കുവൈത്ത് സിറ്റി: തൊഴിലിനെത്തുന്ന വിദേശികളെ സ്‌പോൺസറുടെ കീഴിൽത്തന്നെ നിലനിർത്താൻ കുവൈത്തിൽ നിയമം കർശനമാക്കുന്നു. യഥാർത്ഥ സ്‌പോൺസറുടെ കീഴിൽനിന്ന് ഒളിച്ചോടി മറ്റു ജോലികൾ ചെയ്യുന്നവരെ കണ്ടെത്തി നാടു കടത്താനാണു നീക്കം. 18ാം നമ്പർ തൊഴിൽ വിസ ഉൾപ്പെട്ട വിദേശികൾക്കെതിരെ സ്പോൺസർ ഒളിച്ചോടിയതായി പരാതി നൽകിയിട്ടുണ്ടെങ്കിൽ അവരെ പിടികൂടി കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നാടുകടത്തും.

കുടിയേറ്റ, കുറ്റാന്വേണ, തൊഴിൽ മന്ത്രാലയങ്ങൾ സംയുക്തമായാണ് നടപടിക്ക് അന്തിമ രൂപം നൽകിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് 2014 ജനുവരി നാലിന് ശേഷം ഒളിച്ചോട്ടത്തിന് കേസ് ഫയൽ ചെയ്തിട്ടുള്ള വിദേശികൾക്കെതിരെ കർശന നടപടിയുണ്ടാകും. ഇതുകൂടാതെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി പിന്നീടൊരിക്കലും രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കാതെ നാടുകടത്താനാണ് തീരുമാനം.

അതേസമയം 2016 ജനുവരി 4ന് മുമ്പുള്ള ഒളിച്ചോട്ട, പരാതികേസുകൾ പരിശോധിച്ചശേഷം സ്പോൺസർ ആവശ്യപ്പെട്ടാൽ അവരുടെ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരുന്നതിന് അനുവദിക്കുന്നതാണ്. എന്നാൽ നിലവിലെ മലയാളികളടക്കം നിരവധി വിദേശ തൊഴിലാളികൾ യഥാർത്ഥ സ്പോൺസറുടെ കീഴിലല്ലാതെ മറ്റിടങ്ങളിൽ തൊഴിൽ ചെയ്യുന്നതാണ്.

ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് അനുസരിച്ച് ഏത് നിമിഷവും സ്പോൺസർക്ക് തൊഴിലാളി ഒളിച്ചോടിയതായി പരാതി നൽകുന്നതിന് ലഭിക്കുന്ന അവസരം ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് വലിയൊരു വിഭാഗം വിദേശികളുടെ ആശങ്ക.

അതേസമയം രാജ്യത്ത് ഏകദേശം 5 ലക്ഷം പേർക്ക് യാത്രവിലക്ക് നിലനിൽക്കുന്നതായി പ്രദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇവരിൽ സ്വദേശികളും വിദേശികളും കൂടാതെ പൗരത്വമില്ലാത്ത ബിദൂസികളും ഉൾപ്പെടുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണധികവും സാമ്പത്തിക ക്രമക്കേടുകൾ സംബത്തിച്ച കേസുകൾ പരിഹരിക്കുന്നതോടെ യാത്ര വിലക്കിൽ നിന്നും മോചനം ലഭിക്കുന്നതാണ്.