന്നു ശതമാനത്തിൽ കൂടുതൽ ഫീസ് വർധിപ്പിക്കാൻ അനുമതി നൽകേണ്ടതില്‌ളെന്ന തീരുമാനത്തിലത്തെിയത്.

എന്നാൽ, സർക്കാറിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക തീരുമാനമുണ്ടാവുന്നതിനുമുമ്പുതന്നെ ചില സ്വകാര്യസ്‌കൂളുകൾ വിദ്യാർത്ഥികളിൽനിന്ന് അമിത ഫീസ് ഈടാക്കിയത് വിവാദമായിരുന്നു. രക്ഷിതാക്കളിൽനിന്ന് പരാതികൾ ഉയർന്നപ്പോൾ സ്വകാര്യസ
്കൂളുകളിൽ ഫീസ് വർധിപ്പിക്കാനുള്ള അനുമതി നിർത്തിവച്ചതായി മന്ത്രാലയം വ്യക്തമാക്കി. അധിക ഫീസ് ഈടാക്കിയവർക്ക് അത് തിരിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രാലയം നിയമം ലംഘിക്കുന്ന സ്‌കൂളുകളുടെ ലൈസൻസ് മരവിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇതിനുപിന്നാലെയാണ് ഇപ്പോൾ പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.