- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഴ്സയും പുറത്ത്; ലാ ലിഗ കിരീടപ്പോരിൽ ഇനിയുള്ള മത്സരം മാഡ്രിഡ് ടീമുകൾ തമ്മിൽ; 83 പോയിന്റുമായി അത്ലറ്റികോ ലീഗിൽ ഒന്നാം സ്ഥാനത്ത്
ബാഴ്സലോണ: ലാ ലിഗ കിരീടപ്പോരത്തിൽ നിന്ന് ബാഴ്സലോണ പുറത്ത്. ഇന്നലെ സെൽറ്റ് വിഗോയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റതോടെയാണ് ബാഴ്സയുടെ പ്രതീക്ഷകൾ അവസാനിച്ചത്. അതേസമയം മാഡ്രിഡ് ടീമുകൾ മത്സരം കടുപ്പിച്ചു. റയലും അത്ലറ്റികോയും ജയിച്ചതോടെ കിരീടപ്പോര് അവസാന ലാപ്പിലേക്ക് കടന്നു.
ഒരു റൗണ്ട് മത്സരം മാത്രമാണ് ബാക്കിയുള്ളത്. 37 മത്സരങ്ങൾ പൂർത്തിയാക്കിയ അത്ലറ്റികോ 83 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇത്രയും തന്നെ മത്സരങ്ങൾ കളിച്ച റയലിന് 81 പോയിന്റാണുള്ളത്. ബാഴ്സ 76 പോയിന്റോടെ മൂന്നാമതാണ്.
ഒസാസുനയ്ക്കെതിരെ തോൽവിയുടെ വക്കിൽ നിന്നാണ് അത്ലറ്റികോ തിരിച്ചടിച്ചത്. 75-ാം മിനിറ്റിൽ അന്റേ ബുദിമറിന്റെ ഗോളിൽ ഒസാസുന മുന്നിലെത്തി. എന്നാൽ 82-ാം മിനിറ്റിൽ റെനാൻ ലോഡിയുടെ ഗോളിൽ സിമിയോണിയും സംഘവും ഒപ്പെത്തി. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയെങ്കിലും ലൂയിസ് സുവാസ് വിജയഗോൾ നേടി.
അത്ലറ്റിക് ക്ലബിനെ എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ തോൽപ്പിച്ചത്. 68-ാം മിനിറ്റിൽ നാച്ചോയുടെ വകയായിരുന്നു ഗോൾ. സെൽറ്റക്കെതിരെ ലീഡെടുത്ത ശേഷമാണ് ബാഴ്സലോണ തോൽവി വഴങ്ങിയത്. 28-ാം മിനിറ്റിൽ ലിയോണൽ മെസിയുടെ ഗോളിൽ ബാഴ്സ മുന്നിലെത്തി. എന്നാൽ സാന്റി മിന 38, 89 മിനിറ്റുകളിൽ നേടിയ ഗോൾ ബാഴ്സയുടെ പ്രതീക്ഷ കെടുത്തി.
റയലിന് കിരീടം നേടാൻ ഒരു സാധ്യതയാണ് ഇനിയുള്ളത്. വയ്യഡോളിഡിനെതിരായ അടുത്ത മത്സരത്തിൽ അത്ലറ്റികോ സമനില ആവുകയോ തോൽക്കുകയോ ചെയ്യണം. അതോടൊപ്പം റയൽ അടുത്ത മത്സരത്തിൽ വിയ്യറയലിനെ തോൽപ്പിക്കുകയും വേണം. ഇരു ടീമുകൾക്കും 84 പോയിന്റ് വീതമായാൽ റയൽ കിരീടം നേടും. ലീഗിൽ ഇരുവരും നേർക്കുനേർ വന്നപ്പോൽ റയലിനായിരുന്നു മുൻതൂക്കം.
സ്പോർട്സ് ഡെസ്ക്