കുവൈത്തിൽ പെട്രോൾ വില വർധന റദ്ദാക്കി കൊണ്ട് അഡ്‌മിനിസ്ട്രേറ്റീവ് കോടതി വിധി പ്രസ്താവിച്ചെങ്കിലും പെട്രോൾ പമ്പുകളിൽ നിലവിലെ വർധിത നിരക്ക് തന്നെ തുടരും. റിവ്യൂ ഹരജി നൽകാൻ സർക്കാരിന് കോടതി 15 ദിവസത്തെ സമയം അനുവദിച്ചതിനാൽ പുതിയ ഉത്തരവ് വരുന്നത് വരെ തൽസ്ഥിതി തുടരുന്നതിന് നിയമ തടസ്സമുണ്ടാകില്ലെന്നാണ് കോടതി വൃത്തങ്ങൾ നൽകുന്ന സൂചന .

പാർലിമെന്റിന്റെ അനുമതിയില്ലാതെ പെട്രോൾ നിരക്ക് വർധിപ്പിച്ച സർക്കാർ നടപടി ക്കെതിരെ അഭിഭാഷകനായ നവാഫ് അൽ ഫസീഹിന്റെ നേതൃത്വത്തിൽ സമർപ്പിക്കപ്പെട്ട പൊതു താല്പര്യ ഹരജിയിലാണ് ബുധനാഴ്ച കാലത്തു അഡിമിനിസ്‌ട്രേറ്റിവ് കോടതിയുടെ അനുകൂല വിധിയുണ്ടായത്.നടപടിക്രമങ്ങൾ പാലിക്കാതെ ധൃതി പിടിച്ചു നടപ്പാക്കിയ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നു വിലയിരുത്തിയാണ് കോടതി നിരക്ക് വർദ്ധന റദ്ദാക്കിയത്.

സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി സെപ്റ്റംബർ ഒന്നുമുതലാണ് കുവൈത്ത് പെട്രോൾ നിരക്കിൽ 40 മുതൽ 83 ശതമാനം വരെ വർധന നടപ്പാക്കിയത്. പ്രീമിയം പെട്രോളിന് ലിറ്ററിന് 60 ഫിൽസ്, സൂപ്പർ പെട്രോളിന് 65 ഫിൽസ്, ലോ എമിഷൻ അൾട്ര പെട്രോളിന് 95 ഫിൽസ് എന്നിങ്ങനെയുണ്ടായിരുന്നത് യഥാക്രമം 85, 105, 165 ഫിൽസ് ആയി വർധിപ്പിക്കു കയായിരുന്നു.