മനാമ: ഇനി ഡ്രൈവിങ് പഠനത്തെക്കുറിച്ച് ഓർത്ത് വലിയ ടെൻഷൻ അടിക്കേണ്ട. ഡ്രൈവിങ് പഠനത്തിൽ ചിലർക്ക് ഗിയർ എന്നത് കീറാമുട്ടിയാകും. എന്നാൽ ഇനി ബഹ്‌റിനിൽ ഉള്ള വിദേശികൾക്ക് ഗിയറിനെക്കുറിച്ചോർത്ത് ടെൻഷൻ വേണ്ട. ഓട്ടോമാറ്റിക് ഗിയറുള്ള വാഹനങ്ങൾ ഡ്രൈവിങ് പരിശീലനത്തിനും ടെസ്റ്റിനും ഉപയോഗിക്കാൻ ട്രാഫിക് ഡയറക്ടറേറ്റ് അനുമതി നൽകിയതോടെയാണ് മലയാളികൾ ഉൾപ്പെട്ട വിദേശികൾക്ക് ആശ്വാസമാകുന്നത്. അടുത്ത വർഷം ഫെബ്രുവരി ഏഴിൽ ഇതിന് തുടക്കമാവുമെന്ന് ട്രാഫിക് ഡയറക്ടർ ശൈഖ് നാസിർ ബിൻ അബ്ദുറഹ്മാൻ ആൽഖലീഫ വ്യക്താക്കി.

പുതിയ ട്രാഫിക് നിയമം നടപ്പാക്കിത്തുടങ്ങുന്ന ദിവസം തന്നെയാണ് ഓട്ടോമാറ്റിക് ഗിയറുള്ള വാഹനങ്ങളുപയോഗിച്ച് ഡ്രൈവിങ് പഠിപ്പിക്കുന്നതിനും ടെസ്റ്റ് നടത്തുന്നതിനുമുള്ള അനുമതി നടപ്പാക്കിത്തുടങ്ങുക. ജനങ്ങളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് പ്രസ്തുത തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. നിലവിൽ ഡ്രൈവിങ് ടെസ്റ്റും പരിശീലനവും നടത്തുന്നത് ഗിയറുള്ള വാഹനങ്ങളുപയോഗിച്ചാണ്.