തിരുവനന്തപുരം: കെവി തോമസിനെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ സിപിഎമ്മിൽ ധാരണ. കോൺഗ്രസ് പുനഃസംഘടനയോടെ കോവി തോമസ് കോൺഗ്രസ് വിടുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. ഇതിന്റെ സൂചനകൾ സിപിഎമ്മിന് കിട്ടിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കെവി തോമസിന് അർഹമായ പരിഗണന നൽകി സിപിഎമ്മിൽ എത്തിക്കാനുള്ള നീക്കം. ലോക്‌സഭയിൽ സീറ്റും നൽകിയേക്കും. എന്നാൽ കെവി തോമസ് പാർട്ടി വിടുന്നതിൽ അനുകൂല പ്രതികരണം പരസ്യമായി ഇതുവരെ നടത്തിയിട്ടില്ല.

ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിലെ സിപിഎം ആസ്ഥാനത്ത് കെവി തോമസ് എത്തിയിരുന്നു. സിപിഎം നേതാവ് സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ചയും നടത്തി. ഇതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും തോമസ് നടത്തുന്ന ഇടപെടൽ കോൺഗ്രസുമായുള്ള അതൃപ്തി വ്യക്തമാക്കുന്നാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഐ ഗ്രൂപ്പും എ ഗ്രൂപ്പും ചേർന്ന് തോമസിനെ വെട്ടി. നിയമസഭയിൽ സീറ്റും പ്രതീക്ഷിച്ചു. അപ്പോഴും കൊടുത്തില്ല. പ്രതിഷേധം ഉയർത്തിയെങ്കിലും പാർട്ടി വൈസ് പ്രസിഡന്റാക്കി പ്രശ്‌നം പരിഹരിച്ചു.

കെ സുധാകരൻ കെപിസിസി അധ്യക്ഷനായപ്പോൾ ഈ പദവിയും നഷ്ടമായി. പുനഃസംഘടനയിലും കാര്യമായ റോളില്ല. യുഡിഎഫ് കൺവീനർ സ്ഥാനത്തും എത്താനാകില്ലെന്ന് ഉറപ്പായി. ഇതോടെ അവഗണനയിൽ തോമസ് തീർത്തും നിരാശനാണ്. ലോക്‌സഭയിലെ സിറ്റിങ് എംപിമാർക്കെല്ലാം സീറ്റ് നിഷേധിച്ചിട്ടും എറണാകുളത്ത് മാത്രം തോമസിനെ വെട്ടാൻ അട്ടിമറി നടന്നു. അതിന് ശേഷം സോണിയാ ഗാന്ധി ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ല. രമേശ് ചെന്നിത്തല ദേശീയ നേതൃത്വത്തിലേക്ക് ഉയരുമെന്നാണ് സൂചന. അങ്ങനെ വന്നാൽ അവിടേയും തോമസിന് പരിഗണന കിട്ടില്ല.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനുമായും തോമസിന് നല്ല ബന്ധമുണ്ട്. നിയമസഭയിൽ തോമസിനെ മത്സരിപ്പിക്കുന്നതിന് സിപിഎം തയ്യാറുമായിരുന്നു. എന്നാൽ സോണിയാ ഗാന്ധിയുടെ ഇടപെടലുകൾ കാരണം അവസാന നിമിഷം അതു വേണ്ടെന്ന് വച്ചു. അതിന് ശേഷവും അവഗണന തുടരുന്നത് തോമസിന് വേദനയാണ്. ഒരു റോളുമില്ലാതെ കോൺഗ്രസിൽ തുടരാൻ കെവി തോമസിന് താൽപ്പര്യമില്ലെന്നാണ് പുറത്തു വരുന്ന സൂചനകൾ. ഇന്ന് രാവിലെ ഒരു വിവാദ പോസ്റ്റ് തോമസ് ഇട്ടിരുന്നു. തോമസിന്റെ അതൃപ്തി വ്യക്തമാക്കുന്ന പത്രവാർത്തയാണ് ഇത്.

ഇത് സോഷ്യൽ മീഡിയ ചർച്ചയാക്കുന്നതിന് മുമ്പ് തന്നെ തോമസ് പിൻലവിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ താൻ പാർട്ടി വിടുമെന്ന പ്രചാരണങ്ങൾക്ക് പിന്നിൽ കോൺഗ്രസിലെ തന്നെ ചിലരെന്ന വിമർശനവുമായി തോമസ് രംഗത്തു വന്നിരുന്നു. പാർട്ടിയിൽ ഒരു പദവി നൽകുകയെന്നത് സാമാന്യനീതിയാണെന്നും കെ.വി.തോമസ് മാതൃഭൂമി ന്യൂസിനോട് പറയുകയും ചെയ്തു. 'യു.ഡി.എഫ് തോൽക്കാൻ സാധ്യതയുള്ള സീറ്റെങ്കിലും ചോദിച്ചിരുന്നു. ഇത്തരത്തിലുള്ള അഞ്ച് സീറ്റ് ചൂണ്ടിക്കാണിക്കാം അതിലൊന്നിൽ മത്സരിക്കാൻ തയ്യാറാണ് എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ നേതൃത്വത്തിൽ നിന്ന് അനുകൂല നിലപാടുണ്ടായില്ല,' കെ.വി. തോമസ് പറഞ്ഞിരുന്നു,

പാർട്ടി വിടില്ലെന്ന് പറയുമ്പോഴും അതൃപ്തനാണെന്ന സൂചനകൾ കെ വി തോമസ് പങ്കുവയ്ക്കുകയാണ്. എറണാകുളത്തെ പുനഃസംഘടനാ ചർച്ചകളിലും കെവി തോമസിന് റോളൊന്നും കിട്ടുന്നില്ല. ഗ്രൂപ്പുകൾക്ക് അതീതമായി ചിന്തിക്കുമെന്ന് പറയുന്ന കെ സുധാകരനും തനിക്ക് നീതി തരുന്നില്ലെന്ന പരാതി തോമസിനുണ്ട്. തൽകാലം ഇതൊന്നും പരസ്യമായി പറയില്ല. സോണിയാ ഗാന്ധി അനുരഞ്ജനം തുടരുകയാണ്. ഇതിനിടെയാണ് സിപിഎം തോമിസന്റെ കാര്യത്തിൽ അനുകൂല തീരുമാനം എടുക്കുന്നത്. ഹൈബി ഈഡന് വേണ്ടി ഒഴിയുമ്പോൾ രാജ്യസഭാ എംപി സ്ഥാനം തോമസ് പ്രതീക്ഷിച്ചിരുന്നു.

ലത്തീൻ സഭയെ സിപിഎമ്മുമായി അടുപ്പിക്കാൻ തോമസിന് കഴിയുമെന്നാണ് വിലയിരുത്തൽ. എറണാകുളത്ത് മാത്രമാണ് സിപിഎമ്മിന് നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻതൂക്കം നേടാൻ കഴിയാത്തത്. ഇതിന് മറികടക്കാൻ പല തന്ത്രങ്ങളും ആലോചനയിലുണ്ട്. അതിൽ ഒന്നാണ് തോമസിനെ പോലുള്ള നേതാക്കളെ സിപിഎമ്മിൽ എത്തിക്കുകയെന്നത്. കോൺഗ്രസിനുള്ളിൽ മാഷെന്ന് വിളിപ്പേരുള്ള തോമസിന് എറണാകുളത്ത് ഏറെ വ്യക്തിബന്ധങ്ങളുണ്ട്. പല നേതാക്കളുമായി അടുപ്പവും.

തോമസിനെ എത്തിക്കുന്നതിലൂടെ കോൺഗ്രസിൽ അതൃപ്തിയുണ്ടാകുമെന്നാണ് പിണറായിയുടെ വിലയിരുത്തൽ. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാൻ ഇടതു മുന്നണിക്കായാൽ കേരളത്തിൽ സിപിഎമ്മിന് പിന്നീട് നല്ല കാലം മാത്രമാകും ഉണ്ടാവുകയെന്നാണ് പിണറായിയുടെ വിലയിരുത്തൽ.