ണ്ടമാത്രയിൽ തന്നെ രണ്ടാമതൊന്നും ആലോചിക്കാതെ വിടർന്ന ചിരി, ഇടയ്ക്കിടെ സൗഖ്യാന്വേഷണം, സന്ദർശനം, ഓരോതവണ കാണുമ്പോഴും ഹസ്തദാനം... ഇന്നലെ വരെ നേർക്കുനേർ കണ്ടാൽ പോലും ഗൗരവമൗനം നടിച്ച് 'ആരെടായിവൻ'എന്ന മട്ടിൽ ആകാശം നോക്കി കടന്നുപോകുന്ന ഈ 'മാധ്യമസിംഗ'ത്തിന് ഇതെന്തുപറ്റി? അഞ്ചുവർഷത്തിലൊരിക്കൽ മാത്രം രാഷ്ട്രീയ നേതാക്കളിൽ കാണുന്ന അപൂർവ പ്രതിഭാസം ഇപ്പോൾ 'കടലാസുപുലി'കളിലേക്കും പകർന്നിരിക്കുന്നു, തിരഞ്ഞെടുപ്പുജ്വരം എന്നാണിതിന് പേര്..!

മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്ന ഇക്കാലത്ത് ഇതെല്ലാം സ്വഭാവികം. വോട്ടേഴ്സ് ലിസ്റ്റിൽ അംഗങ്ങളായതിന്റെ
പേര് ഫോൺ കോൾ പീഡനത്തിന് വരെ ഇരയാവുകയാണ് സാധുക്കളായ ചില മാധ്യമപ്രവർത്തകർ. ട്രേഡ് യൂണിയൻ തിരഞ്ഞെടുപ്പിൽ താത്പര്യമുണ്ടെങ്കിലും നിരന്തരം വിമർശനവിധേയനാകുന്ന രാഷ്ട്രീയക്കാരന്റെ കുപ്പായം മാധ്യമ പ്രവർത്തകർ അണിയുന്നതിൽ ചിലർക്കെങ്കിലും അതൃപ്തിയുണ്ട്. ഫോൺ കോൾ പീഡനത്തെ കുറിച്ച് ഒരു മാധ്യമ സുഹൃത്ത് പറഞ്ഞതിങ്ങനെ...

ഡെസ്‌കിൽ ജോലി ചെയ്യുന്നതിനാൽ പുലർച്ചെയോടെയാണ് വീട്ടിലെത്തുക, ഉറക്കം തുടങ്ങി ഒന്നോ രണ്ട് മണിക്കൂർ പിന്നിടുമ്പോഴേക്കും ഫോൺ കോളുകളെത്തിത്തുടങ്ങും, സംസ്ഥാന കമ്മിറ്റിക്കാർ, ജില്ലാ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നവർ അങ്ങനെയങ്ങനെ... പാനലുകാരുടെയും,
സ്വതന്ത്രരുടെയും എല്ലാം കൂടി പത്തോ പതിനഞ്ചോ കോളുകൾ. ഇതോടെ ഉറക്കം തഥൈവ. ഉറക്കം പോയാലും വിപ്ലവം വിജയിക്കട്ടെ, അതാണല്ലോ അതിന്റെയൊരിത്.

70 മുതൽ 125 വരെ അംഗങ്ങളുള്ള ഓരോ പ്രസ് ക്ലബ്ബുകൾക്ക് കീഴിലും അതിന്റെ മൂന്നിലൊന്നോ നാലിലൊന്നോ പേർ മത്സരിക്കുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം. രാഷ്ട്രീയ പാർട്ടികളിലെ ഭിന്നതയെ കുറിച്ചും മൂല്യച്യുതിയെ കുറിച്ചും ലേഖനങ്ങളെഴുതുന്ന സിംഗങ്ങൾക്ക് ട്രേഡ് യൂണിയൻ തിരഞ്ഞെടുപ്പിൽ മൂന്നോ നാലോ പാനൽ വേണം വിപ്ലവം വിരിയിക്കാൻ എന്നതും ശ്രദ്ധേയം. കൈയിൽ കിട്ടിയ പണച്ചാക്കിനെ ഉള്ളം കൈയിൽ വച്ച് പത്രപ്രവർത്തനം കച്ചോടമാക്കിയവരും പ്രസംഗപീഠത്തിൽ കയറാൻ ഭാരവാഹിയാകുന്നവരും അതിനുമപ്പുറം പത്രപ്രവർത്തക യൂണിയനെ വിപ്ലവപ്രസ്ഥാനമാക്കാൻ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

ഒന്നും ഒളിച്ചുവയ്ക്കാൻ പറ്റാത്ത വിധം സാമൂഹിക മാധ്യമങ്ങളുള്ള പുതിയ കാലത്ത് മാധ്യമപ്രവർത്തകന്റെ കുപ്പായത്തിൽ ചെളി പുരളാതിരിക്കാൻ വളരെയേറെ ശ്രദ്ധ അനിവാര്യമാണ്. തിരഞ്ഞെടുപ്പും വോട്ടുപിടുത്തവും അതിന് പിന്നിലെ കള്ളക്കളികളും എല്ലാം പുതിയ ഭാരവാഹികൾ വരുന്നതോടെ മറന്ന് മണ്ണടിയും. എന്നാൽ അതിനുമുമ്പേ വാരിയെറിയുന്ന ചെളി കഴുകിക്കളയാൻ പിന്നീട് കാലങ്ങൾ വേണ്ടിവരും. ഈ തൊഴിൽമേഖലയെ ആകെ അത് നാണം കെടുത്തുകയും ചെയ്യും.

പിന്നീടൊരിക്കലും തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടാനോ ഉറക്കെ വിളിച്ചുപറയാനോ കഴിയാതെ വരും. പീഡനക്കേസിൽപ്പെട്ട നടൻ ജയിലിൽ നിന്നും പുറത്തിറങ്ങി സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പരസ്യചിത്രത്തിൽ അഭിനയിച്ചാൽ എങ്ങനെയിരിക്കും, എന്താകും പൊതുജനമദ്ധ്യേ അതിന്റെ സ്വീകാര്യത. അതുകൊണ്ട് അനിഷ്ടങ്ങളൊന്നും അരങ്ങേറാതിരിക്കട്ടെ... മാധ്യമപ്രവർത്തന മേഖലയെ യഥാർത്ഥത്തിൽ ശുദ്ധീകരിക്കാൻ തന്നെയാകട്ടെ ഈ തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 22ന് നടക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ...!