ചെന്നൈ: അന്തരിച്ച സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് കോവിഡ് ബാധിതനായിരുന്നുവെന്ന് റിപ്പോർട്ട്. കോവിഡ് രോഗബാധയെ തുടർന്നുള്ള മരണമായിരുന്നതിനാൽ  അന്ത്യകർമ്മങ്ങളിൽ ആരെയും പങ്കെടുക്കാൻ അനുവദിച്ചില്ല.

മൃതദേഹം കുടുംബത്തിന് വിട്ടു നൽകാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെന്നൈയിലെ ബസന്ത് നഗർ ശ്മശാനത്തിൽ സംസ്‌കരിച്ചു. മൃതദേഹം ദഹിപ്പിക്കുന്നതിനായി കോർപേറേഷൻ അധികൃതർക്കു നേരിട്ടു കൈമാറുകയായിരുന്നു. അതേസമയം, ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് കുടുംബാംഗങ്ങൾക്ക് അവസരമൊരുക്കിയിരുന്നു.

രണ്ടാഴ്ചയ്ക്കു മുൻപ് കെ.വി.ആനന്ദിന്റെ ഭാര്യയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ക്വാറന്റീനിൽ കഴിയുന്നതിനിടെയാണ് അദ്ദേഹത്തിന് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടത്. പരസഹായമില്ലാതെ സ്വയം കാറോടിച്ചാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. കോവിഡിനെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഹൃദയാഘാതത്തിന് കാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം.

തേന്മാവിൻ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹം അയൻ, കാപ്പാൻ, മാട്രാൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കൂടിയായിരുന്നു.

ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹായിയായാണ് കരിയർ തുടങ്ങുന്നത്. സഹ ഛായാഗ്രാഹകനായി ഗോപുര വാസലിലേ, അമരൻ, മീര, ദേവർ മകൻ, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളിൽ ജോലി ചെയ്തു. തേന്മാവിൻ കൊമ്പത്ത് എന്ന പ്രിയദർശൻ ചിത്രത്തിലൂടെ ആനന്ദ് സ്വതന്ത്രഛായാഗ്രാഹകനായി.

തന്റെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. പ്രിയദർശനൊപ്പം പിന്നീട് മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചു. ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കാതൽ ദേശം ആണ്. കതിർ സംവിധാനം ചെയ്ത ഈ സിനിമ വലിയ ഹിറ്റായി മാറിയതോടെ ശങ്കറും ഒപ്പം കൂട്ടി. മുതൽവൻ,ബോയ്‌സ്, ശിവാജി തുടങ്ങി വമ്പൻ ഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ പിറന്നു. തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 14 ചിത്രങ്ങളിൽ ഛായാഗ്രാഹകനായി ജോലി ചെയ്തു.

ഷാരൂഖ് ഖാനും ഐശ്വര്യ റായിയും ഒന്നിച്ച ജോഷ്, അമിതാഭ് ബച്ചന്റെ കാക്കി തുടങ്ങി ഹിന്ദിയിൽ നാല് സിനിമകൾക്കു ഛായാഗ്രഹണം ചെയ്തു.

ശ്രീകാന്ത്, ഗോപിക, പൃഥ്വിരാജ് എന്നിവർ അഭിനയിച്ച കനാ കണ്ടേൻ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ സംവിധായകനായി. സൂര്യ, തമന്ന എന്നിവർ അഭിനയിച്ച അയൻ ആണ് രണ്ടാമത്തെ ചിത്രം. സൂര്യയുടെ കരിയറിലെ വലിയൊരു ഹിറ്റായി ചിത്രം മാറി. ജീവയെ നായകനാക്കി ഒരുക്കിയ മൂന്നാമത്തെ ചിത്രം 'കോ'യും ഹിറ്റായിരുന്നു.

മാട്രാൻ, അനേകൻ, കാവൻ എന്നിവയാണ് സംവിധാനം ചെയ്ത മറ്റുസിനിമകൾ. മോഹൻലാലും സൂര്യയും പ്രധാനവേഷങ്ങളിലെത്തിയ കാപ്പാൻ ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.