മാഡ്രിഡ്: ലാ ലിഗ കിരീടം അത്ലറ്റികോ മാഡ്രിഡിന്. ലീഗിലെ അവസാന മത്സരത്തിൽ വയാഡോളിഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് അത്ലറ്റികോ കിരീടം നേടിയത്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന റയൽ മാഡ്രിഡിന് വിയ്യാറയലിനെതിരെ ജയിച്ചെങ്കിലും അത്ലറ്റികോയും ജയിച്ചതോടെ രണ്ടാം സ്ഥാനത്തായി.

വിയ്യാറയലിനെതിരെ ജയിക്കുകയും അത്ലറ്റികോ ജയിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ മാത്രമെ റയലിന് കിരീടം നേടാൻ സാധിക്കുമായിരുന്നുള്ളു. 38 മത്സരങ്ങളിൽ നിന്ന് 86 പോയിന്റാണ് അത്ലറ്റികോയ്ക്ക്. റയലിന് 84 പോയിന്റും. 79 പോയിന്റുള്ള ബാഴ്സലോണയാണ് മൂന്നാം സ്ഥാനത്ത്. അത്ലറ്റികോയുടെ 11-ാം ലാ ലിഗ കിരീടമാണിത്. 2014ലാണ് അവസാനം ലാ ലിഗ ഉയർത്തിയത്.

ആദ്യ പകുതി അവസാനിക്കുമ്പോൾ പിന്നിലായിരുന്നു അത്ലറ്റികോ. 18ാം മിനിറ്റിൽ ഓസ്‌കാർ പ്ലാനോയിലൂടെ വയ്യാഡോളിഡ് മുന്നിലെത്തി. രണ്ടാം പകുതിയിൽ അത്ലറ്റികോ സർവ ശക്തിയും വീണ്ടെടുത്ത സിമിയോണിയുടെ സംഘം രണ്ട് ഗോളുകൾ തിരിച്ചടിച്ചു. എയ്ഞ്ചൽ കൊറിയ, ലൂയിസ് സുവാരസ് എന്നിവരായിരുന്നു ഗോൾ സ്‌കോറർമാർ. 57, 67 മിനിറ്റുകളിലായിരുന്നു ഗോളുകൾ.

വിയ്യറയലിനെതിരെ റയൽ ആദ്യ പകുതിയിൽ പിന്നിലായി. 20-ാം മിനിറ്റിൽ യരേമി പിനോ റയലിനെ ഞെട്ടിച്ചു. എന്നാൽ മത്സരം അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രമുള്ളപ്പോൾ കരീം ബെൻസേമ റയലിനെ ഒപ്പമെത്തിച്ചു. ഇഞ്ചുറി സമയത്ത് ലൂക്ക മോഡ്രിച്ചും ഗോൾ നേടിയതോടെ ജയം റയലിനൊപ്പമായി. എന്നാൽ കാര്യമുണ്ടായില്ലെന്ന് മാത്രം.

നേരത്തെ കിരീടസാധ്യകൾ അവസാനിച്ചിരുന്ന ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിന് ഐബറിനെ തോൽപ്പിച്ചു. മെസിയില്ലാതെ ഇറങ്ങിയ ബാഴ്സയ്ക്ക് വേണ്ടി അന്റോയ്ൻ ഗ്രീസ്മാനാണ് ഗോൾ നേടിയത്.