കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നഴ്സുമാരെ ആവശ്യമുണ്ടെന്നു കാണിച്ചുള്ള വ്യാജപരസ്യം പ്രചരിക്കുന്നതായും ഇത്തരം വ്യാജ പരസ്യത്തിൽ വീഴരുതെന്നും നോർക്കയുടെ മുന്നറിയിപ്പ്. സ്വകാര്യ ഏജൻസികളെ ഒഴിവാക്കി ഇന്ത്യയിൽനിന്നുള്ള നഴ്‌സിങ് നിയമനം സർക്കാർ ഏജൻസികൾ വഴി മാത്രമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചെങ്കിലും കരാർ അടിസ്ഥാ നത്തിലുള്ള റിക്രൂട്ട്‌മെന്റ് ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിലാണ് നോർക്ക മുന്നറിയിപ്പ് നല്കുന്നത്

കുവൈത്ത് കമ്പനിയിലേക്ക് വൻതുക വാങ്ങി ബംഗളൂരുവിലെ സ്വകാര്യ ഏജൻസി നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് നടത്തുന്നതായി പരാതികൾ ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാന ത്തിലാണ് മുന്നറിയിപ്പ് നൽകിയത്. അതിനിടെ, കുവൈത്തിലെ കമ്പനിയിലേക്ക് 50 നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഡിമാൻഡ് ഇ-േൈമഗ്രറ്റ് സിസ്റ്റം വഴി നോർക്കക്ക് ലഭിച്ചിട്ടുണ്ട്. നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ച് ഇന്റർവ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്. ഇന്റർവ്യൂവിന് മുമ്പുള്ള നടപടിക്രമങ്ങൾ തുടങ്ങുന്നതേയുള്ളൂ.

ഇന്ത്യയിൽനിന്നുള്ള നഴ്‌സിങ് നിയമനം സർക്കാർ ഏജൻസികൾ വഴി മാത്രമാക്കാൻ കഴിഞ്ഞവർഷം മാർച്ചിൽ തീരുമാനമായതാണ്. അംഗീകൃത റിക്രൂട്ട്‌മെന്റിനായി കേരള സർക്കാറിന്റെ കീഴിലുള്ള നോർക്ക റൂട്ട്‌സ്, ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്‌ളോയ്‌മെന്റ് പ്രമോഷൻ കൺസൽട്ടന്റ്‌സ് (ഒഡാപെക്), തമിഴ്‌നാട്ടിലെ ഓവർസീസ് മാൻപവർ കോർപറേഷൻ എന്നീ ഏജൻസികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ഇ-മൈഗ്രേറ്റ് സംവിധാനം വഴി മാത്രം നിയമിക്കാനായിരുന്നു ധാരണ.