കുവൈത്ത് സിറ്റി : കേന്ദ്ര സർക്കാറിന്റെ ഒമ്പത് വർഷത്തെ ഭരണ പരാജയത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാനാണ് ഏക സിവിൽ കോഡ് വിവാദത്തിലൂടെ ശ്രമിക്കുന്നതെന്ന് പി.വി അബ്ദുൽ വഹാബ് ബേപ്പൂർ സൂചിപ്പിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബസ്വീറ സംഗമത്തിൽ ഏക സിവിൽ കോഡിനെ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരിലെ ആഭ്യന്തര കലാപങ്ങൾ മാസങ്ങളായിട്ടും നിയന്ത്രിക്കാൻ സാധിക്കാത്ത ബിജെപി സർക്കാർ തികഞ്ഞ പരാജയമാണ്. ആസൂത്രിതമായ വിദ്വേഷ പ്രചരണങ്ങളിലുടെ രാജ്യത്തെ വർഗ്ഗീയമായി വിഭജിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്തം നരേന്ദ്ര മോദി സർക്കാരിനാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും കൊണ്ട് ഇന്ത്യയിലെ സാധാരണക്കാർ ദുരിതം പേറുകയാണ്.ഇത്തരത്തിലുള്ള അടിസ്ഥാന വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ച് വിവാദ വിഷയങ്ങൾ ചർച്ചയാക്കി സാമുദായിക ദ്രുവീകരണത്തിലൂടെ അടുത്ത തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുവാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് അബ്ദുൽ വഹാബ് വിശദീകരിച്ചു.

പറക്കാൻ സഹായകമായ ശരീരഘടന തൊട്ട് , ഭൂഖണ്ഡങ്ങൾ താണ്ടി ദേശാന്തര ഗമനം നടത്തുന്ന പറവകളെ , ദിശയും മാർഗ്ഗവും തെറ്റാതെ മടങ്ങിയെത്താൻ സഹായിക്കുന്ന ജനിതക രഹസ്യം വരെ , സവിസ്തരം വിശുദ്ധ ഖുർആനിൽ വിശകലനം ചെയ്യുന്ന രചനകൾ പക്ഷിശാസ്ത്ര പഠനത്തിനു വളരെ സഹായകമാണെന്ന് തദബ്ബുറുൽ ഖുർആനിൽ ക്ലാസെടുത്ത സൈദ് മുഹമ്മദ് റഫീഖ് വിശദീകരിച്ചു.ആരിഫ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, മുഹമ്മദ് ശാനിബ്, മുഹമ്മദ് ആമിർ യൂ.പി എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.