തിരുവനന്തപുരം: പ്രായത്തിന്റെ പേരിൽ തനിക്ക് അവസരങ്ങൾ നിഷേധിക്കുന്നത് വിവേചനമാണെന്ന് കോൺ​ഗ്രസ് നേതാവ് കെ വി തോമസ്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിലർക്ക് താൽപര്യമുണ്ടെങ്കിൽ എത്ര പ്രായമായാലും മത്സരിക്കാവുന്ന സ്ഥിതിയാണ് കോൺ​ഗ്രസിലെന്നും കെ.വി തോമസ് ആരോപിക്കുന്നു. ഇല്ലാത്ത കാര്യത്തിന് താൻ കോൺഗ്രസ് പ്രവർത്തകരുടെ സൈബർ ആക്രമണത്തിന് ഇരയായെന്നും സോണിയാ ഗാന്ധിക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സിപിഎമ്മുമായി ചർച്ച നടത്തിയെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും കെ.വി തോമസ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.വി തോമസ് വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തന്നെ അധിക്ഷേപിച്ചു. സീറ്റ് നിഷേധിക്കാൻ നേരത്തെ തീരുമാനിച്ചിട്ടും തന്നെ മാത്രം അറിയിച്ചില്ല. അത് വലിയ ആഘാതമായെന്നും കെ.വി തോമസ് പറഞ്ഞു. ഗ്രൂപ്പില്ലാത്ത നേതാക്കളെ പ്രാദേശിക യോഗത്തിന് പോലും വിളിക്കില്ലെന്നും കെ.വി തോമസ് ആരോപിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ കെ.വി തോമസ് കോൺഗ്രസ് വിടുമെന്ന് പ്രചരിപ്പിച്ചിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യം പ്രഖ്യാപിക്കുമെന്ന് പറഞ്ഞതിന്റെ തലേദിവസം പത്രസമ്മേളനം മാറ്റിവെക്കുകയായിരുന്നു. കോൺഗ്രസ് വിട്ടാൽ സ്വീകരിക്കുമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ മുതിർന്ന നേതാവ് എം.എം ലോറൻസ് രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടാണ് കെ.വി തോമസിനെ പിൻതിരിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ട്. തനിക്കെതിരെ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് കെ.വി തോമസ് ഹൈക്കമാർഡിനെ അറിയിച്ചിരുന്നു.