കുവൈത്തിൽ ആറ് ഗവർണറേറ്റുകളിലായി കഴിഞ്ഞ ഒരാഴ്ച നടന്ന സുരക്ഷാ പരിശോധന കളിൽ നിയമലംഘകരും കുറ്റവാളികളുമുൾപ്പെടെ 1220 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയ റിപ്പോർട്ട്. ക്രിമിനൽ കേസുകളിലുൾപ്പെടെ 49 പേർ, 305 സിവിൽ കേസ് പ്രതികൾ, സ്പോൺസറുടെ അടുക്കൽ നിന്നു ഒളിച്ചോടിയ 458 പേർ, സ്‌പോൺസർമാറി ജോലി ചെയ്ത 418 പേർ, മയക്കുമരുന്ന് കച്ചവടത്തിലേർപ്പെട്ട 66 പേർ, മദ്യം കൈവശംവച്ച 24 പേർ എന്നിങ്ങനെയാണ് ഓഗസ്റ്റ് മൂന്നു മുതൽ 10 വരെയുള്ള ഒരാഴകാലയളവിൽ പിടിയിലായത്

കസ്റ്റഡിയിലുള്ളവരിൽ യാതൊരു തിരിച്ചറിയൽ രേഖകളും ഇല്ലാത്ത 1018 പേരെ നാടുകടത്തൽ നടപടികൾക്കായി പ്രത്യേക വിഭാഗത്തിനു കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

പരിശോധന രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും താമസ നിയമ ലംഘകരെ മുഴുവൻ നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി .കഴിഞ്ഞ ദിവസം അഹ്മദിയിൽ മേഖലയിൽ നടന്ന റെയ്ഡിൽ ഇന്ത്യക്കാരുൾപ്പെടെ അമ്പതു വിദേശികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് . നഗരത്തിന്റെ എല്ലാ പ്രവേശ കവാടങ്ങളിലും പ്രത്യേക ചെക് പോയന്റുകൾ തീർത്ത ശേഷം വഴിയാത്രക്കാര തടഞ്ഞുനിർത്തിയും കടകളിലും സ്ഥാനപങ്ങളിലും കയറിയുമാണ് പരിശോധിച്ചത്. പ്രഥമ ഘട്ടത്തിൽ പിടിയിലായവരുടെ രേഖകളിൽ സൂക്ഷ്മ പരിശോധന നടത്തിയ ശേഷം മതിയായ രേഖകകൾ കൈവശമുള്ളവരെ വിടുകയും 50 പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.