കുവൈത്ത് :മുസ്ലിം സമുദായത്തെ ബജറ്റിനു പുറത്ത് നിറുത്തിയ കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ നടപടിയിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) കേന്ദ്ര സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിഹിതം വെട്ടിക്കുറക്കുകയും ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ നിർത്തലാക്കുകയും ചെയ്ത കേന്ദ്ര സർക്കാർ രാജ്യത്തെ ബഹുസ്വര-ഫെഡറൽ സംവിധാനത്തെ പാടെ തകർത്തെറിയുകയാണ്. കേരളത്തെ പൂർണമായും അവഗണിച്ച കേന്ദ്ര ബജറ്റ് സംസ്ഥാനത്തെ ജനങ്ങളെ ഒന്നടങ്കം രാജ്യത്തിന്റെ പൊതുധാരയിൽ നിന്നും അകറ്റി നിർത്തുകയാണെന്നും ഇസ്ലാഹി സെന്റർ കുറ്റപ്പെടുത്തി.

സച്ചാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് നടപ്പാക്കിയിരുന്ന മുസ്ലിം സ്‌കോളർഷിപ്പ് പദ്ധതി പുനരാരംഭിക്കാൻ തയ്യാറാവാതിരിക്കുകയും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ പദ്ധതി വിഹിതം കുറക്കുകയും ചെയ്ത സംസ്ഥാന സർക്കാറിന്റെ ബജറ്റ് കടുത്ത അനീതിയാണ് മുസ്ലിംകളോട് ചെയ്തത്. മലബാർ മേഖലയിലെ ഹയർ സെക്കണ്ടറി-ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ ബജറ്റ് തീർത്തും അവഗണിച്ചിരിക്കുകയാണ്. ഇത് നീതീകരിക്കാനാവില്ല.

വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മകൊണ്ടും ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മേൽ കൂടുതൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര-കേരള ബജറ്റുകൾ തീർത്തും ജനവിരുദ്ധമാണ്. പെട്രോളിനും ഡീസലിനും സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ സെസ്സ് പിൻവലിക്കണം. ഇന്ത്യൻ സമ്പദ് ഘടനയുടെ അടിത്തറയിളക്കിയ അദാനി കമ്പനി ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ഐ.ഐ.സി സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

വൈസ് പ്രസിഡന്റ് അബൂബക്കർ സിദ്ധീഖ് മദനി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, അനസ് പാനായികുളം, അയ്യൂബ് ഖാൻ മാങ്കാവ്, അബ്ദുന്നാസർ മുട്ടിൽ, ശമീം ഒതായി, സഅ്ദ് പുളിക്കൽ, മനാഫ് മാത്തോട്ടം, ഫൈസൽ വടകര, മുർഷിദ് അരീക്കാട്, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി സ്വാഗതവും യൂ.പി മുഹമ്മദ് ആമിർ നന്ദിയും പറഞ്ഞു.