കുവൈത്തിൽ വിദേശ തൊഴിലാളികളുടെ നിലവിലുള്ള സ്‌പോൺസർഷിപ്പ് സംവിധാനം റദ്ദാക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ സംഘടന രംഗത്ത്. കുവൈത്ത് അസോസിയേഷൻ ഫോർ ദ ഫണ്ടമെന്റൽസ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ആണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പകരം രാജ്യാന്തര നിലവാരത്തിലുള്ള നിയമം കൊണ്ടുവരാനും സംഘടന നിർദ്ദേശിക്കുന്നു.

നിലവിലുള്ള സംവിധാനം അടിമത്തത്തെ ഓർമ്മിപ്പിക്കുന്നതാണെും അടിമത്തമെന്ന് വിമർശിക്കപ്പെട്ട സ്പോൺസർഷിപ്പ് സംവിധാനം എത്രയും വേഗം നിർത്തലാക്കി അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് നിയമങ്ങൾ ആവിഷ്‌കരിക്കണമെന്നാണ് സംഘടന വാർഷിക റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കരാർ കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു തൊഴിൽ തേടാൻ വിദേശ തൊഴിലാളിക്ക് അനുവാദമില്ല. ഈ വ്യവസ്ഥ വിദേശികളെ വ്യാപകമായി ചൂഷണം ചെയ്യുകയാണ്. പതിനായിരക്കണക്കിന് വിദേശ തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയം ഓരോ വർഷവും അവരുടെ നാട്ടിലേക്ക് തിരിച്ചയയ്ക്കുകയാണ്. ഔദ്യോഗിക നാടുകടത്തൽ എന്നു വിശേഷിപ്പിക്കുന്ന ഈ നടപടിക്കെതിരേയും സംഘടന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

അവസാന കോടതിവിധിക്കുശേഷം മാത്രമേ വിദേശികളെ നാടുകടത്താവൂയെന്ന് സംഘടന ആവശ്യപ്പെടുന്നു. പൊതു ആരോഗ്യ സെന്ററുകളിൽ സ്വദേശികൾക്കും വിദേശികൾക്കുമായി രണ്ടുതരത്തിലുള്ള ചികിത്സാസേവനങ്ങൾ നൽകുന്നത് ദേശീയതയുടെ പേരിലുള്ള വിവേച
നമാണെന്ന് സംഘടനാ റിപ്പോർട്ട് വിമർശിക്കുന്നു.എന്നാൽ, ഗാർഹിക തൊഴിലാളികൾക്കായി പ്രത്യേക നിയമം കൊണ്ടുവന്നതും ദേശീയ മനുഷ്യാവകാശ വകുപ്പിന് രൂപംനൽകിയതും അഭിനന്ദനാർഹമാണെന്നും ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും സംഘടന വ്യക്ത മാക്കിയിട്ടുണ്ട്.

ജിസിസി രാജ്യങ്ങളിലൊന്നായ ഖത്തർ കഫാലത് സമ്പ്രദായം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു വെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കുവൈത്തിലും സ്പോൺസർഷിപ്പ് വ്യവസ്ഥക്കെതിരെ വിമർശനങ്ങൾ ഉയരുന്നത്.