കുവൈത്ത് സിറ്റി : 'വിശ്വ മാനവികതക്ക് വേദ വെളിച്ചം' എന്ന പ്രമേയത്തിൽ 2024 ജനുവരി 25, 26, 27, 28 തിയ്യതികളിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഐ.ഐ.സി സംഘടിപ്പിച്ച ഖുർആൻ - വെളിച്ചം ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ ഒന്നാം സമ്മാനമായി ഗോൾഡ് കോയിൻ നറുക്കെടുപ്പിലൂടെ കണ്ണൂർ പെരിങ്ങാടിയിലെ റംഷിദ് തോട്ടത്തിന് ലഭിച്ചു. മുനീർ മുഹമ്മദ്, ബുഷ്‌റ അബൂബക്കർ എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

മർഹും അമാനി മൗലവിയുടെ ഖുർആൻ സമ്പൂർണ്ണ പരിഭാഷയെ അവലംബിച്ച് സൂറ. സജദയായിരുന്നു മത്സരത്തിന് തെരെഞ്ഞെടുത്തിരുന്നത്. മത്സരത്തിൽ കുവൈത്തിൽ നിന്നും നാട്ടിൽ നിന്നും കൂടാതെ ബഹ്‌റൈൻ, ഖത്തർ, ഒമാൻ, ദുബൈ, തുർക്കി തുടങ്ങി വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുമായി ആയിരത്തിൽപരം ആളുകൾ പങ്കെടുത്തു. പതിനാല് ദിവസം നീണ്ടു നിന്ന മത്സരത്തിൽ പ്രോത്സാഹന സമ്മാനത്തിന് 28 പേരെ തെരെഞ്ഞെടുത്തിരുന്നു.

സാൽമിയയിൽ നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിനറെ കുവൈത്തതല പ്രചരണ സംഗമത്തിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. ബിൻസീർ പുറങ്ങ് നറുക്കെടുത്ത് വിജയിയെ ഇന്ത്യൻ ഇസ്ലാഹി സെന്റർ (കുവൈത്ത്) പ്രസിഡന്റ് യൂനുസ് സലീം പ്രഖ്യാപിച്ചു.
ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ട്രഷറർ അനസ് മുഹമ്മദ്, ഖ്യു.എൽ.എസ് സെക്രട്ടറി നാസർ മുട്ടിൽ എന്നിവർ സംബന്ധിച്ചു. വിജയിക്കുള്ള സമ്മാനം കെ.എൻ.എം (മർക്കസ്സുദ്ദഅ് വ ) സംസ്ഥാന സെക്രട്ടറിയിൽ നിന്ന് വിജയിക്ക് വേണ്ടി സഅ് ദ് പുളിക്കൽ ഏറ്റുവാങ്ങി.