തിരുവനന്തപുരം: തന്റെ പാർട്ടിയിൽ വിശ്വാസം ഉണ്ടെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ് . തിരുവനന്തപുരത്ത് കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി ഹൈക്കമാൻറ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു കെവി തോമസിന്റെ പ്രതികരണം. പരാതികൾ ഉണ്ടെന്നും അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി പരിഹാര ഫോർമുലയൊന്നും മുന്നോട്ട് വച്ചിട്ടില്ലെന്നും കെവി തോമസ് പറഞ്ഞു. താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റോ പാർട്ടിയിൽ സ്ഥാനമോ ചേദിച്ചിട്ടില്ല. പാർട്ടിയിൽ പ്രവർത്തിക്കുന്ന ആളാണ്. തനിക്കുള്ള പരാതികൾ പാർട്ടിയിലാണ് ഉന്നയിച്ചിരിക്കുന്നതെന്നും കെ.വി.തോമസ് പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചത് മുതൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിന്ന കെ.വി. തോമസ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. തിരുവനന്തപുരത്ത് കേന്ദ്രനേതാക്കളെ കാണാനാണ് നിർദ്ദേശം. സഹപ്രവർത്തകരിൽനിന്ന് അധിക്ഷേപം നേരിടേണ്ടി വന്നത് വേദനയുണ്ടാക്കി. പാർട്ടിയോട് പദവി ചോദിക്കുകയോ പാർട്ടി വാഗ്ദാനം നൽകുകയോ ചെയ്തിട്ടില്ല. ഇടതു മുന്നണിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ മാധ്യമസൃഷ്ടിയാണെന്നും കെവി. തോമസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

സിപിഎം ജില്ലാ നേതൃത്വം കെ.വി.തോമസിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇന്ന് കൊച്ചിയിൽ നടത്താനിരുന്ന വാർത്താ സമ്മേളനം ഒഴിവാക്കിയാണ് കെ.വി.തോമസ് തിരുവനന്തപുരത്ത് എത്തിയത്. കെപിസിസി വർക്കിങ് പ്രസിഡന്റ്, യുഡിഎഫ് കൺവീനർ, എഐസിസി ജനറൽ സെകട്ടറി ഇതിലേതെങ്കിലും പദവിയായിരുന്നു മുമ്പുള്ള ആവശ്യം. ഏതായാലും കെവി തോമസിന് സ്ഥാനമാനങ്ങൾ നൽകി അനുനയിപ്പിക്കാനുള്ള ശ്രമം ഉണ്ടാകും. സോണിയാ ഗാന്ധി നേരിട്ട് കെവി തോമസിനെ വിളിച്ചിരുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും കെ വി തോമസുമായി ആശയവിനിമയം നടത്തിയിരുന്നു.

ഇന്ന് പതിനൊന്ന് മണിക്ക് വാർത്താ സമ്മേളനമെന്ന നിലപാടിൽ മലക്കം മറി‍ഞ്ഞാണ് കെവി തോമസ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്. മാഡം പറഞ്ഞാൽ മറിച്ചൊന്നും പറയാറില്ലെന്ന നിലപാട് പരസ്യമായി പറഞ്ഞാണ് കെവി തോമസ് നിലപാട് മാറ്റിയത്.