- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെവി തോമസ് സ്ഥാനാർത്ഥിയാകില്ല; പകരം മകനേയോ മകളേയോ പരീക്ഷിക്കാൻ ആലോചന; പാർട്ടി ചിഹ്നത്തിൽ ജയിക്കാമെന്ന പ്രതീക്ഷയിൽ സ്വരാജിനും സാധ്യതകൾ ഏറെ; അരുൺകുമാറിന് മുമ്പിൽ പ്രതികൂല ഘടകങ്ങൾ; തൃക്കാക്കരയിലെ സിപിഎം സ്ഥാനാർത്ഥിയെ കെവി തോമസ് നിശ്ചയിക്കും; ഇടതിനെ സെഞ്ച്വറി അടിപ്പിക്കാൻ പിണറായി
കൊച്ചി: തൃക്കാക്കരയിലേക്ക് സിപിഎം സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത് മൂന്ന് പേരെ. കെവി തോമസ് സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കില്ല. പകരം തോമസിന്റെ മകളേയും മകനേയും സ്ഥാനാർത്ഥിയാക്കുന്നത് സിപിഎമ്മിന്റെ ആലോചനയിലുണ്ട്. ഇതിനൊപ്പം സിപിഎമ്മിന്റെ തീപ്പൊരിയായ എം സ്വരാജിനേയും. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചുമതല തൃക്കാക്കരയിൽ നൽകിയത് സെക്രട്ടറിയേറ്റ് അംഗം കൂടിയായ സ്വരാജിനാണ്. എന്നാൽ ഉറച്ച കോൺഗ്രസ് മണ്ഡലത്തിൽ തന്ത്രങ്ങളിലൂടെ വേണം ജയിക്കാനെന്ന് സിപിഎം കണക്കു കൂട്ടുന്നു.
കോൺഗ്രസ് വോട്ടുകളെ ഭിന്നിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് കെവി തോമസിന്റെ മകളേയോ മകനേയോ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം. വിമത കോൺഗ്രസ് നേതാക്കളെ കൂടെ നിർത്താനും നീക്കം നടത്തും. ആംആദ്മി സ്ഥാനാർത്ഥിയെത്തിയാൽ വിജയ സാധ്യത കൂടുമെന്നാണ് സിപിഎം കണക്കു കൂട്ടൽ. ഈ സാഹചര്യത്തിൽ സ്വരാജിനെ സിപിഎം ചിഹ്നത്തിൽ മത്സരിപ്പിക്കുന്നതും ആലോചനയിലുണ്ട്. നിയമസഭയിൽ നൂറ് സീറ്റ് നേടുകയാണ് തൃക്കാക്കരയിലെ ലക്ഷ്യമെന്ന് സിപിഎം പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിൽ ഭരണമുന്നണിക്ക് 99 പേരുടെ പിന്തുണയാണുള്ളത്. ഉപതെരഞ്ഞെടുപ്പിൽ ഭരണപക്ഷ വികാരം ആളിക്കത്തുന്ന സൂചനകളാണ് സമീപകാല കേരള രാഷ്ട്രീയം പങ്കുവയ്ക്കുന്നതും.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണെന്നും ഏറ്റവും മികച്ച വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ എൽഡിഎഫ് അവതരിപ്പിക്കുമെന്നും മന്ത്രി പി രജീവ് പറയുന്നു. 99 സീറ്റുമായി ഇടതുപക്ഷം കേരളത്തിൽ ഭരിക്കുന്നു. അത് 100ലേക്ക് എത്തുക എന്നതാണ് ഉപ തെരഞ്ഞെടുപ്പിലെ പ്രധാനലക്ഷ്യം. അങ്ങനെയാകുമ്പോൾ തൃക്കാക്കരയിൽ ഒരു കുതിച്ച് ചാട്ടത്തിന്റെ സാഹചര്യം വരും. തെരഞ്ഞെടുപ്പിൽ വിവകസനത്തിന്റെ രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നത്. കെ റെയിലും ഇടതുപക്ഷം ചർച്ചയാക്കും. ഇതിന് വേണ്ടി കൂടിയാണ് കെ റെയിലിനെ പിന്തുണയ്ക്കുന്ന കെവി തോമസിന്റെ കുടുംബത്തിൽ നിന്നൊരു സ്ഥാനാർത്ഥിയെ അവതരിപ്പിക്കാനുള്ള നീക്കം. കെവി തോമസ് നിർദ്ദേശിക്കുന്ന വ്യക്തിയാകും തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥിയെന്നാണ് ലഭിക്കുന്ന സൂചനകൾ
വികസനത്തിനൊപ്പം നിൽക്കുന്നവരാണ് തൃക്കാക്കരയിലെ ജനങ്ങൾ. വികസനത്തിന് എതിര് നിൽക്കുന്നവരെ തൃക്കാക്കരയിലെ ജനങ്ങൾ തള്ളിക്കളയും. വികസനവും മതനിരപേക്ഷ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പമാണ്. നാലു വർഷം പാഴാക്കേണ്ടതില്ല എന്നാകും വോട്ടർമാർ ചിന്തിക്കുക. തൃക്കാക്കരയെ കേരളത്തിന്റെ ഹൃദയമായി മാറ്റാൻ കഴിയുന്ന പദ്ധതിയാണ് കെ റെയിൽ. ഏറ്റവും കുറച്ച് ഭൂമി ഏറ്റെടുത്ത് ഏറ്റവും വലിയ സാധ്യത വരുന്ന മണ്ഡലമാണ് തൃക്കാക്കര. അതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരാണ് കോൺഗ്രസ്. സിൽവർലൈൻ ഉൾപെടെ ചർച്ച ചെയ്യുന്നത് നല്ലകാര്യമെന്നും വികസനത്തിനൊപ്പം നിൽക്കുന്നവരെ എൽഡിഎഫ് കൂടെ കൂട്ടുമെന്നും മന്ത്രി രാജീവ് വിശദീകരിച്ചു കഴിഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ച ഇന്ന് തുടങ്ങാനിരിക്കെ ആരെല്ലാമാണ് കളത്തിലിറങ്ങുന്നത് എന്ന് ഉറ്റ് നോക്കുകയാണ് രാഷ്ട്രീയ കേരളം. ആദ്യ ഘട്ടത്തിൽ മുൻ എം എൽ എ ആയിരുന്ന പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസ് മത്സരിക്കില്ല എന്ന് പറഞ്ഞിരുന്നു എങ്കിലും ഇപ്പോൾ അതിനുള്ള സാധ്യതകൾ തുറന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സത്യാഗ്രഹത്തിൽ ഉമ തോമസ് പങ്കെടുത്തിരുന്നു. ഇതോടെയാണ് തന്ത്രത്തിലൂടെ തൃക്കാക്കരയിൽ ജയിക്കാനുള്ള സിപിഎം നീക്കം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകവെ പൊതുവേദിയിലെത്തിയത് ഉമയുടെ മത്സരത്തിലേക്കുള്ള രംഗപ്രവേശനത്തിന്റെ ശക്തമായ സൂചനകളാണ് എന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിരുന്നു.സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോൾ ഉമ തോമസിന്റെ വിശദീകരണം 'നല്ലത് സംഭവിക്കട്ടെ' എന്നായിരുന്നു. ഇത് ഏറെക്കുറെ യൂഡിഫ് സ്ഥാനാർത്ഥി ഉമാ തോമസ് തെന്നെ ആയിരിക്കും എന്ന ശക്തമായ സൂചനകൾ മുന്നോട്ട് വയ്ക്കുന്നു. എന്നാൽ നൂറ് തികയ്ക്കാനുള്ള ഒരുക്കത്തിലാണ് എൽ ഡി എഫ്. ആദ്യഘട്ടത്തിൽ എം.സ്വരാജ് എന്ന യുവ നേതാവിന്റെ പേരുകൾ ഉയർന്നു വന്നിരുന്നു.
എങ്കിലും ഒരു ഘട്ടം കഴിഞ്ഞപ്പോൾ ചാനൽ ചർച്ചകളിലെ സിപിഎമ്മിന്റെ നിറ സാന്നിധ്യം ആയ അഡ്വ.അരുൺ കുമാറിന്റെ പേര് പിന്നീട് ശക്തമായി ഉയർന്ന് വന്നിരുന്നു. എന്നാൽ അരുൺകുമാറിന് ജയസാധ്യത കുറവാണ്. 100 സീറ്റിലേക്ക് എത്തുകയാണ് എൽഡിഎഫ് ലക്ഷ്യമെന്നും തൃക്കാക്കരയിൽ ഇടതുസർക്കാരിന്റെ വികസനകാഴ്ചപ്പാട് ചർച്ചയാകും. അതിനിടെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻഡിഎയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻഅറിയിച്ചിരുന്നു.
കേരളത്തിൽ ഇരട്ട നീതിയാണ് നടപ്പാക്കുന്നത് ബിജെപിയുടെ മുഖ്യ പ്രചാരണ വിഷയമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.എന്തായാലും രാഷ്ട്രീയ അട്ടിമറികൾക്ക് ഏറെ സാധ്യതയുള്ള തൃക്കാക്കരയിൽ കെജ്രിവാളിന്റെ ആം ആദ്മിക്കും സാബു ജേക്കബിന്റെ ട്വന്റി 20 ക്കും പുതിയ വഴിത്താരകൾ തൃക്കാക്കരയിലെ വോട്ടർമാർ ഒരുക്കുമോ എന്നതും കണ്ടറിയേണ്ടതാണ്.ഇരു കൂട്ടരുടെയും രംഗപ്രവേശനം കൂടുതൽ ബാധിക്കാൻ സാധ്യത യു ഡി എഫിനെ ആയിരിക്കും.
മറുനാടന് മലയാളി ബ്യൂറോ