കൊച്ചി:(29.07.23) ആർക്കിടെക്ചർ പഠനം നടത്തിയ കലാലയത്തിന്റെ ആദരവ് ഏറ്റുവാങ്ങിയും ഓർമ്മകൾ പങ്കുവെച്ചും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ചലച്ചിത്ര താരം വിൻസി അലോഷ്യസ്. കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ ആഭിമുഖ്യത്തിൽ വൈറ്റില ആസാദി ആർക്കിടെക്ചർ കോളജ് ക്യാംപസിൽ നടന്നുവന്ന ദ്വിദ്വിന ദേശീയ സിംമ്പോസിയത്തിന്റെ വേദിയിൽ വച്ചാണ് ആസാദി ആർക്കിടെക്ചർ കോളജിലെ പൂർവ്വ വിദ്യാർത്ഥിനിയായിരുന്ന വിൻസി അലോഷ്യസിനെ ആസാദി ആർക്കിടെക്ചർ കോളജ് ചെയർമാൻ പ്രൊഫ.ബി ആർ അജിത് ആദരിച്ചത്.

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് വിൻസി അലോഷ്യസ് പറഞ്ഞു.ആർക്കിടെക്ച്ചർ പഠനത്തിനായി ആസാദിയിലെത്തിയ തനിക്ക് ചെയർമാൻ പ്രൊഫ ബി ആർ അജിത് സാറും ഭാര്യ ദേവി അജിത്തും മാതാപിതാക്കൾ മക്കൾക്കു നൽകുന്ന പരിഗണനയും സ്നേഹവുമാണ് സമ്മാനിച്ചതെന്നും വിൻസി അലോഷ്യസ് പറഞ്ഞു. ആസാദിയിലെ ആർക്കിടെക്ചർ വിദ്യാർത്ഥികളുടെ കലാമേളയിൽ മോണോ ആക്ട് അടക്കമുള്ള മൽസരങ്ങളിൽ പങ്കെടുത്ത് വിൻസി സമ്മാനങ്ങൾ നേടിയിരുന്നതിനെ പ്രൊഫ.ബി.ആർ അജിത് അനുസ്മരിച്ചു. ഇനിയും കൂടുതൽ ഉയരങ്ങളിലെത്താൻ വിൻസിക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 2014 കാലഘട്ടത്തിലായിരുന്നു വിൻസി ആസാദി കോളജിൽ ആർക്കിടെക്ചർ പഠനം നടത്തിയത്. വിൻസിയുടെ മാതാപിതാക്കളും ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു. ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ മൂന്നാം വാർഷികാഘോഷ ചടങ്ങിലും പങ്കെടുത്താണ് വിൻസി അലോഷ്യസ് മടങ്ങിയത്.