കൊച്ചി: തിരുത മീനും റോമിലെ ബന്ധങ്ങളുമായിരുന്നു കെ വി തോമസിനെ കോൺഗ്രസിലെ ദേശീയ നേതാവാക്കിയത്. കെവി തോമസ് പോലും തൃക്കാക്കരയിൽ 2000 വോട്ടിന്റെ വിജയമാണ് ഇടതിന് പ്രതീക്ഷിച്ചത്. പക്ഷേ വോട്ടെണ്ണിയപ്പോൾ എല്ലാം തെറ്റി. പിടി തോമസിന്റെ കരുത്തിൽ ഉമാ തോമസ് ജയിച്ചു. ഇവിടെ പ്രതിസന്ധിയിലാകുന്നത് കെവി തോമസിന്റെ ഭാവി രാഷ്ട്രീയമാണ്. ഉമ തോമസിനെ അഭിനന്ദിക്കുന്നു, വിജയത്തിന് പിന്നിൽ പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരെയും അഭിനന്ദിക്കുന്നു; നല്ലൊരു വിജയം ഉണ്ടായത് ഉമയോടുള്ള താൽപ്പര്യമാകാം, ഏറ്റവും ശക്തമായ നിയോജന മണ്ഡമാണ്. ഇടതു മുന്നണിക്ക് എളുപ്പമല്ല-ഒടുവിൽ കെവി തോമസും തിരിച്ചറിയുകയാണ് വസ്തുത. ജയിച്ച ഉമാ തോമസിനെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുമെന്നും തോമസ് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടണ്ണെൽ കേന്ദ്രത്തിനു മുൻപിൽ യു.ഡി.എഫ് പ്രവർത്തകരുടെ ആവേശപ്രകടനം തുടങ്ങി. പ്രഫ. കെ.വി. തോമസ് നിന്നെ പിന്നെ കണ്ടോളാം'.. എന്നാണ് പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം. കെ.വി. തോമസ് ഇടത് ചേരിയിലേക്ക് പോയത് പ്രചാരണത്തിന്റെ തുടക്കത്തിൽ ഏറെ ആശങ്കയുയർത്തിയിരുന്നു. ആദ്യ റൗണ്ട് വോട്ടെണ്ണൽ നടന്നപ്പോൾ കഴിഞ്ഞ പി.ടി. തോമസ് നേടിയതിനെക്കാൾ വോട്ട് നേടാൻ കഴിഞ്ഞതിന്റെ ആവേശത്തിൽ യു.ഡി.എഫ് എത്തി. ഇതിന് പിന്നാലെയാണ് തോമസിനെതിരായ വികാരം കോൺഗ്രസുകാർക്കിടയിൽ ഉയർന്നത്.

പ്രഫ. കെ.വി. തോമസ് കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന്റെ പിറ്റേദിവസം അദ്ദേഹത്തിന്റെ ജന്മനാടായ കുമ്പളങ്ങിയിലെ കോൺഗ്രസ് പ്രവർത്തകർ ഒരു പ്രതീകാത്മക ശവമഞ്ച യാത്ര നടത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാനോ പശ്ചിമ കൊച്ചിയിൽനിന്ന് തോമസ് മാഷിന് അഭിവാദ്യമർപ്പിക്കാനോ സിപിഎം അണികളാരും മുന്നോട്ടുവന്നിരുന്നില്ല. കൊച്ചിയിലെ ഇടത് അണികൾക്ക് തോമസ് മാഷെ ഉൾക്കൊള്ളാനായിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ സംഭവം. ഈ തൃക്കാക്കര തോൽവി കൂടെയാകുമ്പോൾ തോമസിന് ഇടതുപക്ഷത്ത് സ്ഥാനവും കുറയും. ഇനി എൻസിപിയിലേക്ക് പോവുക മാത്രമാകും തോമസ് മാഷിന് മുമ്പിലുള്ള രാഷ്ട്രീയ വഴി.

കെവി തോമസിന്റെ തിരുത മീൻ സോണിയാ ഗാന്ധിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഇതിൽ തിരുതയും തോമസും തമ്മിലുള്ള ബന്ധം ഏറെ വലുതായിരുന്നു. കുമ്പളങ്ങിയിൽ നിന്ന് തിരുത മീൻ സോണിയയ്ക്ക് കൊടുത്താണ് കെവി തോമസ് ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞതെന്ന് വാർത്തകളുണ്ടായിരുന്നു. തിരുത മീനും റോമിലെ ബന്ധങ്ങളും കോൺഗ്രസിൽ തോമസിന് കരുത്തായി എന്നായിരുന്നു റിപ്പോർട്ടുകൾ. ചില രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെട്ട വിഭവമായാണ് തിരുത. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും സമൃദ്ധമായി കണ്ടുവരുന്ന തിരുത ഓരുജലത്തിൽ വളർത്താൻ ഏറെ അനുയോജ്യമായ മത്സ്യമാണ് .

വേഗത്തിലുള്ള വളർച്ച, മറ്റു മത്സ്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാനുള്ള കഴിവ്, മാംസത്തിന്റെ രുചി, ഉയർന്ന കമ്പോളവില എന്നിവയാണ് തിരുതയുടെ പ്രശസ്തിക്കു കാരണം. ഈ പ്രശസ്തി തോമസിനും ഗുണകരമായി എന്നാൽ കോൺഗ്രസിലുള്ള പലരും വിശ്വസിക്കുന്നത്. റോമിലെ ബന്ധവും സോണിയയുമായി അടുപ്പം സ്ഥാപിക്കാൻ കരുത്തായി മാറി. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പലരും തോമസിന് എതിരായിരുന്നു. പക്ഷേ സോണിയയുടെ കരുത്തിലാണ് കേന്ദ്ര മന്ത്രിയായി പോലും തോമസ് എത്തിയത്. സോണിയയുടെ അതിവിശ്വസ്തനാണ് കോൺഗ്രസിൽ നിന്നും തൃക്കാക്കര തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തേക്ക് പോകുന്നത്.

കെവി തോമസിന്റെ അടുത്ത ബന്ധു കന്യാസ്ത്രീയാണ്. ഇവർ റോമിലാണ് പ്രവർത്തിക്കുന്നത്. നേഴ്സായ ഈ ബന്ധുവാണ് സോണിയയുടെ അമ്മയെ പരിചരിച്ചിരുന്നത്. അമ്മയെ കെവി തോമസിന്റെ ബന്ധു നന്നായി പരിചരിക്കുന്നുവെന്ന അഭിപ്രായം സോണിയയ്ക്കുണ്ടായിരുന്നു. ഇതും തോമസിന്റെ വളർച്ചയ്ക്ക് കാരണമായെന്നാണ് സംസ്ഥാന കോൺഗ്രസിലെ വലിയൊരു വിഭാഗം കരുതുന്നത്. എന്നാൽ കോൺഗ്രസിലെ അധികാരം രാഹുലിലേക്ക് എത്തിയപ്പോൾ കഥമാറി. തോമസിന്റെ പ്രസക്തിയും നഷ്ടമായി. ഇതാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസ് വേദിയിലേക്ക് തോമസിനെ എത്തിച്ചത്. തൃക്കാക്കരയിലും പിണറായിയുടെ വികസന രാഷ്ട്രീയത്തിനൊപ്പം നിന്നു. പക്ഷേ ജനം കൈവിട്ടു.

ഒരു കാലത്ത് സോണിയയ്ക്ക് കേരളത്തിൽ രണ്ട് അതിവിശ്വസ്തരാണ് ഉണ്ടായിരുന്നത്. ടോം വടക്കനും കെവി തോമസും. രാഹുലിന്റെ ഭരണമെത്തിയതോടെ ടോം വടക്കൻ പാർട്ടിയിൽ ഒറ്റപ്പെട്ടു. ബിജെപിയിലേക്ക് പോവുകയും ചെയ്തു. ഗാന്ധി കുടുംബവുമായി കെവി തോമസിന്റെ സ്‌നേഹവും ഭക്തിയുമൊക്കെ അതിന്റെ പാരമ്യത്തിലെത്തിയത് സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ ആയതോടുകൂടിയാണ്. സോണിയയ്ക്ക് പകരം രാഹുൽ എത്തിയതോടെ തോമസ് ചാഞ്ചാട്ടം തുടങ്ങി.

കൊച്ചിയിൽ കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ മാനേജ്‌മെന്റ് സമ്മേളനത്തിന്റെ സമാപന ചടങ്ങിലാണ് തോമസ് എല്ലാം മറന്നു മോദി സ്തുതി ചൊരിഞ്ഞു. സ്വന്തം തീരുമാനങ്ങളെയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന മികച്ച ഭരണാധികാരിയാണ് മോദിയെന്നും സ്വന്തം പാർട്ടിയായ കോൺഗ്രസിന്റെ നേതാക്കളെക്കാൾ താൻ കൂടുതൽ കംഫർട്ടബിൾ ആകുന്നതു മോദിയുമായി ആശയ വിനിമയം നടത്തുമ്പോഴാണെന്നും തോമസ് പറഞ്ഞിരുന്നു. ഇത് അവസരമാക്കി ചിലർ സോണിയയിൽ നിന്ന് തോമസിനെ അകറ്റിയത്. അത് പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കലാകുകയായിരുന്നു.

തൃക്കാക്കരയിൽ ഉമാ തോമസിനെ തോൽപ്പിച്ച് രാഷ്ട്രീയ പ്രതികാരം വീട്ടുകയായിരുന്നു കെവി തോമസിന്റെ ലക്ഷ്യം. അതാണ് തകരുന്നത്. രാഷ്ട്രീയ കേരളം ആവേശത്തോടെ കാത്തിരുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ വലിയ മുന്നേറ്റം തോമസിനുള്ള തിരിച്ചടിയാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതൽ ഓരോ ഘട്ടത്തിലും ലീഡ് ഉയർത്തിക്കൊണ്ടുള്ള ഉമാ തോമസിന്റെ കുതിപ്പ് യുഡിഎഫ് പ്രതീക്ഷകളേപ്പോലും മറികടന്നുകൊണ്ടായിരുന്നു..