കുവൈറ്റ് സിറ്റി: നിലവിൽ രാജ്യത്ത് പൊതുമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരുടെ എണ്ണം 40 ശതമാനമാക്കി കുറയ്ക്കുമെന്ന് വഖഫ്, നീതിന്യായ മന്ത്രി യഅ്ഖൂബ് അൽ സാനിഅ്. നിലവിൽ പൊതുമേഖലയിൽ തൊഴിൽ ചെയ്യുന്ന സ്വദേശികളുടെ എണ്ണം 85 ശതമാനമാണ്.

15 ശതമാനം മാത്രമാണ് സ്വകാര്യമേഖലകളിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലിചെയ്യുന്നത്.സ്വകാര്യമേഖലയിൽ ജോലിചെയ്യാൻ സ്വദേശികൾ വിമുഖത കാണിക്കുന്നുവെന്നാണ് ഇതിനർഥം. ഇത് നല്ല പ്രവണതയല്ല. കാലം മുന്നോട്ടുപോകുന്നതോടെ തൊഴിൽ രഹിതരായ എല്ലാ സ്വദേശികളെയും പൊതുമേഖലകളിൽ നിയമിക്കുകയെന്നത് അസാധ്യമാവും.അതേസമയം, പുതിയ വികസന പദ്ധതികളുടെ ഭാഗമായി സ്വകാര്യമേഖലയിൽ വിവിധ സംരംഭങ്ങൾ തുടങ്ങാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക.ഇത്തരം ചെറുകിടവൻകിട സംരംഭങ്ങളിലേക്ക് അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ സ്വദേശി ചെറുപ്പക്കാരെ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു.

2030 ആവുമ്പോഴേക്ക് ബിരുദധാരികളായ തൊഴിലില്ലാത്ത സ്വദേശി യുവാക്കളുടെ എണ്ണം 30,000ത്തിൽ എത്തുമെന്ന സെൻട്രൽ ബാങ്ക് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു.