മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ പേരിൽ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ലീഡർ കെ കരുണാകരൻ കർമ്മ പുരസ്‌കാരം എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് നൽകും. അവാർഡ് സമർപ്പണം 2023 ജനുവരി 20 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സീനിയർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഒഐസിസി ആലപ്പുഴ ജില്ലാ മീറ്റിൽ നടത്തപ്പെടും.

ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക, ബിസിനസ് മേഖലയിലെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് ഗാനമേള, നാടൻ പാട്ട്, നൃത്തനൃത്യങ്ങൾ തുടങ്ങിയ വിവിധയിനം കലാപരിപാടികളും അരങ്ങേറും.

കൊല്ലം പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എൻ.കെ. പ്രേമചന്ദ്രൻ ലോക്സഭയിൽ വിവിധ വിഷയങ്ങളിൽ ശ്രദ്ധേയമായ പ്രസംഗങ്ങളും നിയമ ഭേദഗതി ബില്ലുകളും അവതരിപ്പിച്ച് പ്രശംസ നേടിയ എംപി.യാണ്. വർഗീയ - ഫാസിസ്റ്റ് ഭീകരതക്കെതിരെ ജന മനസ്സാക്ഷിയെ തൊട്ടുണർത്തിയ അദ്ദേഹത്തിന്റെ ലോക്സഭാ പ്രസംഗങ്ങൾ മതേതര ജനാധിപത്യ രാഷ്ട്ര സങ്കൽപ്പത്തോടുള്ള പ്രതിബദ്ധതയുടെ ആഴം വെളിവാക്കുന്നതാണ്. രാജ്യത്തിന്റെ സമ്പത്ഘടനയെ താങ്ങിനിർത്തുന്നതിൽ നിസ്തുലമായ സംഭാവനകൾ അർപ്പിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ വിവിധ വിഷയങ്ങൾ മുൻഗണനാ ക്രമത്തിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിന്ന ലോക്സഭാംഗം കൂടിയാണ് എൻ.കെ. പ്രേമചന്ദ്രൻ.

അബ്ബാസിയ ഒഐസിസി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എസ് പിള്ളൈ ഫ്‌ളയർ പ്രകാശനം ചെയ്തു. ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദൻ സ്വാഗതം പറഞ്ഞു.

യോഗത്തിൽ നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി, ആലപ്പുഴ ജില്ലയുടെ ചാർജുള്ള ഒഐസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി മനോജ് ചണ്ണപ്പേട്ട, ഒഐസിസി സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല, യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മനോജ് റോയ്, ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ, ഹരി പത്തിയൂർ, ബാബു പനമ്പള്ളി,വിജോ പി തോമസ്, സാബു തോമസ്, ജിതിൻ ജോർജ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ഒഐസിസി ആലപ്പുഴ ജില്ലാ ട്രഷറർ ഷിബു ചെറിയാൻ യോഗത്തിന് നന്ദി പറഞ്ഞു.

--