പത്തനംതിട്ട / കുവൈറ്റ് സിറ്റി : പത്തനംതിട്ട ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ കുവൈറ്റിലും നാട്ടിലുമുള്ള പ്രവാസികളും,മുൻപ്രവാസികളും കുടുംബങ്ങളും ഒത്തുചേർന്ന സൗഹൃദ കുടുംബ സംഗമം സംഘടിപ്പിച്ചു. ഓഗസ്റ്റ് 12 ശനിയാഴ്ച പത്തനംതിട്ട മൈലപ്ര സാംസ് ഗാർഡൻസ് ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടത്തിയത്. പത്തനംതിട്ട ജില്ലാ സൗഹൃദ വേദി ഗ്രൂപ്പ് നേതാക്കളായ ഉമ്മൻ ജോർജും ജയകുമാറും സംയുക്ത അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യാതിഥി പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡി വൈ എസ് പി) എസ്. നന്ദകുമാർ നിർവഹിച്ചു.

ഗ്രൂപ്പിന്റെ കാര്യ നിർവ്വാഹകനായ വിനു കല്ലേലി സ്വാഗതം ആശംസിക്കുകയും, കുവൈറ്റിലെ മുൻവ്യവസായികളായ ബിനു ജോൺ ഫിലിപ്പ്, രാഘുനാഥൻ നായർ, പ്രമുഖ സാഹിത്യകാരനായ കൈപ്പട്ടൂർ തങ്കച്ചൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.
സൗഹൃദവേദിയുടെ യുവ സാഹിത്യകാരനായ പി. വിവേക് മോഹൻ രചിച്ച 'കാലനും കലികാലം' എന്ന ചെറുകഥ സമാഹാരം കെ. ജയകുമാറിൽ നിന്ന് സ്വീകരിച്ചു ഡി വൈ എസ് പി എസ്. നന്ദകുമാർ പ്രകാശനം ചെയ്തു. ജോർജ് തോമസ് യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.

സാമുവേൽകുട്ടി, എബ്രഹാം ഡാനിയേൽ, ജോൺ മാത്യു, മോഹൻ കൈമൾ, രാജു സ്‌കറിയ, കുര്യാക്കോസ് കടമ്മനിട്ട, ഡേവിഡ് മേലേക്കൂറ്റു, സൈമൺ ജോൺ, കലൈവാണി സന്തോഷ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. പ്രതാപൻ മാന്നാർ നയിച്ച കുവൈറ്റ് മെലഡീസ് ട്രൂപ്പിന്റെ ഗാനമേള ചടങ്ങിന് മിഴിവേകി.