കുവൈത്ത് സിറ്റി: ടൊറൻസിനും കുടുംബത്തിനും ദൈവമാണ് ഈ കുവൈത്തി. പ്രളയത്തിൽ ഒരു വയസ്സുള്ള കുഞ്ഞുമായി നടു റോഡിൽ അകപ്പെട്ടപ്പോൾ ടൊറൻസ് പലരോടും സഹായം ചോദിച്ചു. എന്നാൽ പിഞ്ചു കുഞ്ഞുള്ള ആ കുടുംബത്തിന്റെ അപേക്ഷ ആരും കേൾക്കാൻ കൂട്ടാക്കിയില്ല. കോരി ചൊരിയുന്ന മഴയിൽ എന്തു ചെയ്യുമെന്ന് അറിയാതെ നിന്ന ടൊറൻസിനും കുടുംബത്തിനുും രക്ഷകനായത് ഒരു കുവൈത്തിയാണ്. സ്വന്തം കാറിൽ കയറ്റാൻ മനസ്സ് കാണിച്ച അയാൾ ഈ മലയാളി കുടുംബത്തെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു.

ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ടെറൻസും ഭാര്യ പ്രിയയും ഒരു വയസ്സുകാരിയായ മകൾ ഹെയ്തലും പ്രളയത്തിൽ അകപ്പെടുകയായിരുന്നു. സ്വദേശികൾ താമസിക്കുന്ന പ്രദേശത്ത് എത്തിയപ്പോഴേക്കും ടാക്‌സി ചെളിയിൽ കുടുങ്ങി. കാർ അല്പം പോലും നീങ്ങാൻ കഴിയാത്ത അവസ്ഥയിലായതിനെ തുടർന്ന് കടന്നു പോയ വാഹനങ്ങളോട് സഹായം അഭ്യർത്ഥിച്ചു. എന്നാൽ ആരും വാഹനം നിർത്തുകയോ സഹായിക്കുകയോ ചെയ്തില്ല. ഒരാൾ നിഷ്‌കരുണം സഹായാഭ്യർത്ഥന നിരസിക്കുകയും ചെയ്തു. സ്വദേശികൾ താമസിക്കുന്ന പ്രദേശമായതിനാൽ മറ്റ് വാഹനങ്ങൾ ലഭിച്ചതുമില്ല.

കുഞ്ഞുമായി കെഞ്ചിയിട്ടും പലരും നിർത്താൻ മനസ്സുകാണിച്ചില്ല. അഭ്യർത്ഥന നിരസിച്ച് മുന്നോട്ട് പോയ ഒരു വാഹനം അല്പസമയത്തിന് ശേഷം തിരിച്ചെത്തുകയായിരുന്നു. ഉപേക്ഷിച്ച് പോകുന്നത് ശരിയല്ല എന്ന ചിന്തയായിരുന്നു ആ തിരിച്ച് വരവിന് പിന്നിൽ. താമസസ്ഥലത്തേക്ക് എത്താൻ കഴിഞ്ഞില്ലെങ്കിൽ തന്റെ വീട്ടിൽ താമസിക്കാനുള്ള സൗകര്യങ്ങൾ ചെയ്യാമെന്നും സ്വദേശിയായ അദ്ദേഹം ഉറപ്പ് നൽകി.

ഒടുവിൽ ദുരിത വഴികളിലൂടെ അദ്ദേഹം ടെറൻസിനെയും കുടുംബത്തെയും ലക്ഷ്യസ്ഥാനത്തെത്തിക്കുകയായിരുന്നു അദ്ദേഹം. മകൾ ഹെയ്‌സലിന് സ്‌നേഹ ചുംബനവും നൽകി സ്വദേശിയായ അയാൾ തിരിച്ചു പോയി. പേരറിയാത്ത അദ്ദേഹത്തിന് നന്ദി പറയയാൻ കാത്തിരിക്കുകയാണ് ഈ മലയാളി കുടുംബം. കുവൈത്തിലെ ഒരു സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനാണ് ടെറൻസ്.