കുവൈത്ത് സിറ്റി: റെമിറ്റൻസ് ടാക്‌സ് നിർദേശവുമായി മുന്നോട്ടുപോകാനുള്ള സർക്കാർ നീക്കത്തിനെതിരെ എതിർപ്പുമായി ഒരു വിഭാഗം എംപിമാർ രംഗത്തെത്തിയതോടെ പ്രവാസികൾ പ്രതീക്ഷയിലാണ്. വിദേശികൾ നാട്ടിലേക്ക് പണമയക്കുന്നതിന് നികുതി ഏർപ്പെടുത്തണമെന്ന നിർദ്ദേശം അസംബന്ധമെന്നാണ് കുവൈത്ത് പാർലമെന്റിലെ ഒരു വിഭാഗം അംഗങ്ങൾ വിലയിരുത്തിയത്.

നികുതി നിർദ്ദേശം പാർലമെന്റിലെ നിയമകാര്യ സമിതി ചർച്ചക്കെടുത്ത സാഹചര്യത്തിലാണ് എംപിമാരുടെ പ്രതികരണം. റെമിറ്റൻസ് ടാക്‌സ് ശരീഅത്ത് വിരുദ്ധമാണെന്നും എംപിമാരിൽ ചിലർ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര നാണയനിധിയുടെ മുന്നറിയിപ്പ് അവഗണിച്ച് റെമിറ്റൻസ് ടാക്‌സ് നിർദേശവുമായി മുന്നോട്ടുപോകാനുള്ള സർക്കാർ നീക്കത്തിന് പാർലമെന്റിലെ ഒരു വിഭാഗത്തിന്റെ കടുത്ത എതിർപ്പ് തിരിച്ചടിയായിരിക്കുകയാണ്.

ടാക്‌സ് വിഷയത്തിൽ എംപിമാർ രണ്ടു ചേരിയിലായതോടെ ഇതുസംബന്ധിച്ചു നടക്കാനിരിക്കുന്ന വോട്ടെടുപ്പ് നിർണായകമാകും. കഴിഞ്ഞ പാർലമെന്റിന്റെ തവണ ടാക്‌സ് നിർദ്ദേശം വോട്ടിനിട്ടപ്പോഴും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് തള്ളപ്പെടുകയായിരുന്നു.