കോഴിക്കോട്: കിർഗിസ്ഥാനിൽ നിന്ന് ലഭിച്ച സൈനിക പദവിയെ കുറിച്ച് ഒരു മാധ്യമത്തെയോ വ്യക്തികളേയോ തെറ്റിദ്ധരിപ്പിച്ചില്ലെന്നും വിദേശ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള ആശയ വിനിമയത്തിൽ വന്ന കാല താമസമാണ് തനിക്കെതിരെ തെറ്റിദ്ധാരണ പരത്താൻ ഇടയാക്കിയതെന്നും ശൈഖ് റഫീഖ് മുഹമ്മദ്. കോഴിക്കോട് എരവന്നൂർ സ്വദേശിയും ഗാമൺഗ്രൂപ്പ് ചെയർമാനുമായ ശൈഖ് റഫീഖ് തനിക്കെതിരെയുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഫേസ് ബുക്കിലൂടെ വിശദീകരണവുമായി എത്തുകയായിരുന്നു.

അറബ് പത്രമായ ഖലീജ് ടൈംസാണ് റഫീഖിന്റെ സൈനിക പദവി ആദ്യം വാർത്തയാക്കിയത്.പിന്നാലെ മലയാള മാധ്യമങ്ങളടക്കം ഏറ്റുപിടിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഖലീജ് ടൈംസ് വാർത്ത തിരുത്തുകയും മാപ്പു പറയുകയും ചെയ്തതോടെയാണ് ഷ ശൈഖ് റഫീഖിനെതിരെ ആരോപണങ്ങൾ ഉയർന്നത്. കിർഗിസ്ഥാന്റെ സാമ്പത്തിക പേരോഗതിക്ക് റഫീഖിന്റെ പ്രവർത്തനം വലിയ കരുത്തായതായും ഇതോടെയാണ് അദ്ദേഹത്തെ കിർഗിസ്ഥാർ ഉന്നത പദവി നൽകി ആദരിച്ചതെന്നുമായിരുന്നു വാർത്ത. എന്നാൽ വാർത്ത തെറ്റാണെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് ഗൾഫിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസിന്റെ അധികൃതർക്ക് കിർഗിസ്ഥാന്റെ യു എ ഇ അംബാസിഡർ ചിംഗിസ് എഷിംബക്കേവ് കത്ത് നൽകുകയായിരുന്നു. ഇതനുസരിച്ച് വാർത്ത തിരുത്തി ഖലീജ് ടൈംസ് മാപ്പ് പറഞ്ഞ് രംഗത്തെത്തി.

എന്നാൽ ഇതിനു പിന്നാലെ ശൈഖ് റഫീഖ് വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. റഷ്യൻ നിയന്ത്രണത്തിലുള്ള പ്രതിരോധ മന്ത്രാലയമാണ് തനിക്ക് സൈനിക പദവി നൽകിയതെന്ന് റഫീഖ് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. രണ്ട് മന്ത്രാലയങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിൽ വന്ന കാലതാമസം കൊണ്ടാണ് വിദേശമന്ത്രാലയത്തിനു കീഴിൽ വരുന്ന എംബസി കത്ത് ഖലീജ് ടൈംസിന് കൈമാറിയത്. റഷ്യൻ ചാനലിൽ വന്ന ചടങ്ങിന്റെ വീഡിയോ മുമ്പ് പോസ്റ്റ് ചെയ്തിരുന്നതായും താൻ കളവാണെങ്കിൽ വീഡിയോയിലെ കിർഗിസ്ഥാൻ ഉന്നത ഉദ്യോഗസ്ഥരെല്ലാം കളവായിരുന്നോ എന്നാണ് റഫീഖ് കുറിപ്പിലൂടെ ചോദിക്കുന്നത്.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരണം തേടി ശൈഖ് റഫീഖിനെ മറുനാടൻ മലയാളി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഫേസ്‌ബുക്കിൽ കുറിച്ച കാര്യങ്ങൾ റഫീഖിന്റെ അടുത്ത വൃത്തവും ആവർത്തിക്കുകയും പത്ത് ദിവസത്തിനകം കിർഗിസ്ഥാനിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തി യു എ ഇയിൽ ഇതു സംബന്ധിച്ച് പ്രസ്സ് കോൺഫറൻസ് നടത്തുമെന്നും അറിയിച്ചു. ശൈഖ് റഫീഖിനെതിരെ ഇപ്പോൾ നടക്കുന്ന പ്രചാരണം തെറ്റാണെന്നും സൈനിക പദവി നൽകി കൊണ്ടുള്ള ഉത്തരവ് അടങ്ങിയ റഷ്യൻ ഭാഷയിലുള്ള സാക്ഷ്യപത്രം ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് പുറത്തിറക്കുമെന്നും ശൈഖ് റഫീഖുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ത്തറിയിച്ചു.

ഫേസ്‌ബുക്കിൽ കുറിച്ച ശൈഖ് റഫീഖിന്റെ വിശദീകരണത്തിന്റെ പൂർണ രൂപം ഇങ്ങനെ:

' എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളെ, കഴിഞ്ഞ രണ്ട് ദിവസമായി കിർഗിസ്ഥാനിലെ എന്റെ സൈനിക പദവിയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന മോശമായ പ്രചരണങ്ങൾ നടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഒരു പ്രതികരണം നിർബന്ധമായി വന്നത്. കിർഗിസ്ഥാനിൽ നിന്ന് ലഭിച്ച സൈനിക പദവിയെ കുറിച്ച് ഒരു മാധ്യമത്തെയോ വ്യക്തികളെയോ തെറ്റിദ്ധരിപ്പിക്കുന്ന പരാമർശം എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതിന്റെ ആവശ്യവുമില്ല. പതിറ്റാണ്ടുകളോളം സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്ന കിർഗിസ്ഥാൻ സ്വതന്ത്ര രാജ്യമായെങ്കിലും പ്രതിരോധ മന്ത്രാലയത്തിന്റെയും സൈന്യത്തിന്റെയും പരോക്ഷ നിയന്ത്രണം ഇപ്പോഴും റഷ്യക്ക് തന്നെ ആണ് ,എനിക്ക് സൈനിക പദവി നൽകിയത് പ്രതിരോധ മന്ത്രാലയമാണ്.

വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും തമ്മിൽ ആശയ വിനിമയത്തിൽ വന്ന കാലതാമസമാണ് ഇത്തരത്തിൽ ഒരു തെറ്റിദ്ധാരണ പരത്തിയത്. അതു കൊണ്ട് തന്നെയാണ് വിദേശമന്ത്രാലയത്തിന്റെ കീഴിൽ വരുന്ന എംബസി ഇത്തരത്തിൽ ഒരു കത്ത് ഒരു മാധ്യമത്തിന് നൽകിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇത് ഉടനെ പരിഹരിക്കപ്പെടും .സൈനിക പദവി ലഭിച്ചതിനു ശേഷം തൽസമയം ഞാൻ എന്റെ ഫേസ്‌ബുക്ക് സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നു ,റഷ്യൻ ചാനലിൽ വന്ന സൈനിക പദവി സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങിന്റെ വീഡിയോ ഞാൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഞാൻ കളവാണെങ്കിൽ ആ വീഡിയോയിൽ കാണുന്ന കിർഗിസ്ഥാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരും കളവാണോ?

ലളിതമായ ഈ ഒരു ചോദ്യം മാത്രമാണ് എനിക്കെതിരെ പ്രചാരണം നടത്തുന്നവരോട് ചോദിക്കാൻ ഉള്ളത് അതുപോലെ കിർഗിസ്ഥാൻ പ്രതിരോധ മന്ത്രാലയം സൈനിക പദവിയുമായി ബന്ധപ്പെട്ടു നൽകിയ ഒദ്യോഗിക മുദ്രയോട് കൂടിയ തരിച്ചറിയൽ കാർഡുകളും ഞാൻ പൊതു സമൂഹത്തിനു മുൻപിൽ പ്രദർശിപ്പിച്ചതാണ്. ഇതിനു മറുപടി പറയാനുള്ള ആർജ്ജവം ദുഷ്പ്രചാരണം നടത്തുന്ന തൽപരകക്ഷികളും എംബസിയും കാണിക്കണം. എക്കാലത്തും എന്നെ പ്രോത്സാഹിപ്പിക്കുകയും സ്‌നേഹിക്കുകയും ചെയ്തിട്ടുള്ള എന്റെ മാധ്യമ സുഹ്യത്തുക്കൾക്ക് കൂടി ഈ പ്രചാരണങ്ങൾ മൂലം പ്രയാസം അനുഭവിക്കേണ്ടി വന്നതിൽ ഖേദമുണ്ട് '.