- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പോപ്പുലർ ഫ്രണ്ടുമായി സിദ്ദിഖ് കാപ്പന് ബന്ധമില്ല; കസ്റ്റഡിയിൽ മർദ്ദനത്തിനും മറ്റ് പീഡനങ്ങൾക്കും ഇരയായി എന്നും കെ.യു.ഡബ്ല്യൂ.ജെ; മലയാളി മാധ്യമ പ്രവർത്തകന്റെ അറസ്റ്റിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പത്രപ്രവർത്തക യൂണിയൻ
ന്യൂഡൽഹി: ഹത്രാസ് പീഡനക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകവെ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ അനധികൃതമായി അറസ്റ്റ് ചെയ്തത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.യു.ഡബ്ല്യൂ.ജെ. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് പത്രപ്രവർത്തക യൂണിയൻ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഉത്തർ പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം സിദ്ദിഖ് കാപ്പൻ മർദ്ദനത്തിനും മറ്റ് പീഡനങ്ങൾക്കും ഇരയായി എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പോപ്പുലർ ഫ്രണ്ടുമായി സിദ്ദിഖ് കാപ്പന് ബന്ധമില്ല. സംഘടനയുടെ ഓഫീസ് സെക്രട്ടറിയാണ് എന്ന യുപി പൊലീസ് വാദം ശരിയല്ല. അറസ്റ്റ് ചെയ്യുമ്പോൾ വിവാദ ലഘുലേഖകൾ കണ്ടെടുത്തു എന്ന വാദവും തെറ്റാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദ്ദേശിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കെയുഡബ്ല്യുജെ സത്യവാങ്മൂലം സമർപ്പിച്ചത്.
കോളിളക്കം സൃഷ്ടിച്ച ഹത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ ഉത്തർ പ്രദേശിലെ മഥുരയിലെത്തിയ വേളയിലാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. 55 ദിവസത്തിന് ശേഷം കഴിഞ്ഞാഴ്ചയാണ് അദ്ദേഹം ജയിലിൽ നിന്ന് കുടുംബത്തെ ഫോണിൽ വിളിച്ചത്. പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് സിദ്ദീഖ് കാപ്പന് അഭിഭാഷകനെയും ഇപ്പോൾ കുടുംബത്തെയും ഫോണിൽ വിളിക്കാൻ അവസരം ലഭിച്ചത്.
ഒക്ടോബർ അഞ്ചിനാണ് മഥുരയിൽ വച്ച് സിദ്ദിഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. സുപ്രീംകോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് അഭിഭാഷകനുമായ സംസാരിക്കാൻ യുപി ജയിൽ അധികൃതർ സിദ്ദിഖ് കാപ്പനെ അനുവദിച്ചു. 5 മിനുട്ടാണ് അഭിഭാഷകനുമായി സംസാരിച്ചത്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് മാധ്യമപ്രവർത്തകനാണ് സിദ്ദീഖ് കാപ്പൻ. ഡൽഹി ജേണലിസ്റ്റ് യൂണിയന്റെ ഭാരവാഹി ആയിരുന്നു. മറ്റു മൂന്ന് പേർക്കൊപ്പമാണ് കാപ്പനെ മഥുരയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു. യുഎപിഎ നിയമ പ്രകാരമാണ് കാപ്പനും മറ്റുള്ളവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. മറ്റു മൂന്ന് പേരും മഥുര കോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചിട്ടുണ്ടെങ്കിലും കാപ്പൻ ജാമ്യ ഹർജി സമർപ്പിച്ചിരുന്നില്ല. കാപ്പന് വേണ്ടി ജേണലിസ്റ്റ് യൂണിയനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മറുനാടന് ഡെസ്ക്