കുവൈത്ത് സിറ്റി: രാജ്യത്തെ സ്വദേശി, വിദേശി സ്വകാര്യ സ്‌കൂളുകളിൽ ട്യൂഷൻ ഫീസ് വർധിപ്പിച്ചുകൊണ്ടുള്ള ഒരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്‌ളെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹൈത്തം അൽ അസരി വ്യക്തമാക്കി.

രക്ഷിതാക്കളുടെയും സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളുടെയും അഭിപ്രായങ്ങൾ കേട്ടശേഷം പാർലമെന്റ് സമിതിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ വെന്നും ഹൈത്തം അൽഅസരി കൂട്ടിച്ചേർത്തു. ഏതെങ്കിലും സ്വകാര്യ സ്‌കൂളുകൾ അനധികൃതമായി വിദ്യാർത്ഥികളിൽനിന്ന് വർധിപ്പിച്ച ഫീസ് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ചുകൊടുക്കണം. ഇതിന് തയാറാവാത്ത സ്‌കൂളുകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഡോ. ഹൈത്തം മുന്നറിയിപ്പ് നൽകി.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ചില സ്വകാര്യ സ്‌കൂളുകൾ ഫീസ് വർധിപ്പിച്ചതിനെ തുടർന്ന് വിഷയം പാർലമെന്റിൽ ചർച്ചയായിരുന്നു. തുടർന്ന് ഇക്കാര്യം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പാർലമെന്റിലെ സാംസ്‌കാരിക, വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.