കുവൈത്ത് സിറ്റി :ആത്മീയോൽകർഷത്തിന്റെയും ആത്മ സംസ്‌കരണത്തിന്റെയും വസന്തവേളയായ പരിശുദ്ധ റമളാനിനെ ക്രിയാത്മകമായും ഫലപ്രദമായും ഉപയോഗപ്പെടുത്താൻ വ്യക്തിഗത പ്ലാനുകളും ആസൂത്രണങ്ങളും നടത്തണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) മർക്കസ്സുദ്ദഅ് വ സംസ്ഥാന ട്രഷറർ എം. അഹ് മദ് കുട്ടി മദനി പറഞ്ഞു. ഇന്ത്യൻ ഇസ് ലാഹി സെന്റർ ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേന്ദ്ര ഇഫ്ത്വാർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവകുലത്തിന്റെ രക്ഷാകവചമായി അള്ളാഹു അവതരിപ്പിച്ച വിശുദ്ധ ഗ്രന്ഥത്തെ മനുഷ്യരുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി, ചോദ്യങ്ങൾക്കുള്ള ഉത്തരമായി, സംശയങ്ങൾക്കുള്ള നിവാരണമായി, ആത്മസംഘർഷങ്ങൾക്കുള്ള ശമനമായി ജനങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്താൻ നമ്മുക്ക് കഴിയണം. ഇസ്ലാമിക സാഹോദര്യത്തിന്റെ തിണ്ണബലത്തിൽ മാനവിക സാഹോദര്യത്തെ വാരിപുണരാൻ നമ്മുക്കാവണം. പരസ്പരം സഹായത്തിന്റെയും സഹകരണത്തിന്റെ മാസമായി റമളാനിൽ ദുരിതമനുഭവിക്കുന്നവർക്ക് തണലാകാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും സാധിക്കണം- അഹ് മദ് കുട്ടി മദനി വിശദീകരിച്ചു.

ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ഓഗനൈസിങ് സെക്രട്ടറി അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു. ഹാഷിൽ യൂനുസ് ഖിറാഅത്ത് നടത്തി.