കൊച്ചി: തൃക്കാക്കരയിൽ ഇടതു മുന്നണിക്ക് വേണ്ടി കെവി തോമസ് പ്രചരണം നടത്തും. നാളെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൺവെൻഷനിലും പങ്കെടുക്കും. കോൺഗ്രസിനെ വെല്ലുവിളിച്ചാണ് കെവി തോമസിന്റെ പ്രചാരണം. കെവി തോമസ് വരുന്നത് ഇടതു സ്ഥാനാർത്ഥിക്ക് ഗുണകരമാകുമെന്നും ഇടതുപക്ഷം വിലയിരുത്തുന്നു. കോൺഗ്രസിൽ നിന്ന് രാജിവയ്ക്കില്ലെന്നും കെവി തോമസ് പറയുന്നു. കോൺഗ്രസുകാരനായി തുടരുമെന്ന് പ്രഖ്യാപിച്ചാണ് കെവി തോമസിന്റെ കൂടുമാറ്റം. ഇനി കെ വി തോമസ് സഖാവ് കെവി തോമസാകുമെന്ന് സാരം. കെവി തോമസിനെ കോൺഗ്രസ് പുറത്താക്കും. പക്ഷേ ഉടൻ തീരുമാനം എടുത്തേക്കില്ല, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉറച്ച നിലപാടിലാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും സുധാകരനെ പുറത്താക്കണമെന്ന പക്ഷത്താണ്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കെ.വി തോമസ് പ്രഖ്യാപിക്കുകയായിരുന്നു. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്ന തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുമെന്നും കെ.വി തോമസ് പറഞ്ഞു. തൃക്കാക്കരയിൽ ഇടതുപക്ഷത്തിന് ഒപ്പമാണെങ്കിലും താൻ കോൺഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കുന്നെങ്കിൽ പുറത്താക്കാൻ അദ്ദേഹം കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുകയും ചെയ്തു. പാർട്ടിയിൽ നിന്ന് രാജിവയ്ക്കില്ലെന്നും കെവി തോമസ് വിശദീകരിച്ചു.

നേരത്തെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്ന് കെ വി തോമസ് പ്രതികരിച്ചിരുന്നു. നേതൃത്വം ഒരുകാര്യവും തന്നോട് പറയുന്നില്ല. യുഡിഎഫ് സ്ഥാനാർത്ഥി ഉമയുമായി നല്ല ബന്ധമാണുള്ളത്. പക്ഷേ സ്ഥാനാർത്ഥി പ്രഖ്യാപനത്തനിന് ശേഷം സംസാരിച്ചിട്ടില്ലെന്നും വെളിപ്പെടുത്തി. ഇതിന് പിന്നാലെയായിരുന്നു പത്ര സമ്മേളനം. ഇതോടെ താൻ പൂർണ്ണമായും ഇടതുപക്ഷക്കാരനായെന്ന് പറയുകയാണ് കെ വി തോമസ്. കോൺഗ്രസിൽ നിന്ന് കെ വി തോമസിനെ പുറത്താക്കേണ്ട സാഹചര്യമാണ് പത്ര സമ്മേളനം ഉണ്ടാക്കുന്നത്. പാർട്ടി കോൺഗ്രസ് വേദിയിൽ വിലക്ക് ലംഘിച്ച് പോയ കെവി തോമസിനെ എല്ലാ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.

തന്നെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നുവെങ്കിൽ പുറത്താക്കാനും കെ.വി തോമസ് വെല്ലുവിളിച്ചു. താൻ മുഖ്യമന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കുന്നതിനെ കുറ്റംപറയുന്നവർ മുൻപ് കരുണാകരൻ ഇടതുമുന്നണിക്ക് ഒപ്പം പോയതും ഭരണത്തിൽ പങ്കാളികളായ ചരിത്രവും ഓർമ്മിക്കണമെന്നും കെ.വി തോമസ് പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം സമരത്തിൽ പങ്കെടുത്തപ്പോൾ അത് തെറ്റാണെന്ന് അന്ന് കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.

തന്നെ നിരന്തരം വേട്ടയാടുകയാണ്. 2018 മുതലുള്ള സംഭവങ്ങളുടെ തുടർച്ചയാണിത്്. ഇപ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയം മാത്രമായി കാണേണ്ടതില്ല. വികസനമാണ് ചർച്ചാവിഷയമാകേണ്ടത്. അക്കാര്യത്തിൽ ഒരുമിച്ചുനിൽക്കുന്നതിന് പകരം എല്ലാത്തിനേയും എതിർക്കുന്നത് നല്ലതല്ല. തന്നെ പുറത്താക്കാനുള്ള ശ്രമം 2018 മുതൽ ആരംഭിച്ചതാണെന്നും തോമസ് പറഞ്ഞു.

കോൺഗ്രസ് ഒരു സംഘട മാത്രമല്ല, അതൊരു കാഴ്ചപ്പാട് കൂടിയാണെന്നും താൻ കോൺഗ്രസുകാരനായി തന്നെ തുടരുമെന്നും കെ വി തോമസ് പറഞ്ഞു. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിനെ തന്നെ കാണുന്നതിൽ നിന്ന് നേതാക്കൾ വിലക്കിയെന്നും വികസന കാര്യത്തിൽ ഇത് തന്റെ പുതിയ നിലപാടല്ല. വികസനത്തിൽ സങ്കുചിത രാഷ്ട്രീയ നിലപാട് പാടില്ലായെന്നും പാർട്ടി പുറത്താക്കുന്നെങ്കിൽ തന്നെ പുറത്താക്കട്ടെയെന്നും കെവി തോമസ് വ്യക്തമാക്കി.