തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മിസോറാം ഗവർണർ കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരിച്ചുവിളിക്കുമെന്ന വാർത്ത ഇതിനകം പ്രചരിച്ചുകഴിഞ്ഞു. കുമ്മനത്തെ ഗവർണറായി നിയമിച്ചപ്പോൾ അദ്ദേഹത്തെ പെട്ടെന്ന് സംഘടനാചുമതലകളിൽ നിന്ന് ഒഴിവാക്കുന്നതിനോട് ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിന് എതിർപ്പുണ്ടായിരുന്നു. ഗവർണറായി ചുമതലയേറ്റ ശേഷം ശബരിമല വിഷയം സജീവമായതോടെ, അദ്ദേഹത്തെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടതായി വാർത്തകൾ പരക്കുകയും ചെയ്തു. തമ്മിലടി രൂക്ഷമായ സംസ്ഥാന ബിജെപിയെ ഒത്തിണക്കാനും ശബരിമല വിഷയം കൈകാര്യം ചെയ്യാനും കുമ്മനമാണ് നന്നെന്ന് അഭിപ്രായമുയരുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ സംഘപ്രചാരകൻ എന്ന നിലയിലേക്ക് കുമ്മനം മടങ്ങുന്നതായിരിക്കും ഉചിതമെന്ന അഭിപ്രായം പ്രകടിപ്പിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ കെവി എസ്.ഹരിദാസ്.മിസോറാം തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കു്മ്മനത്തിന് മടങ്ങാനായേക്കുമെന്നാണ് ഹരിദാസ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കുമ്മനം കേരളത്തിലെക്ക് മടങ്ങുകയാണോ?. അങ്ങിനെ ഒരു വാർത്ത നേരത്തെ കേട്ടിരുന്നു. മിസോറാം ഗവർണറായി നിയമിതനായത് മുതൽ ആ മടങ്ങിവരവ് പലരും ആഗ്രഹിച്ചിരുന്നു, പ്രതീക്ഷിച്ചിരുന്നു. സംഘവും അതാണ് ആഗ്രഹിച്ചിരുന്നത് എന്നാണ് കേട്ടതൊക്കെ. എന്നാൽ ഗവർണറായി രാഷ്ട്രപതി നിയമിച്ചു, സ്ഥാനമേൽക്കുകയും ചെയ്തു....... അതുകൊണ്ട് ഉടനെ എങ്ങിനെ എന്നതായിരുന്നു പ്രശ്‌നം എന്നും കേട്ടു . അതിനിടെ മിസോറാമിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി. വോട്ടെടുപ്പ് കഴിഞ്ഞു; വോട്ടെണ്ണൽ 11 ന് നടക്കും. പുതിയ സർക്കാർ രൂപീകരണം കഴിഞ്ഞാൽ ഒരു പക്ഷെ അദ്ദേഹത്തിന് മടങ്ങാനായേക്കും..... സംഘ പ്രചാരകൻ എന്ന നിലയിലേക്ക്. ഇത് അതിന് പറ്റിയ കാലമാണ് താനും. ശബരിമല ക്ഷോഭിച്ചു നിൽക്കുമ്പോൾ 'കുമ്മനം ഉണ്ടായിരുന്നുവെങ്കിൽ' എന്ന് ആഗ്രഹിച്ചിരുന്ന എത്രയോ ലക്ഷങ്ങൾ ഉണ്ട് എന്നത് പറയേണ്ടതില്ലല്ലോ. ഇപ്പോൾ ഓരോ ദിവസവും അങ്ങിനെ ചിന്തിക്കുന്നവരുടെ എണ്ണം കൂടുന്നു എന്നാണ് ചിലർ വിലയിരുത്തുന്നത് എന്നും മനസിലാക്കുന്നു. ഇന്നിപ്പോൾ ഒരു ചാനൽ ആ വാർത്ത സംപ്രേഷണം ചെയ്തിരുന്നു; എന്റെ അഭിപ്രായവും ആരായുകയുണ്ടായി. ' കറുത്ത ഷർട്ടും മുണ്ടും ധരിച്ച്, അയ്യപ്പൻ വിളിച്ചു, ഞാൻവരുന്നു ' എന്ന് പറഞ്ഞുകൊണ്ട് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന, തിരിച്ചെത്തുന്ന, കുമ്മനത്തെ കേരളം പ്രതീക്ഷിക്കുന്നുണ്ട് എന്ന് ഞാൻ പറയുകയും ചെയ്തു. എല്ലാം നല്ലതിനായിരിക്കും. സ്വാമിയേ ശരണം.