കുവൈത്ത് സിറ്റി : മനുഷ്യന്റെ മാർഗദർശനമാണ് ഖുർആനിന്റെ മുഖ്യ പ്രമേയമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹവല്ലിയിൽ സംഘടിപ്പിച്ച ഖുർആൻ ലേണിങ് സ്‌കൂൾ (ഖ്യു.എൽ.എസ്) സംഗമം പറഞ്ഞു. ഖുർആൻ പഠനത്തിന്റെ പ്രതിഫലനം ഉണ്ടാക്കേണ്ടത് പ്രവൃത്തിപഥത്തിലാണ്. വിശ്വാസം, ആരാധനകൾ പുണ്യങ്ങൾ, സ്വഭാവ മഹിമ തുടങ്ങിയ രംഗങ്ങളിലെല്ലാം ഖുർആൻ നിറഞ്ഞുനിൽക്കുകയെന്നതാണ് ഫലപ്രദമായ പഠനമായി മതം കാണുന്നത്. വിശ്വാസവും ഭക്തിയും പുണ്യങ്ങളോടുള്ള ആഭിമുഖ്യവും ആർജിക്കാൻ കഴിയുന്നില്ലെങ്കിൽ ഖുർആൻ പഠനം പരാജയമായിരിക്കുമെന്ന് സംഗമം വിശദീകരിച്ചു.

സംഗമം ശൈഖ് സമീർ റിസ്‌ക് ഗസ്സി ഉദ്ഘാടനം ചെയ്തു. ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, അനസ് മുഹമ്മദ്, മനാഫ് മാത്തോട്ടം, അബ്ദുന്നാസർ മുട്ടിൽ, ഷാനിബ് പേരാമ്പ്ര എന്നിവർ സംസാരിച്ചു.

ഖ്യു.എൽ.എസ് സംഘടിപ്പിച്ച വിവിധ മത്സരത്തിലെ വിജയികൾക്കും, ജഹ്‌റ പിക്‌നിക്കിലെ വിജയികൾക്കുമടക്കം അമ്പതോളം സമ്മാനം സംഗമത്തിൽ വിതരണം ചെയ്തു.