മുതലാളിമാർ പലവിധം ഉണ്ട്. അവരുടെ പണത്തിന്റെ ഹുങ്കും അധികാര സ്ഥാനവുമായുള്ള അവരുടെ ബന്ധത്തിന്റെ ഹങ്കും വ്യക്തമായി പ്രകടിപ്പിക്കുന്നവരാണ് ചെറിയ ഒരു പക്ഷം. മഹാഭൂരിപക്ഷം പേരും ലാളിത്യമുള്ളവരും എളിമയുള്ളവരുമാണ്. അത്തരക്കാർ അവരുടെ ജീവനക്കാർക്ക് അവരുടെ അധ്വാനത്തിന്റെ ഫലം കൃത്യമായി നൽകുകയും അവരുടെ ജീവനക്കാർ സന്തുഷ്ടരാകണമെന്ന് വാശിപിടിക്കുകയും ചെയ്യുന്നവരാണ്. ഇതിന് ഉദാഹരണമാണ് ആപ്പിളും ഗൂഗിളും ഒക്കെ.

എന്നാൽ നമ്മുടെ നാട്ടിലെ തൊഴിലുടമകളിൽ പലരും മാടമ്പികളെ പോലെയാണ് പെരുമാറുന്നത്. അവരുടെ ഔദാര്യം കൈപ്പറ്റുന്ന അവരുട ആആനുകൂല്യം കൈപ്പറ്റുന്ന ദാസന്മാരും അടിമകളുമാണ് ജീവനക്കാർ എന്ന് കരുതുന്നവരാണ് ഇവരിൽ പലരും. അത്തരത്തിലൊരാളാണ് കെവി എം ആശുപത്രി മുതലാളി ഡോക്ടർ ഹരിദാസ്. കഴിഞ്ഞ എട്ടു മാസമായി ഈ ആശുപത്രിയിലെ 110 നഴ്‌സുമാരിൽ 100 നഴ്‌സുമാരും സമരത്തിലാണ്. അവരുടെ ആവശ്യം ന്യായമാണ്. സർക്കാർ നടപ്പിലാക്കിയിരിക്കുന്ന മിനിമം വേജ് ലഭിക്കണം. ഈഎസ്‌ഐ അടക്കമുള്ള ആനുകൂല്യം ലഭിക്കണം.

ഈ രാജ്യത്ത് നിലവിലുള്ള നിയമം അനുസരിച്ചുള്ള ഷിഫ്റ്റ് നൽകണം. എന്നാൽ കെവി എം ആശുപത്രി മുതലാളി ആശുപത്രി നടന്നില്ലെങ്കിലും ശരി ജീവനക്കാർക്ക് ആനുകൂല്യം നൽകില്ല എന്ന ഒറ്റ വാശിയിലാണ്. എന്നു മാത്രമല്ല ഈ 110 ജീവനക്കാരെയും പിരിച്ചു വിട്ടിരിക്കുന്നു. ആരു പറഞ്ഞാലും ഇനി ഇവരെ തിരിച്ചു എടുക്കില്ലെ എന്ന് പറയുന്നു. ജീവനക്കാരില്ലാത്തതു കൊണ്ട് ആശുപത്രി നടത്തിക്കൊണ്ടു പോകാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ അടച്ചിടാനും ഈ മുതലാളി മടിച്ചില്ല. എന്നിട്ടും ഈ മുതലാളിക്ക് മുന്നിൽ കളക്ടറും മന്ത്രിമാരും എല്ലാം പകച്ച് നിൽക്കുകയാണ്.

എട്ടു മാസമായി സമരം നടത്തുന്ന ഈ നഴ്‌സുമാരുടെ കുടുംബം പട്ടിണിയിലാണ്. കേരളം മുഴുവനുള്ള നഴ്‌സുമാരും ഇവരുടെ പിന്നിൽ അണി നിരന്നിട്ടും മുതലാളിക്ക് മാത്രം അനക്കമില്ല. മന്ത്രിമാർ, എംഎൽഎമാർ ജനപ്രതിനിധികൾ ജില്ലാകളക്ടർ തുടങ്ങിയവർ മുതലാളിയുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ സമരം നടത്തിയവരെയൊക്കെ പിരിച്ചു വിട്ടിരിക്കുന്ന ഈ നഴ്‌സുമാരെ ഒരു കാരണവെശാലും തിരിച്ചെടുക്കില്ല എന്ന ഉറച്ച നിലപാടിലാണ് ഈ ആശുപത്രി മുതലാളി.

കളക്ടർ അനുപമ വരെ ചർച്ചയ്ക്ക് വിളിച്ചിട്ടും ഈ മുതലാളി ഒരു വിട്ടു വീഴ്‌ച്ചയ്ക്കും തയ്യാറല്ല. നഴ്‌സുമാരോടും അവരുടെ സംഘടനയോടും ചർച്ച ചെയ്യാൻ പോലും അവർ തയ്യാറല്ല. മന്ത്രി തോമസ് ഐസക്കും കളക്ടർ അനുപമയും വിളിച്ച ചർച്ചയിൽ മേശപ്പുറത്ത് കൈയടിച്ച് ബഹളം വെച്ച് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യൂ എന്ന് പറഞ്ഞ് വെല്ലു വിളിച്ചാണ് അദ്ദേഹം പോയത്. അത്രയ്ക്കും ഹുങ്കുള്ള ഒരു മുതലാളിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ഈ നഴ്‌സുമാരുടെ സമരം വിജയിക്കുമോ എന്ന് തന്നെ ഇപ്പോൾ ആശങ്കയിലാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായികളിലൊരാളായ യൂസഫലിയുടെ മരുമകൻ നടത്തുന്ന ലേക് ഷോർ ആശുപത്രി പോലും പൂട്ടിയിടുമെന്ന് പറഞ്ഞെങ്കിലും പിന്നീട് വിട്ടു വീഴ്‌ച്ചയ്ക്ക് തയ്യാറാവുകയും സമരം വിജയിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഹരിദാസ് മുതലാളിക്ക് മാത്രം ഈ നഴ്‌സുമാർക്ക് ന്യായമായ ശമ്പളം കൊടുക്കാൻ സാധിക്കാത്തത്.

2013ൽ നിലവിൽ ഉണ്ടായിരുന്ന മിനിമം വേജ് വേണമെന്നാണ് നഴ്‌സുമാർ ആവശ്യപ്പെടുന്നത്. 11000 രൂപയാണ് അവർക്കു കൊടുക്കേണ്ടത്. അതുകൊടുക്കാത്തതിന്റെ പേരിൽ ലേബർ കമ്മീഷണർക്ക് പരാതി നൽകിയപ്പോൾ മൂന്നര ക്കോടി ഈ ആശുപത്രിക്ക് പിഴയിട്ടു. ആ പിഴ ഈടാക്കാൻ സർക്കാരിന് സാധിക്കുന്നില്ല. മൂന്നര കോഴി പിഴയിടാനും വേണ്ടി കാരണക്കാരായ നഴ്‌സുമാരെ ആശുപത്രി കോമ്പൗണ്ടിൽ പോലും കയറ്റാൻ പറ്റില്ലെന്നാണ് ഇവർ പറയുന്നത്.

മന്ത്രിമാരും എംഎൽഎമാരും കളക്ടർമാരും പറഞ്ഞിട്ട് എന്തുകൊണ്ടാണ് വഴങ്ങാത്തത്. അതിലൊക്കെ അപ്പുറം അദൃശ്യമായ ഏതൊ ഒരു ശക്തി ഈ ആശുപത്രിയെ നിയന്ത്രിക്കുന്നു. ആ ബലത്തിലാണ് മന്ത്രിമാരെ പോലും ധിക്കരിക്കുന്നത്. ആ ബലത്തിലാണ് ഇത്രയും അഹങ്കാരിയയാ മുതലാളിക്ക് നേരെ നടപടി എടുക്കാൻ മുഖ്യമന്ത്രി പോലും ഭയക്കുന്നത്.

ഒരു ഹൈക്കോടതി ജഡ്ജിയുടെ സ്വന്തമാണ് ഈ ആശുപത്രിയെന്നും കേൾക്കുന്നു. അതുകൊണ്ടാണ് ഈ ആശുപത്രിക്ക് മേൽ നടപടി എടുക്കാൻ മുഖ്യമന്ത്രി പോലും പേടിക്കുന്നത്. ഇത് സർക്കാരിന്റെ പരാജയമാണ്. ഈ ആശുപത്രി മുതലാളിയെ അറസ്റ്റ് ചെയ്യ്ത് ആശുപത്രി അടച്ചു പൂട്ടണം. മൂന്നരക്കോടിയുടെ ഫൈൻ ഈടാക്കണം. അതിനുള്ള ധൈര്യം ജനങ്ങളോടൊപ്പമാണെന്ന് പറയുന്ന സർക്കാർ കാണിക്കേണ്ട സമയം കഴിഞ്ഞു.