കുവൈറ്റ് സിറ്റി: സ്വദേശീവത്ക്കരണം ശക്തമാകുന്നതിന്റെ ഭാഗമായി കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലും വിദേശികളെ പിരിച്ചുവിടുന്നു. 2016-17 കാലയളവിൽ 56 വിദേശികളെ പേരെ പിരിച്ചുവിടുന്ന രീതിയിൽ നേരത്തെ തന്നെ ലിസ്റ്റ് തയാറാക്കിയിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികളെ ബാധിക്കുന്നതാണ് സർക്കാരിന്റെ ഈ നടപടി. 

പിരിച്ചുവിടാൻ ലിസ്റ്റ് തയാറാക്കിയിരിക്കുന്ന വിദേശികളുടെ തൊഴിൽ കരാർ അവസാനിച്ച ശേഷം പുതുക്കി നൽകുകയില്ല. പകരം കുവൈറ്റ് സ്വദേശികളെ ആ തസ്തികകളിൽ നിയമിക്കുമെന്നാണ് കുവൈറ്റ് യൂണിവേഴ്‌സിറ്റി സെക്രട്ടേറിയറ്റ് ജനറൽ വ്യക്തമാക്കിയിരിക്കുന്നത്. സിവിൽ സർവീസ് കമ്മീഷന്റെ നിർദേശപ്രകാരമാണ് വിദേശികളെ തൊഴിലിൽ നിന്നു പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് യൂണിവേഴ്‌സിറ്റി സെക്രട്ടേറിയറ്റ് അറിയിച്ചിരിക്കുന്നത്. സർക്കാർ ജോലികൾ സ്വദേശീവത്ക്കരിക്കുക, ഓരോ വർഷവും കുവൈറ്റ് സ്വദേശികളല്ലാത്ത 15 ശതമാനം ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുക എന്നിവ സിവിൽ സർവീസ് കമ്മീഷന്റെ നിർദേശങ്ങളിൽ പെടുന്നു.