തിരുവനന്തപുരം: നിലാപൊങ്കലായേലോ ... എന്ന പാട്ടിന്റെ താളത്തിൽ നടന്നുനീങ്ങുന്ന കാളവണ്ടിക്കും മാണിക്കനുമൊപ്പം സിനിമാലോകത്തേക്കും പ്രേക്ഷകമനസിലേക്കം നടന്നുകയറിയ വ്യക്തിത്വമായിരുന്നു കെ വി ആനന്ദ് എന്ന അതുല്യപ്രതിഭ.സിനിമാറ്റൊഗ്രഫിയും എഡിറ്റിങ്ങുമൊന്നും ഇന്നത്തെ അത്രത്തോളം വിപുലമാകാതിരുന്നകാലത്ത് ഇന്നത്തെ സാങ്കേതിക വിദ്യയപ്പോലും വിസ്മയിപ്പിക്കുന്ന ഫ്രെയ്മുകളാണ് കെ വി ആനന്ദ് എന്ന നവാഗതനായ ക്യാമറാമാൻ സമ്മാനിച്ചത്. ഈ ഒരൊറ്റ ചിത്രം തന്നെ മതിയാകും കെ വി ആനന്ദ് എന്ന പ്രതിഭയെ അടയാളപ്പെടുത്താൻ.

പൊള്ളാച്ചി, കർണ്ണാടകയിലെ ഗ്രാമീണ അന്തരീക്ഷം എന്നിവയുടെ അന്നുവരെയൊ അതിനുശേഷമോ കാണാത്ത ദൃശ്യഭംഗി സമ്മാനിക്കാൻ അദ്ദേഹത്തന് സാധിച്ചു.അതുകൊണ്ട് തന്നെയാണ് സിനിമാറ്റൊഗ്രഫി പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിയുടെയും പാഠപുസ്തകമായി ഈ ചിത്രം മാറുന്നതും.തേന്മാവിൻ കൊമ്പത്തിന് ശേഷം പ്രിയനുമായി ചേർന്നപ്പോഴെല്ലാം കഥയും കഥാപരിസരവും ആവശ്യപ്പെടുന്ന ഫ്രെയ്മുകൾ അതിന്റെ ഏറ്റവും റിച്ച് ആയ രീതിയിൽ തന്നെയാണ് അദ്ദേഹം പ്രേക്ഷകനു പകർത്തി നൽകിയത്.ചന്ദ്രലേഖയും മിന്നാരവുമൊക്കെ ഇതിന്റെ തെളിവുകളാണ്.

പ്രിയന്റെ പ്രിയനാകുന്നത് ഗോപുരവാസലിലൂടെ

സിനിമാറ്റോഗ്രഫിയിലെ ഔപചാരിക വിദ്യാഭ്യാസത്തിന് ശേഷം സിനിമയിലെത്തണം എന്ന മോഹവുമായി കെ വി ആനന്ദ് സമീപിക്കുന്നത് അന്നത്തെ പ്രശസ്തനായ ഛായഗ്രാഹകൻ പി സി ശ്രീറാമിനെ ആയിരുന്നു. അദ്ദേഹത്തിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചുവരുന്ന സമയത്താണ് പ്രിയദർശൻ തന്റെ ആദ്യ തമിഴ്ചിത്രമായ ഗോപുരവാസലിന് വേണ്ടി ശ്രീറാമിനെ സമീപിക്കുന്നത്.ഗോപുരവാസലിന്റെ ചിത്രീകരണസമയത്ത് പ്രിയദർശന്റെ ശ്രദ്ധമുഴുവൻ ശ്രീരാമിന്റെ സഹായികളിലായിരുന്നു. അങ്ങിനെയാണ് കെ വി ആനന്ദ് എന്ന പ്രതിഭയെയും പ്രിയന്റെ കണ്ണിൽപ്പെടുന്നത്.

അതിലൊരാളെ 1991 ൽ 'അഭിമന്യു' വിന്റെ ക്യാമറ ഏൽപ്പിച്ചപ്പോൾ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് നേടിയാണ് ജീവ എന്ന പി സി ശ്രീറാമിന്റെ അസിസ്റ്റന്റ് വരവറിയിച്ചത്. അതിലും മികച്ചൊരു സമ്മാനമാണ് കെ വി ആനന്ദ് പ്രിയനായി കാത്തുവച്ചത്.1994ലാണ് പ്രിയൻ ചിത്രങ്ങളിലെ ആസ്ഥാന എഡിറ്റർ കൂടിയായ ഗോപാലകൃഷ്ണൻ ആദ്യമായി നിർമ്മാതാവാകുന്ന 'തേന്മാവിൻ കൊമ്പത്ത്'പുറത്തിറങ്ങുന്നത്. ഇക്കുറി പി സിയുടെ രണ്ടാമത്തെ അസിസ്റ്റന്റ് ആയ കെ വി ആനന്ദിനെയാണ് പ്രിയൻ ക്യാമറാമാനായി തെരഞ്ഞെടുത്തത്.അതിന് മറുപടി ഇദ്ദേഹം നൽകിയത് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് നേടിയിട്ടായിരുന്നു.

ഈ കൂട്ടുകെട്ട് മിന്നാരത്തിലേക്കും അവിടെ നിന്ന് ചന്ദ്രലേഖയിലേക്കും ഈ കൂട്ടുകെട്ട് വളരുകയും ചെയ്്തു.ഈ ചി്ത്രങ്ങളിലൊക്കെത്തന്നെയും കെ വി ആനന്ദിന്റെ ക്യാമറ വൈഭവം പ്രേക്ഷൻ അനുഭവിച്ചറിഞ്ഞതാണ്. ഒരോ കഥയും കഥാപശ്ചാത്തലവും ആവശ്യപ്പെചുന്ന ഫ്രെയ്മുകൾ അതിന്റെ ഏറ്റവും പൂർണ്ണതയോടെ നൽകുന്നതാണ് ആനന്ദിന്റെ ഏറ്റവും വലിയ മേന്മ.തുടർന്ന് തമിഴിലെത്തിയപ്പോഴും അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകൾ ഈ വൈഭവം തുടർന്നു.കാതൽദേശം എന്ന ചിത്രത്തിലുടെ അരങ്ങേറി തമിഴിലെ ബിഗ്ബജറ്റ് ചിത്രങ്ങളുടെ ഉൾപ്പടെ ക്യാമറമാനായി ആനന്ദ് തന്റെ സാന്നിദ്ധ്യമറിയിച്ചു.മലയാളത്തിലെ പ്രിയദർശനമായിരുന്നുവെങ്കിൽ തമിഴിൽ ശങ്കറായിരുന്നു കെ വി ആനന്ദിനെ കൂടുതലായി ഉപയോഗപ്പെടുത്തിയത്.മുതൽവൻ, ബോയ്സ്, ശിവാജി തുടങ്ങിയ ചിത്രങ്ങളിലൊക്കെത്തന്നെയും ശങ്കറിനായി ക്യാമറ ചലിപ്പിച്ചത് ആനന്ദായിരുന്നു. ലെജന്റ് ഓഫ് ഭഗത് സിങ്ങ് ഉൾപ്പടെ ഹിന്ദിയിലും സാന്നിദ്ധ്യമറിയിച്ചു.

സംവിധായകനായി അടയാളപ്പെടുത്തിയത് 'കോ'

വർഷങ്ങളുടെ അനുഭവ സമ്പത്തുമായാണ് ക്യാമറമാനിൽ നിന്ന് സംവിധായകനിലേക്ക് കെ വി ആനന്ദ് എത്തുന്നത്.പ്രിഥ്വിരാജിനെ പ്രഥാന കഥാപാത്രമാക്കി 2005 ൽ സംവിധാനം ചെയ്ത കനാകണ്ടേനാണ് ആദ്യ സംവിധാന സംരഭം.

ഈ ചിത്രം ശരാശരി വിജയം നേടിയപ്പോൾ രണ്ടാം ചിത്രമായ അയൻ തമിഴിലെ ഏക്കാലത്തെയും വലിയ വാണിജ്യവിജയത്തിലൊന്നായിമാറി.തുടർന്നെത്തിയ കോ എന്ന ചിത്രം അദ്ദേഹത്തിന്റെ സംവിധായക റോളിലെ ഏറ്റവും മികച്ച ചിത്രമായി.വാണീജ്യവിജയത്തിനൊപ്പം നിരൂപക പ്രശംസനേടാനും ചിത്രത്തിന് കഴിഞ്ഞു.

പിന്നീട് മൂന്നുചിത്രങ്ങളെത്തിയെങ്കിലും അവയൊന്നും വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല.പുതിയ ചിത്രത്തന്റെ ആലോചനകൾക്കിടെയാണ് അപ്രതീക്ഷിതമായി ആനന്ദിന്റെ ക്യാമറക്കണ്ണുകൾ മിഴിയടക്കുന്നത്.