- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
ന്യൂഡൽഹി: വിലപേശലുകൾക്ക് നിന്നാൽ കെവി തോമസിന് കോൺഗ്രസ് ഹൈക്കമാണ്ട് അംഗീകരിക്കില്ല. കോൺഗ്രസിനെ അംഗീകരിച്ചാൽ മാത്രമേ കെവി തോമസിന് സീറ്റ് അടക്കം നൽകൂ. ഈ മാസം 28ന് നിലപാട് വ്യക്തമാക്കാമെന്ന് കെവി തോമസ് അറിയിച്ചിട്ടുണ്ട്. അതറിഞ്ഞ ശേഷം മാത്രമേ കെവി തോമസിന്റെ കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാണ്ട് തീരുമാനം എടുക്കു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാവാണ് കെവി തോമസ്. എന്നാൽ കുറച്ചു നാളായി സോണിയയുമായും അടുപ്പം കാട്ടുന്നില്ല. അതെല്ലാം സൂക്ഷ്മമായി ഹൈക്കമാണ്ട് വിലയിരുത്തിയിട്ടുണ്ട്. കെവി തോമസിന് ഇടതുപക്ഷ അനുകൂല നിലപാടാണെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളും ഹൈക്കമാണ്ടിനെ അറിച്ചിട്ടുണ്ട്. എറണാകുളത്ത് കെവി തോമസ് പോയാലും പ്രശ്‌നം ഉണ്ടാകില്ലെ്ന്നാണ് കെപിസിസിയുടേയും നിരീക്ഷണം. ഇക്കാര്യം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഹൈക്കമാണ്ടിനെ അറിയിച്ചിട്ടുണ്ട്.
കെ. വി. തോമസിന്റെ സമീപകാല പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പടുത്തുകയാണ് അതുകൊണ്ട് തന്നെ കോൺഗ്രസ് ഹൈക്കമാൻഡ്. അദ്ദേഹത്തിന്റെ വിലപേശലുകൾക്ക് വഴങ്ങേണ്ടതില്ലെന്ന തീരുമാനമാണ് ഹൈക്കമാൻഡ് കൈക്കൊണ്ടിട്ടുള്ളതെന്നാണ് റിപ്പോർട്ട്. കെ.വി. തോമസ് ഇടതുപക്ഷത്തേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ ഹൈക്കമാൻഡ് ഗൗരവത്തോടെയാണ് കാണുന്നത്. കെ.വി. തോമസിന് പാർട്ടി പദവികൾ ഒന്നും നൽകേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിയതായാണ് സൂചന. കെപിസിസിയുമായി വിലപേശലിനുള്ള നീക്കം അദ്ദേഹം നടത്തിയാൽ അതിന് വഴങ്ങേണ്ടതില്ലെന്ന കർശന നിർദ്ദേശവും ഹൈക്കമാൻഡ് നടത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നിർദ്ദേശം ഹൈക്കമാൻഡ് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.വി തോമസിന് ഹൈക്കമാൻഡ് സീറ്റ് നൽകിയിരുന്നില്ല. അതിൽ അദ്ദേഹം കടുത്ത അമർഷവും നിരാശയും പ്രകടിപ്പിച്ചിരുന്നു. തുടർന്ന് വിവിധ ഘട്ടങ്ങളിൽ അദ്ദേഹം പാർട്ടിയുമായി ഉടക്കി നിൽക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം ആലപ്പുഴ മണ്ഡലത്തിന്റെ ചുമതല വഹിച്ചിരുന്നെങ്കിലും പാർട്ടിയുമായുള്ള അകൽച്ച തുടർന്നിരുന്നു.
സോണിയാ ഗാന്ധിയുടെ അതിവിശ്വസ്തനായിരുന്നു കെവി തോമസ്. രണ്ടാം യുപിഎയിൽ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കാൻ സോണിയാ ഗാന്ധി കണ്ടെത്തിയ പൊതുവിതരണ മന്ത്രി. കുമ്പളങ്ങിയിലെ തിരുത മീനിന്റെ രുചി ഗാന്ധി കുടുംബത്തിന്റെ അടുക്കളയിൽ എത്തിച്ചതും കെ വി തോമസാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയയായിരുന്നപ്പോൾ കെവി തോമസിന് വച്ചടിവച്ചടി കയറ്റമായിരുന്നു. എല്ലാ രാഷ്ട്രീയക്കാരുമായി സൗഹൃദം പാലിക്കുന്ന തോമസ് ഹൈക്കമാണ്ടിലെ വിശ്വാസം കാരണം കേരളത്തിൽ ഗ്രൂപ്പ് കളി മറന്നു. സോണിയയുടെ അടുത്ത് മുൻകൂർ അനുമതി എടുക്കാതെ കടുന്നു ചെല്ലാനും തോമസിന് കഴിയുമായിരുന്നു. എന്നാൽ അധികാരം രാഹുൽ ഗാന്ധിക്ക് കിട്ടയപ്പോൾ എല്ലാം തോമസിന് നഷ്ടമായി.
സോണിയയ്ക്ക് കേരളത്തിൽ രണ്ട് അതിവിശ്വസ്തരാണ് ഉണ്ടായിരുന്നത്. ടോം വടക്കനും കെവി തോമസും. രാഹുലിന്റെ ഭരണമെത്തിയതോടെ ടോം വടക്കൻ പാർട്ടിയിൽ ഒറ്റപ്പെട്ടു. ബിജെപിയിലേക്ക് പോവുകയും ചെയ്തു. ഗാന്ധി കുടുംബവുമായി കെവി തോമസിന്റെ സ്നേഹവും ഭക്തിയുമൊക്കെ അതിന്റെ പാരമ്യത്തിലെത്തിയത് സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ ആയതോടുകൂടിയാണ്. കുമ്പളങ്ങിയിൽ നിന്നുള്ള നല്ല ഫ്രഷ് ആയ തിരുത മൽസ്യം സോണിയയുടെ അടുക്കളയിൽ സ്ഥിരമായി എത്തിച്ചു തുടങ്ങിയതും ഇക്കാലത്തു തന്നെ. കുമ്പളങ്ങിയെ ദേശീയ തലത്തിൽ തന്നെ മാർക്കറ്റ് ചെയ്യുന്നതിന്റെ ഭാഗമായി മാത്രം ഇതിനെ കാണുന്നവരുണ്ട്. എന്നാൽ കേന്ദ്രമന്ത്രി പദവിയും പാർട്ടിയിൽ ഉന്നത സ്ഥാനമാനങ്ങളും പ്രതീക്ഷിച്ചിട്ടായിരുന്നുവെന്നു ചിലരൊക്കെ അടക്കം പറഞ്ഞിരുന്നു. ഏവരേയും ഞെട്ടിച്ച് കെവി തോമസ് കേന്ദ്രമന്ത്രിയായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തോമസിന് നെഹ്‌റു കുടുംബത്തോടുള്ള പ്രതിപത്തി വല്ലാതെ കുറഞ്ഞിരിക്കുന്നുവെന്നും മോദിയോടാണ് താൽപ്പര്യമെന്നും വാദമെത്തിയിരുന്നു. അങ്ങനെ ലോക്‌സഭാ സീറ്റ് നഷ്ടമായി.
കൊച്ചിയിൽ കേരള മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ മാനേജ്മെന്റ് സമ്മേളനത്തിന്റെ സമാപന ചടങ്ങിലാണ് തോമാസ് എല്ലാം മറന്നു മോദി സ്തുതി ചൊരിഞ്ഞത്. സ്വന്തം തീരുമാനങ്ങളെയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന മികച്ച ഭരണാധികാരിയാണ് മോദിയെന്നും സ്വന്തം പാർട്ടിയായ കോൺഗ്രസിന്റെ നേതാക്കളെക്കാൾ താൻ കൂടുതൽ കംഫർട്ടബിൾ ആകുന്നതു മോദിയുമായി ആശയ വിനിമയം നടത്തുമ്പോഴാണെന്നും തോമസ് പറഞ്ഞിരുന്നു. ഇത് അവസരമാക്കിയാണ് സോണിയയിൽ നിന്ന് തോമസിനെ അകറ്റിയത്. ഇപ്പോൾ തോമസിന് ഇടതു പക്ഷമുഖമാണെന്ന് പറയുകയാണ് കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാർ.
തിരുത മീനും റോമിലെ ബന്ധങ്ങളുമായിരുന്നു കെ വി തോമസിനെ കോൺഗ്രസിലെ ദേശീയ നേതാവാക്കിയത്. സോണിയാ ഗാന്ധിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ഇത് രണ്ടും. ഇതിൽ തിരുതയും തോമസും തമ്മിലുള്ള ബന്ധം ഏറെ വലുതായിരുന്നു. കുമ്പളങ്ങിയിൽ നിന്ന് തിരുത മീൻ സോണിയയ്ക്ക് കൊടുത്താണ് കെവി തോമസ് ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞതെന്ന് വാർത്തകളുണ്ടായിരുന്നു. ചില രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെട്ട വിഭവമായാണ് തിരുത. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും സമൃദ്ധമായി കണ്ടുവരുന്ന തിരുത ഓരുജലത്തിൽ വളർത്താൻ ഏറെ അനുയോജ്യമായ മത്സ്യമാണ് . വേഗത്തിലുള്ള വളർച്ച, മറ്റു മത്സ്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാനുള്ള കഴിവ്, മാംസത്തിന്റെ രുചി, ഉയർന്ന കമ്പോളവില എന്നിവയാണ് തിരുതയുടെ പ്രശസ്തിക്കു കാരണം. ഈ പ്രശസ്തി തോമസിനും ഗുണകരമായി എന്നാൽ കോൺഗ്രസിലുള്ള പലരും വിശ്വസിക്കുന്നത്.
റോമിലെ ബന്ധവും സോണിയയുമായി അടുപ്പം സ്ഥാപിക്കാൻ കരുത്തായി മാറി. കെവി തോമസിന്റെ അടുത്ത ബന്ധു കന്യാസ്ത്രീയാണ്. ഇവർ റോമിലാണ് പ്രവർത്തിക്കുന്നത്. നേഴ്സായ ഈ ബന്ധുവാണ് സോണിയയുടെ അമ്മയെ പരിചരിച്ചിരുന്നത്. അമ്മയെ കെവി തോമസിന്റെ ബന്ധു നന്നായി പരിചരിക്കുന്നുവെന്ന അഭിപ്രായം സോണിയയ്ക്കുണ്ടായിരുന്നു. ഇതും തോമസിന്റെ വളർച്ചയ്ക്ക് കാരണമായെന്നാണ് സംസ്ഥാന കോൺഗ്രസിലെ വലിയൊരു വിഭാഗം കരുതുന്നത്. എന്നാൽ കോൺഗ്രസിലെ അധികാരം രാഹുലിലേക്ക് എത്തിയപ്പോൾ കഥമാറി. തോമസിന്റെ പ്രസക്തിയും നഷ്ടമായി.
മറുനാടന് മലയാളി ബ്യൂറോ