കോഴിക്കോട്: കടുത്ത പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടിയ ഇന്ത്യാവിഷൻ ചാനലിലെ ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടൻ തീർത്തു നൽകാൻ മന്ത്രി എം കെ മുനീർ തയ്യാറാകണമെന്ന് കേരളാ പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. ഏപ്രിൽ ഏഴിനകം ശമ്പള കുടിശ്ശിക തീർത്തു നൽകാൻ ചെയർമാനായ മുനീർ തയ്യാറാകണം. അല്ലാത്തപക്ഷം മന്ത്രിയുടെ കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും വസതികൾ പിടിച്ചെടുക്കുമെന്നും മുനീറിന്റെ കോഴിക്കോട്ടെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ കെ.യു.ഡബ്ലു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി എൻ പത്മനാഭൻ പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതുവരെ അദ്ദേഹത്തിന്റെ ഇരുവസതികളിലും കഞ്ഞിവെപ്പ് സമരം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുനീറിനോട് മാത്രമല്ല, മാദ്ധ്യമരംഗത്തെ വന്മുതലാളിമാർക്കുമുള്ള മുന്നറിയിപ്പാണ് ഈ തൊഴിലാളി മാർച്ചെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകർ രാപ്പകൽ അധ്വാനിച്ചുണ്ടാക്കുന്ന മൂല്യം വിറ്റ് ഫോർത്ത് എസ്‌റ്റേറ്റിന്റെ പേരിൽ ഞെളിഞ്ഞിരിക്കാമെന്ന് ഒരു മാദ്ധ്യമ മുതലാളിയും ഇനി കരുതേണ്ടെന്നും എൻ പത്മനാഭൻ താക്കീത് നൽകി. ഒരു മാസത്തോളമായി ചാനൽ സംപ്രേഷണം മുടങ്ങിയിരിക്കയാണ്.

കഴിഞ്ഞ അഞ്ചു മാസമായി ഇന്ത്യാവിഷനിലെ ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല. നിലവിൽ ചാനൽ സംപ്രേഷണം നിലയ്ക്കുക കൂടി ചെയ്തതോടെ ജീവനക്കാർ തൊഴിൽ രഹിതരായി മാറി. ഈ സാഹചര്യത്തിൽ ജോലി സ്ഥിരത ഉറപ്പുവരുത്തുക, ശമ്പള കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാദ്ധ്യമപ്രവർത്തകർ മന്ത്രി ഡോ. എം.കെ മുനീറിന്റെ കോഴിക്കോട്ടെ വസതിയിലേക്ക് മാർച്ച് നടത്തിയത്.

മാർച്ച് വീടിന് സമീപം വച്ച് പൊലീസ് തടഞ്ഞു. ലേബർ കമ്മീഷണറും തൊഴിൽമന്ത്രിയും ഇടപ്പെട്ട് മാർച്ച് 10 നകം പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് മുനീറിനോട് ആവശ്യപ്പെട്ടിരുന്നു. സിഐടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി രാമകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഇന്ത്യാവിഷനിലെ തൊഴിലാളികൾ സ്വതന്ത്ര്യമാദ്ധ്യമ പ്രവർത്തനത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ചവരാണ്. ഈ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുവാനാണ് മന്ത്രി എം.കെ മുനീർ തയ്യാറാവേണ്ടതെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.

സർവ്വീസ് ടാക്‌സ് അടച്ചില്ലെന്ന പേരിൽ റിപ്പോർട്ടർ ചാനൽ മുതലാളിയെ ഒരു നിയമവും പാലിക്കാതെ അറസ്റ്റു ചെയ്യാൻ ശ്രമിക്കുമ്പോഴാണ് തൊഴിൽ മന്ത്രി ഷിബു ബേബി ജോണിന്റെ മദ്ധ്യസ്ഥതയിലുണ്ടാക്കിയ കരാർ പാലിക്കാൻ ചാനലുടമസ്ഥനായ മന്ത്രി മുനീറോ ഇന്ത്യാവിഷൻ മാനേജ്‌മെന്റോ തയ്യാറാവാത്തത്. അവർക്കെതിരായി ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും ടി.പി രാമകൃഷ്ണൻ കുറ്റപ്പെടുത്തി. രാജ്യത്ത് ഇതുവരെ നിലനിന്നിരുന്ന തൊഴിലാളികൾക്കനുകൂലമായ നിയമങ്ങൾ സർക്കാറുകൾ പൊളിച്ചെഴുതുന്നതും ഇതിനോട് കൂട്ടിക്കാണണമെന്നും ടി.പി രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.

കേരള മാദ്ധ്യമ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചാനൽ മുതലാളിയുടെ വീട്ടിലേക്ക് പത്രപ്രവർത്തകർ മാർച്ചു ചെയ്തിരിക്കുന്നത്. മാർച്ചിനെ അഭിസംബോധന ചെയ്ത് വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിച്ചു. ഇന്ത്യാവിഷൻ ചാനൽ കൊണ്ട് എന്താണ് മന്ത്രി എം.കെ മുനീർ നേടിയതെന്ന് പരിശോധിക്കണമെന്നായിരുന്നു മാദ്ധ്യമപ്രവർത്തകർ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രതികരണം.