- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗെലോട്ടിനെ കാണാൻ കെപിസിസി ആസ്ഥാനത്ത് എത്താൻ നിർദ്ദേശം; മുൻ നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ അസൗകര്യം എന്ന് മറുപടി; നാളത്തെ വാർത്താ സമ്മേളനത്തിൽ കോൺഗ്രസിനെ തള്ളി പറയുകയുമില്ല; അനുനയവുമായി ഉമ്മൻ ചാണ്ടി; കാത്തിരിക്കാൻ കെവി തോമസും; എറണാകുളത്ത് ക്ലൈമാക്സ് വൈകും
തിരുവനന്തപുരം: നാളെ കെവി തോമസ് തന്റെ പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കില്ല. അതിനിടെ കെ.വി.തോമസിനെ അനുനയിപ്പിക്കാൻ കോൺഗ്രസിൽ നീക്കം ശക്തവുമാണ്. തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷ പദം ഏറ്റെടുത്ത ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാണ് ശ്രമങ്ങൾ. എന്നാൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശമാണ് തോമസ് നൽകുന്നത്. എറണാകുളം സീറ്റ് മത്സരിക്കാൻ നൽകണമെന്നാണ് ആവശ്യം. ഇതിന് കോൺഗ്രസ് തയ്യാറുമല്ല.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വരവിനോടനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് എത്തണമെന്ന് തോമസിനോട് ആവശ്യപ്പെട്ടുവെങ്കിലും അനുകൂല മറുപടി നൽകിയില്ല. കൊച്ചിയിൽ മുൻ നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ എത്തിച്ചേരാനുള്ള അസൗകര്യമാണ് അറിയിച്ചത്. നാളത്തെ വാർത്താസമ്മേളനത്തിൽ കോൺഗ്രസിനെതിരെ പരസ്യ പ്രതികരണത്തിനു തുനിയില്ലെന്ന് ഉമ്മൻ ചാണ്ടിയോടും മുല്ലപ്പള്ളി രാമചന്ദ്രനോടും തോമസ് വ്യക്തമാക്കി. ഇത് മാത്രമാണ് ആശ്വാസം. മത്സരിക്കാൻ സീറ്റില്ലെങ്കിൽ കോൺഗ്രസ് വിടുമെന്നാണ് തോമസിന്റെ നിലപാട്.
മത്സരിക്കാൻ സീറ്റ് വേണമെന്നതാണ് തോമസിന്റെ ആവശ്യം. അക്കാര്യത്തിൽ കോൺഗ്രസ് അന്തിമ നിലപാട് എടുക്കും വരെ തോമസ് കരുതലോടെ നീങ്ങും. ഈ സാഹചര്യത്തിൽ നാളെ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകില്ലെന്നാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ തോമസ് സൂചനകളൊന്നും നൽകുന്നുമില്ല. നാളെ എന്തായാലും തനിക്ക് നേരിടേണ്ടി വരുന്ന അവഗണന തോമസ് ചർച്ചയാക്കും.
ഉമ്മൻ ചാണ്ടി അധ്യക്ഷനായി രൂപീകരിച്ച കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗം നാളെ ചേരുന്നുണ്ട് . രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള നിരീക്ഷക സംഘവും രാവിലെ 10നു ചേരുന്ന സമിതി യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസ് ഇതോടെ ഔദ്യോഗികമായ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്കു കടക്കും.
ഇതുവരെ തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയും അതിനു ശേഷം സ്വീകരിക്കേണ്ട കാര്യങ്ങളുമാണ് എഐസിസിയും കെപിസിസിയും ആലോചിച്ചത് എങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കും തന്ത്രങ്ങളിലേക്കും പാർട്ടി കടക്കുന്നു. ഗെലോട്ടും മറ്റ് അംഗങ്ങളായ മുൻ ഗോവ മുഖ്യമന്ത്രി ലുസിഞ്ഞോ ഫെലിറോ, മുൻ കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവർ ഇന്നു വൈകിട്ട് ആറിന് എത്തും. തുടർന്ന് ഘടകകക്ഷി നേതാക്കൾക്ക് ഒപ്പം അത്താഴവും ചർച്ചയും.
നാളെ രാവിലെ കെപിസിസി ആസ്ഥാനത്ത് എത്തുന്ന സംഘം തിരഞ്ഞെടുപ്പ് സമിതിയിൽ പങ്കെടുത്തശേഷം കെപിസിസി നേതൃയോഗത്തിലും സന്നിഹിതരാകും. പ്രത്യേകമായി നടത്തേണ്ട കൂടിയാലോചനകൾക്കു ശേഷം വൈകിട്ടു മടങ്ങും. തിരഞ്ഞെടുപ്പ് പ്രചാരണം, അതിനു വേണ്ട ധനസമാഹരണം, പാർട്ടിയിലും മുന്നണിയിലും പരിഹരിക്കേണ്ട വിഷയങ്ങൾ എന്നിവ അവലോകനം ചെയ്യുകയാണ് നിരീക്ഷകരുടെ ആദ്യ സന്ദർശന ലക്ഷ്യം. ഈ സാഹചര്യത്തിലാണ് കെവി തോമസിനെ ചർച്ചകൾക്കായി വിളിച്ചത്. എന്നാൽ വരില്ലന്ന മറുപടി അതൃപ്തിയുടെ സൂചനയാണ്.
അതിനിടെ തോമസിനെ ഒപ്പം കൂട്ടുന്നതിന് സിപിഎം നീക്കം ശക്തമാക്കിയിരുന്നു. നാളെ അദ്ദേഹം നയം വ്യക്തമാക്കിയാൽ സ്വീകരിക്കാനും, ഇടതു സ്വതന്ത്രനായി നിയമസഭയിലേയ്ക്ക് മത്സരിപ്പിക്കാനുമാണ് ആലോചന. കൊച്ചിയിലെ ഒരു സംഘടനാ പ്രതിനിധികൾക്കൊപ്പം കെ.വി. തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാട്ടിലെ ആവശ്യങ്ങളാണ് ചർച്ച ചെയ്തതെന്ന് പറയുന്നുണ്ടെങ്കിലും, രാഷ്ട്രീയസ്ഥിതിയും വിഷയമായതായാണ് സൂചന.
കുണ്ടന്നൂർ, വൈറ്റില ഫ്‌ളൈ ഓവറുകളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രി ജി. സുധാകരനും കെ.വി. തോമസിനെ നേരിട്ട് ക്ഷണിക്കുകയും ചെയ്തിരുന്നു. തോമസിന്റെ നിലപാടിനെ സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും സ്വാഗതം ചെയ്തിട്ടുണ്ട്.കോൺഗ്രസ് വിട്ടുവരാൻ തയ്യാറായാൽ എറണാകുളം, അരൂർ, വൈപ്പിൻ നിയമസഭാ മണ്ഡലങ്ങളിലൊന്നിൽ സ്വതന്ത്രനായി സീറ്റ് നൽകുന്നതും സിപിഎം പരിഗണിക്കുന്നുണ്ട്.
യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ എറണാകുളം ജില്ലയിൽ കൂടുതൽ നേട്ടങ്ങൾക്ക് കെ.വി. തോമസിനെ വിനിയോഗിക്കാമെന്നാണ് വിലയിരുത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ