ദോഹ: പ്രവാസികളുടെ പ്രതീക്ഷകൾക്ക് വീണ്ടും ഉണർവേകി ഖത്തറിൽ സ്‌പോൺസർ ഷിപ്പ് (കഫാല) സംവിധാനം ഈ വർഷം അവസാനത്തോടെ നിർത്തലാക്കാനാകുമെന്ന് തൊഴിൽ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. നിലവിലെ കഫാല നിയമത്തിന് കീഴിൽ വിദേശി തൊഴിലാളികളുടെ ജോലി മാറ്റത്തിനോ അവർക്ക് രാജ്യത്തുനിന്നും പുറത്തുപോകുന്നതിനോ സാധിക്കില്ല. കഫാല മാറ്റുന്നതോടെ ഖത്തറിലെ തൊഴിൽ മേഖലയിൽ വലിയൊരു മാറ്റത്തിന് തിരികൊളുത്തുകയായിരിക്കും.

വരുന്ന ഏഴ് മാസങ്ങൾക്കുള്ളിൽ ഈ സംവിധാനം 90 ശതമാനത്തോളം നീക്കം ചെയ്യാനാകുമെന്ന് തൊഴിൽ , സാമൂഹിക കാര്യ മന്ത്രി ഡോ. അബ്ദുള്ള ബിൻ സലേഹ് അൽ ഖുലൈഫി പറഞ്ഞു. സാമ്പത്തിക മേഖലയ്ക്ക് വലിയ നേട്ടമുണ്ടാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്.

തൊഴിൽ ഉടമ്പടികളിലും ചെറിയ മാറ്റങ്ങൾ വരുത്തിയായിരിക്കും കഫാല സംവിധാനം എടുത്തുമാറ്റുക. ഈ ഉടമ്പടി കൂടിയത്അഞ്ച് വർഷത്തേക്കെങ്കിലും വേണ്ടിയുള്ളതായിരിക്കും. 72 മണിക്കൂർ മുമ്പ് നോട്ടീസ് നൽകിയതിന് ശേഷം മാത്രമേ തൊഴിലാളികളെ പിരിച്ചുവിടാൻ സാധിക്കൂ എന്നും ഉടമ്പടിയിൽ ഉണ്ടായിരിക്കും.

ആയിരക്കണക്കിന് വരുന്ന പ്രവാസി തൊളിലാളികൾക്കായി ഈ വർഷം ഓഗസ്‌റ്റോടെ ഇലക്ട്രോണിക് പേയ്‌മെന്റ് സിസ്റ്റവും ഖത്തർ ആരംഭിക്കാനിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഇത് നിലവിൽ വരുന്നതോടെ എല്ലാ മാസവും തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം ലഭിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.