കുവൈറ്റിൽ ഡിഎൻഎ നിയമവും ഇ- പാസ്‌പോർട്ട് സംവിധാനവും നവംബർ മാസം മുതൽ പൂർണമായി നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ പാസ്‌പോർട്ട്-താമസ കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഷെയ്ഖ് മാസിൻ അൽ ജറാഹ് ആണ് ഇക്കാര്യം അറിയിച്ചത് .

സംവിധാനം പ്രാബല്യത്തിൽ വരുത്തുന്നതിനു മുൻപായി അവയിൽ പരീക്ഷണ പരിശോധന നടത്തും. സ്വദേശികളെ സംബന്ധിച്ചസ്വദേശികളെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളുന്നതാണ് ഇ-പാസ്പോർട്ട്. ഇ-പാസ്പോർട്ട് അനുവദിക്കുന്നതിന്റെ ഭാഗമായി ഡിഎൻഎ വിവരശേഖരണവും നിർബന്ധമാക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി വിദേശികൾ ഉൾപ്പെടെ മുഴുവൻ ആളുകളുടെയും ഡിഎൻഎ ശേഖരണത്തിനും തീരുമാനമുണ്ട്. സന്ദർശക വീസയിൽ എത്തുന്നവർക്കും ഇതു ബാധകമാണ്. ഡിഎൻഎ വിവര ശേഖരണവുമായി സഹകരിച്ചില്ലെങ്കിൽ സ്വദേശികൾക്ക് ഇ-പാസ്പോർട്ട് ലഭ്യമാകില്ല. അത്തരക്കാർക്കു യാത്രാവിലക്ക് ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരും

ഇലക്ട്രോണിക് പാസ്സ്പോർട്ട് നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി അതിർത്തി ചെക്ക് പോയിന്റുകളിൽ ഇ-റീഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായിട്ടുണ്ട് വിമാനത്താവളത്തിൽ ഇ റീഡറുകളുടെ പരീക്ഷണം നടന്നു വരികയാണ് . ഇ റീഡറുകളുടെ രണ്ടാമത്തെ ബാച്ചും ഡി എൻ എ പരിശോധനാ ഉപകരണങ്ങളും അടുത്തമാസം രാജ്യത്തെത്തും 

രാജ്യ സുരക്ഷയുടെ ഭാഗമായി കഴിഞ്ഞവർഷം ജൂലൈയിലാണ് ഡിഎൻഎ ഡാറ്റാബാങ്ക് ഉണ്ടാക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന് കുവൈത്ത് പാർലമെന്റ് അംഗീകാരം നൽകിയത്. ഡിഎൻഎ സാമ്പിളുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ അന്താരാഷ്ട്ര സംഘടനകളും ജനിതക ശാസ്ത്രജ്ഞരും ഡി എൻ എ ശേഖരണ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.