കുവൈറ്റ് സിറ്റി: വിദ്യാഭ്യാസ രംഗത്തും സ്വദേശികളെ നിയമിക്കാനുള്ള നീക്കം ശക്തമാക്കിക്കൊണ്ട് മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ. ഇതിന്റെ ഭാഗമായി 400-ഓളം വിദേശ ടീച്ചർമാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് പറയുന്നത്. അടുത്ത അധ്യയന വർഷാവസാനത്തോടെ പ്രവാസികളായ നാനൂറോളം ടീച്ചർമാരെ ജോലിയിൽ നിന്നു പിരിച്ചുവിടാനാണ് തീരുമാനം. ഇതനുസരിച്ച് ഇവരുടെ ലിസ്റ്റ് തയാറാക്കിക്കഴിഞ്ഞുവെന്നും മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ വക്താവ് വെളിപ്പെടുത്തി.

വിദേശ ടീച്ചർമാർക്കു പകരം കുവൈത്തികളായ ടീച്ചർമാരെ കമ്പ്യൂട്ടർ, സയൻസ്, സോഷ്യൽ സ്റ്റഡീസ് വിഷയങ്ങളിൽ നിയമിക്കാനാണ് നീക്കം. ഈ വിഷയങ്ങളിൽ 25 ശതമാനത്തോളം സ്വദേശി ടീച്ചർമാരെ ഉൾപ്പെടുത്താനാണ് മന്ത്രാലയം ശ്രമിക്കുന്നത്.

അടുത്ത ഒക്ടോബറോടെ പ്രവാസി ടീച്ചർമാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിത്തുടങ്ങും. അധ്യയന വർഷാവസാനം വരെ പിരിഞ്ഞുപോകുന്നതിനുള്ള സമയം ടീച്ചർമാർക്കു നൽകുകയും ചെയ്യും. ഇതിനിടയ്ക്കുള്ള കാലയളവിൽ ഇവർക്ക് തങ്ങളുടെ ജോലി പൂർത്തിയാക്കാനുള്ള സമയം ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.